ഖഷോഗി വധം; നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി

jamal-khashoggi
SHARE

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിച്ച കേസില്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു ഐക്യരാഷ്ട്രസഭയിൽ സൗദി അറേബ്യ. സൗദി മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാണ് ജനീവയിൽ നിലപാടു വിശദീകരിച്ചത്. അതേസമയം, രാജ്യത്ത് അനധികൃത തടവുകേന്ദ്രങ്ങളുണ്ടെന്ന ആരോപണം സൗദി തള്ളി.

ഒക്ടോബര്‍ രണ്ടിനായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി തുർക്കിയിലെ സൌദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെടുന്നത്. സൌദി ഭരണകൂടത്തിൻറെ അറിവോടെയായിരുന്നു കൊലപാതകമെന്ന ആരോപണങ്ങളെ തള്ളിയ സൌദി കേസ് നിയമത്തിൻറെ വഴിയിൽ നീങ്ങുകയാണെന്നു രാജ്യാന്തര സമൂഹത്തെ അറിയിച്ചു. കേസിൽ പതിനൊന്നു പേർ വിചാരണ നേരിടുന്നുണ്ടെന്നും നിയമനടപടികൾ തുടരുകയാണെന്നും സൗദി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷൻ ബന്ദര്‍ അല്‍ ഐബാന്‍ ഐക്യരാഷ്ട്രസഭയിൽ വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട്  നടപടികൾ രാജ്യാന്തരവൽക്കരിക്കാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം രാജ്യത്തിന്റെ പരമാധികാരത്തിലും നീതിന്യായ വ്യവസ്ഥയിലും ഉള്ള ഇടപെടലാണെന്നും അതു തള്ളുന്നതായും സൌദി വ്യക്തമാക്കി. 

യു.എൻ മുന്നോട്ട്‌ വെച്ച എട്ടു ശുപാർശകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും സൗദി അംഗീകരിച്ചു. കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ 453 ശുപാർശകൾ രാജ്യം അംഗീകരിച്ചിട്ടുണ്ടെന്നും ബന്ദര്‍ അല്‍ ഐബാന്‍ പറഞ്ഞു. അതേസമയം, രാജ്യത്ത് രഹസ്യ തടവറകൾ ഉണ്ടെന്ന ആരോപണം സൌദി തള്ളി. ഇത്തരം നീക്കങ്ങൾ സൗദി നിയമം മൂലം നിരോധിച്ചതാണ്. ജയിലുകളും തടങ്കൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്‌ പബ്ലിക് പ്രോസിക്യൂഷൻ, മനുഷ്യാവകാശ കമ്മീഷൻ, മനുഷ്യാവകാശ സംഘടനകൾ, മറ്റ് ഉചിതമായ സ്ഥാപനങ്ങൾ എന്നിവ നിരീക്ഷിക്കുന്നുണ്ടെന്നും സൌദി ലോകരാജ്യങ്ങൾക്കു മുന്നിൽ വ്യക്തമാക്കി.

MORE IN WORLD
SHOW MORE