കോടതിമുറിയിൽ പല്ലിളിച്ചു കാണിച്ച് ന്യൂസീലന്‍ഡ് ആക്രമണത്തിലെ പ്രതി: രോഷം

brenton-harrison-tarrant
SHARE

ന്യൂസിലൻഡില്‍ രണ്ട് പളളികളിലുണ്ടായ തീവ്രവാദി ആക്രമണത്തിലെ പ്രതി മുൻപും ഒരാളെ  കൊലപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തൽ. വിചാരണകോടതിയിൽ വച്ച് ജഡ്ജി തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കണക്കിലെടുത്താണ് ഈ അവസരത്തില്‍ പേര് പറയാത്തതെന്ന് ജഡ്ജി വ്യക്തമാക്കി. ഓസ്ട്രേലിയൻ പൗരനായ ബ്രന്റൺ ടാറന്റ്  എന്ന ഇരുപത്തിയെട്ടുകാരനാണ് ആക്രമണം നടത്തിയത്. അമിതമായ മുസ്‍ലിം വിരോധമാണ് ഇത്തരമൊരു പ്രവൃത്തിയിലേയ്ക്ക് അക്രമിയെ നയിച്ചുവെന്നാണ് നിഗമനം. 

കൈകളില്‍ വിലങ്ങിട്ട് വെളുത്ത ജയില്‍ വസ്ത്രം അണിയിച്ചാണ് പ്രതിയെ ക്രൈസ്റ്റ്ചര്‍ച്ചിലെ വിചാരണ കോടതിയിലെത്തിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിയെ കോടതി മുറിയിലെത്തിച്ചത്. മേല്‍ചുണ്ട് മുറിഞ്ഞ രീതിയില്‍ കാണപ്പെട്ട പ്രതി വാദത്തിനിടെ ഒരക്ഷരം മിണ്ടാതെ മാധ്യമപ്രവര്‍ത്തകരെ നോക്കി നിന്നു. വാദം കേൾക്കുന്നതിനിടയിൽ ഫോട്ടോഗ്രാഫര്‍മാര്‍ ചിത്രം പകര്‍ത്തുമ്പോള്‍ അക്രമി പല്ലിളിച്ചു കാണിച്ചു പരിഹസിച്ചു. തീവ്രനിലപാടുകൾ വ്യക്തമാക്കുന്ന 73 പേജുളള കുറിപ്പുകൾ ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.

അക്രമി പോയന്‍റ് ബ്ലാങ്കിൽ വിശ്വാസികളെ വെടിവച്ച് കൊല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വ്യാപകമായി ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചതോടെ അവ ട്വിറ്ററിനും ഫെയ്സ്ബുക്കിനും നീക്കം ചെയ്യാനാകാത്തത് പ്രതിഷേധങ്ങൾക്ക് വഴിവച്ചു. മുസ്‍ലിം പള്ളിക്ക് അകത്തും പുറത്തുമായി തുടർച്ചയായി വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ അക്രമിയായ ഓസ്ട്രേലിയൻ സ്വദേശി ബ്രന്റൺ ടാറന്റ് പുറത്തുവിടുകയായിരുന്നു. 

ന്യുസീലൻഡിലെ ചെറുപട്ടണമായ ക്രൈസ്റ്റ്ചർച്ചിലുള്ള രണ്ട് മുസ്ലീം പള്ളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗോപ്രോ ക്യാമറ തന്റെ തൊപ്പിയിൽ സ്ഥാപിച്ചാണ് ഇയാൾ വെടിവയ്പ്പു നടത്തിയത്. കാറില്‍ തോക്കുകളും വെടിയുണ്ടകളുമായി പള്ളിയിലേക്ക് എത്തുന്നതു മുതല്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പട്ടാളവേഷത്തിലായിരുന്നു ഇയാൾ. പള്ളിയ്ക്ക് അകത്തേക്ക് കയറി പ്രാർഥിക്കാനെത്തിയ വിശ്വാസികളെ തുരുതുരാ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മൃതശരീരങ്ങള്‍ ചിതറിക്കിടക്കുന്നത് വിഡിയോയില്‍ കാണാം. ഓരോ മുറിയിലും കടന്നെത്തിയ അക്രമി തുടരെ നിറയൊഴിക്കുകയായിരുന്നു.വെടിയുണ്ട തീർന്നതിനു ശേഷം മറ്റൊരു തോക്കെടുത്ത് പുറത്തുളളയാളുകളെയും കുട്ടികളെയും ഇയാൾ വെടിവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെൽകം ടു ഹെൽ എന്ന് തോക്കിൽ വെളുത്ത മഷി കൊണ്ട് എഴുതിയിരുന്നു.

MORE IN WORLD
SHOW MORE