ന്യൂസീലന്‍ഡ് പാര്‍ലമെന്‍റില്‍ സലാം ചൊല്ലി ജസീന്ത; ഖുർആൻ വായിച്ച് തുടക്കം: ബാങ്കുവിളിയും

jasintha-20-03-19
SHARE

ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച രണ്ടുമിനിട്ട് പ്രത്യേക പ്രാർഥന നടത്തുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ബാങ്കുവിളി ന്യൂസീലൻഡ് ടിവിയിലൂടെയും റേഡിയോയിലൂടെയും സംപ്രേഷണം ചെയ്യുമെന്നും ജസീന്ത പറഞ്ഞു. 

‌ഖുർആൻ പാരായണത്തോടെയാണ് ന്യൂസീലൻഡ് പാർലമെന്റ് പ്രത്യേക സമ്മേളനം ആരംഭിച്ചത്. സലാം ചൊല്ലിയാണ് ജസീന്ത പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും സമാധാനം ആശംസിച്ച പ്രധാനമന്ത്രി ഇരകളുടെ കുടുബാംഗങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. 

ക്രൈസ്റ്റ്ചർച്ചിൽ ആക്രമണം നടത്തിയ ഭീകരന്റെ പേര് ഉച്ചരിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് ആർഡൻ പറഞ്ഞത്. ''നമുക്ക് നഷ്ടമായവരുടെ പേരുകൾ പറയാം, അവരുടെ ജീവനെടുത്തയാളുടെ പേര് പറയാതിരിക്കാം''- ജസീന്ത പറഞ്ഞു. 

‌ആക്രമണമുണ്ടായ അതേ ദിവസം ന്യൂസീലൻഡിനെ അഭിസംബോധന ചെയ്ത ആർഡൻ ഭീകരനെ തള്ളിപ്പറഞ്ഞു. ''നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്തിരിക്കാം, ഞങ്ങൾ നിങ്ങളെ തള്ളിക്കളയുന്നു''- ആർഡന്റെ വാക്കുകൾ. 

ക്രിസ്തുമത വിശ്വാസിയാണ് ജസീന്ത. പക്ഷേ ഭീകരാക്രമണത്തിന്റെ ഇരകളെ ആശ്വസിപ്പിക്കാൻ ഹിജാബ് ധരിച്ചാണ് ജസീന്ത എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തെ ഞെട്ടിച്ച ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണം നടന്നത്. രണ്ട് മുസ്‌ലിം പള്ളികളിലായി നടന്ന ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന് മുൻപ് ബ്രണ്ടൻ ടെറന്റ് ഫെയ്സ്ബുക്ക് ലൈവിൽ വന്നിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റർ അക്കൗണ്ടിൽ മെഷീൻ ഗണ്ണുകളുടെ ചിത്രങ്ങളും തന്റെ പ്രവൃത്തികളെ നീതികരിക്കുന്ന മാനിഫെസ്റ്റോയും ഇയാൾ നേരത്തെ പങ്കുവെച്ചിരുന്നു.

ഇതിനിടെ, ഭീകരാക്രമണത്തില്‍  കൊല്ലപ്പെട്ടവരില്‍ തിരിച്ചറിഞ്ഞ  21 പേരുടെ മൃതദേഹങ്ങള്‍  ബന്ധുക്കള്‍ക്ക്  വിട്ടുകൊടുത്തു. മലയാളി യുവതി അന്‍സിയുടെ മൃതദേഹവും ഇന്ന്  ബന്ധുക്കള്‍ക്ക് കൈമാറിയേക്കും. കൊല്ലപ്പെട്ട മറ്റു ള്ളവരുടെ തിരിച്ചറിയല്‍ പ്രക്രിയ ഇന്നു പൂര്‍ത്തിയാകും . കൂട്ടക്കൊല നടത്തിയ ബെന്‍ഡന്‍ ടെറന്‍റിനെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന്  ന്യൂസിലന്‍ഡ് പോലീസ്  അമേരിക്കയിലെ എഫ്ബിഐ അടക്കമുള്ള രാജ്യാന്തര എജന്‍സികളുടെ സഹായം തേടി. ബെന്‍ഡനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഇയാള്‍  ഒരിടത്തും കൂടുതല്‍  കാലം സ്ഥിരമായി താമസിച്ചിരുന്നില്ലെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ പറഞ്ഞു.

MORE IN WORLD
SHOW MORE