ഈ പോര്‍വിമാനങ്ങൾ മുഴുവൻ പാക്കിസ്ഥാന്റെയോ? വാദം പൊളിച്ച് റിപ്പോർട്ട്

pakistan-airbase-fake-video
SHARE

2016 മെയ് 27ന് പാകിസ്താൻ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യപ്പെട്ട ഒരു വിഡിയോയിലെ ക്യാപ്ഷൻ ഇങ്ങനെ: 'ഇത് ഫ്രാൻസ് അല്ല, അമേരിക്കയല്ല, റഷ്യയല്ല. മറിച്ച് പാക്കിസ്ഥാൻ വ്യോമസേനയുടെ താവളമാണ്. ഈ വിഡിയോ ഷെയർ ചെയ്യൂ. ശത്രുക്കൾ പേടിച്ച് വിറയ്ക്കട്ടെ'. ഒരു കൂട്ടം യുദ്ധവിമാനങ്ങളുടെ വിഡിയോക്കാണ് ഇത്തരത്തിൽ‌ ക്യാപ്ഷൻ. 

മൂന്നര ദശലക്ഷത്തോളം പേർ കാണുകയും 2,64,500 പേർ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട് ഈ വിഡിയോ. ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്യപ്പെട്ട ഈ വിഡിയോ ഇപ്പോൾ വീണ്ടും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാക്കിസ്ഥാൻ വ്യോമകേന്ദ്രമാണിതെന്നും പാക് പോർവിമാനങ്ങളാണ് വിഡിയോയിലെന്നുമാണ് പ്രചാരണം. എന്താണീ വിഡിയോക്ക് പിന്നിലെ സത്യം? 

ഈ വിഡിയോയെക്കുറിച്ച് രാജ്യാന്തര വാർത്താ ഏജൻസി‌യായ എഫ്ബി നടത്തിയ പഠനത്തിൽ പറയുന്നതിങ്ങനെ: ദക്ഷിണകൊറിയയിലെ കൂൺസൻ വിമാനത്താവളത്തിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. ഇന്‍വിഡ് (InVID) വിഡിയോ വെരിഫിക്കേഷന്‍ ടൂള്‍ ഉപയോഗിച്ച് വിഡിയോയിലെ ചില പ്രധാന ഫ്രെയ്മുകള്‍ റിവേഴ്‌സ് സേര്‍ച്ച് നടത്തിയപ്പോള്‍ മനസ്സിലായത് അവ യുട്യൂബിലെ വെരിഫൈഡ് ചാനലായ എര്‍സോഴ്‌സ്മിലിറ്ററിയില്‍ ('AiirSourceMilitary') ഏപ്രില്‍ 19, 2013ല്‍ പോസ്റ്റു ചെയ്തതാണ് എന്നാണ്. ചാനലിന് 16 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്. വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്-16 വിമാനങ്ങളുടെ വമ്പന്‍ പ്രദർശനമാണിതെന്നാണ്.

രണ്ടു വിഡിയോകളില്‍ നിന്നുമുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ തമ്മിലുള്ള താരതമ്യത്തില്‍ വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയും ജെറ്റ് വിമാനങ്ങളുടെ നിര്‍മാണത്തിലുള്ള സാമ്യവും പിന്നിലുള്ള ഭൂപ്രകൃതിയും എല്ലാം ഒന്നുതന്നെയാണെന്നു മനസ്സിലാകും. പാക്കിസ്ഥാൻ ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്തിരിക്കുന്ന വിഡിയോയില്‍ ഇരുവശത്തും കാണുന്ന കറുത്ത മാസ്‌ക് എന്താണ് പറയുന്നത്. അതു കൂടെ മനസ്സിലായാല്‍ ഈ വിഡിയോയുടെ പൊള്ളത്തരം പൂര്‍ണ്ണമായും ഗ്രഹിക്കാം. ഈ മാസ്‌ക് ചെയ്തിരിക്കുന്ന സ്ഥലത്താണ് എയര്‍സോഴ്‌സ്.കോമിന്റെ ( Aiirsource.com) വാട്ടര്‍മാര്‍ക്ക് ഉള്ളത്.

അമേരിക്കന്‍ സൈന്യം, നാവിക സേന, വ്യോമസേന, കോസ്റ്റ് ഗാര്‍ഡ്‌സ് തുടങ്ങിയവയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പോസ്റ്റു ചെയ്യുന്ന ന്യൂസ് വെബ്‌സൈറ്റിൽ നിന്നാണ് ഈ വിഡിയോയും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. 

സ്റ്റാഫ് സാര്‍ജന്റ് മൈക്കിൾ സ്‌കോക്കര്‍ (SSgt Michael Schocker) ആണ് തങ്ങള്‍ക്കീ വിഡിയോ കൈമാറിയതെന്നും അവര്‍ വെളിപ്പെടുത്തുന്നുണ്ട്. അമേരിക്കന്‍ മിലിറ്ററിയുടെ മീഡിയ സെന്ററായ ഡിഫെന്‍സ് വിഷ്വല്‍ ഇന്‍ഫര്‍മേഷന്‍ ഡിസ്ട്രിബ്യൂഷന്‍ സര്‍വീസില്‍ അദ്ദേഹത്തിന്റെ വിഡിയോ 2012 മുതല്‍ പോസ്റ്റു ചെയ്യുന്നുമുണ്ട്. തന്റെ ഫെയ്‌സ്ബുക് പേജില്‍ താന്‍ കുണ്‍സന്‍ വ്യോമ താവളത്തിലെ മുന്‍ ബ്രോഡ്കാസ്റ്ററാണെന്നും പറയുന്നുണ്ട്. തന്റെ റിട്ടയര്‍മെന്റിന്റെ ചിത്രങ്ങള്‍ അദ്ദേഹം ഫെബ്രുവരി 6, 2019ല്‍ പങ്കുവച്ചിട്ടുണ്ട്. ഗൂഗിള്‍ മാപ്‌സ് വഴി ലഭിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വിഡിയോയില്‍ കാണിച്ചിരിക്കുന്ന ഭൂപ്രകൃതിയുമായി ഒത്തു പോകുന്നു.

MORE IN WORLD
SHOW MORE