മരിച്ചത് 364 പേർ; ബോയിങ്ങിന് തെറ്റി; പൈലറ്റുമാരുടെ മഹാ പിഴവ്; ഞെട്ടിച്ച് റിപ്പോർട്ട്

ethiopia-crash-25-03
SHARE

അമേരിക്കൻ വിമാനക്കമ്പനിയായ ബോയിങ്ങിന്റെ രണ്ട് 737 മാക്സ് വിമാനങ്ങളാണ് കഴിഞ്ഞ അഞ്ചുമാസത്തിനിടെ അപകടത്തിൽപ്പെട്ടത്. രണ്ട് അപകടങ്ങളിലുമായി 346 പേർ ആണ് മരിച്ചത്. അപകടങ്ങളുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പൈലറ്റുമാർ വിമാനം ഫ്ലൈറ്റ് സിമുലേറ്റർ ഉപയോഗിച്ച് പഠിച്ചിരുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകള്‍. 

ഐപാഡിലാണ് പൈലറ്റുമാര്‍ ഇത് പഠിച്ചത്. അമേരിക്കയിലെ പല പൈലറ്റുമാർക്കും 737 മാക്സിന്റെ പുതിയ പല ഫീച്ചറുകളും ഉപയോഗിക്കാൻ അറിയില്ലെന്നും പറയുന്നു. 

അമേരിക്കയിലെ സൗത്‌വെസ്റ്റ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയിലെ പൈലറ്റ് യൂണിയനുകളില്‍ പെട്ട പലരും മാക്‌സ് മോഡലുകളുടെ സിമുലേറ്ററുകള്‍ എത്തിച്ചുകൊടുക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. എന്നാല്‍, ബോയിങും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും ബോയിങ് വിമാനം പറപ്പിച്ചിട്ടുള്ളവര്‍ക്ക് അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് വിവരം. 737 മാക്‌സിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു തൊട്ടു മുൻപാണ് അതിന്റെ സിമുലേറ്റര്‍ പുറത്തിറങ്ങിയതെന്ന് പറയുന്നു. ഒരു സിമുലേറ്റര്‍ ഉണ്ടാക്കാനുള്ള ഡേറ്റ, വിമാനം സർവീസിനിറക്കുന്ന സമയത്താണ് ലഭ്യമാക്കുന്നത്.

ന്യൂ യോര്‍ക്ക് ടൈംസ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ഒരു സംഘം പൈലറ്റുമാര്‍ പുതിയ മോഡല്‍ പറപ്പിച്ചു നോക്കാതെ 13-പേജുള്ള ഒരു ഗൈഡ് പുറത്തിറക്കുകയായിരുന്നു. ഇതില്‍ 737 മാക്‌സും അതിന്റെ മുന്‍ഗാമിയുമായുള്ള ഒരു താരതമ്യമാണ് ഉള്‍ക്കള്ളിച്ചിരുന്നത്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഐപാഡ് കോഴ്‌സും ഒപ്പം ലഭ്യമാക്കിയിരുന്നു. എന്നാല്‍ ഇതിലൊന്നും പുതിയ ആന്റി-സ്റ്റാള്‍ (anti-stall) സോഫ്റ്റ്‌വെയറിനെക്കുറിച്ച് ഒരു പരാമര്‍ശവും ഉണ്ടായിരുന്നില്ലെന്നും കാണാം. ഇതേ കേന്ദ്രീകരിച്ചാണ് ഇത്യോപ്യയിലും ഇന്തൊനീഷ്യയിലും ഉണ്ടായ അപകടങ്ങളെക്കുറിച്ചുള്ള അന്വേഷണം മുന്നേറുന്നത്.

ലയണ്‍ എയര്‍ വിമാനം തകര്‍ന്നപ്പോള്‍ കമ്പനി പറഞ്ഞത് സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എല്ലാം ശരിയാക്കി തരാമെന്നാണ്. എന്നാല്‍ പിന്നീട് അവര്‍ എത്തിച്ചേര്‍ന്ന നിഗമനം പ്രകാരം പൈലറ്റുമാര്‍ക്ക് പ്രത്യേക പരിശീലനമൊന്നും വേണ്ടെന്നു കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇത്യോപ്യന്‍ വിമാനം തകര്‍ന്നു 157 പേര്‍ മരിച്ചതിനു ശേഷം മിക്ക രാജ്യങ്ങളിലും ബോയിങ് മാക്‌സ് വിമാനങ്ങളെല്ലാം നിലത്തിറക്കിയിരിക്കുകയാണ്. വിമാനം തകര്‍ന്നതിന്റെ കാരണം കണ്ടെത്തിയ ശേഷമായിരിക്കും തുടര്‍നടപടികളിലേക്കു കടക്കുക.

തകര്‍ന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സുകള്‍ ഫ്രാന്‍സിലാണ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. തുടക്കത്തിലെ തന്നെ അവര്‍ കണ്ടെത്തിയ കാര്യങ്ങളിലൊന്ന് ഇത്യോപ്യന്‍ വിമാനത്തിന്റെ പതനവും ഇന്തൊനീഷ്യയുടെ ലയണ്‍ എയര്‍ വിമാനത്തിന്റെ അപകടവും തമ്മില്‍ സാമ്യമുണ്ടെന്നാണ്. രണ്ടു വിമാനങ്ങളും പറന്നു പൊങ്ങിയ ഉടനെ തന്നെ തകരുകയായിരുന്നു. വിദഗ്ധര്‍ പറയുന്നത് ഈ രണ്ട് അപകടങ്ങളും സെന്‍സറുകള്‍ തെറ്റായ വിവരം കൈമാറിയതു കൊണ്ടായിരിക്കാമെന്നാണ്.

MORE IN WORLD
SHOW MORE