അമേരിക്കൻ നിർമ്മിത പാക്ക് മിസൈലുകളെ കബളിപ്പിച്ച് ഇന്ത്യൻ സുഖോയി; കയ്യടി

sukhoi-30mki
SHARE

ഇന്ത്യൻ വ്യോമസേനയുടെ പോര്‍വിമാനം മിഗ്–21നെ നേരിടാൻ പാക്കിസ്ഥാൻ ഉപയോഗിച്ചത് എഐഎം-120 അംറാം (AIM-120 AMRAAM) മിസൈലെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ പോർവിമാനങ്ങൾക്കു നേരെ അമേരിക്കൻ നിർമിത രണ്ടു അംറാം മിസൈലുകളാണ് തൊടുത്തത്. ഇതിൽ ഒന്നാണ് മിഗ്–21 വിമാനത്തെ തകർത്തത്.റഡാറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന അംറാം മിസൈലിന്റെ പരിധി 55 മുതൽ 75 കിലോമീറ്ററാണ്. ശബ്ദത്തേക്കാൾ നാലിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള അംറാം മിസൈൽ, 2006 ലാണ് പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്. 500 മിസൈലുകൾ വേണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം.

എന്നാൽ അംറാം മിസൈലുകളെ കബളിപ്പിച്ച് രക്ഷപ്പെടാൻ ഇന്ത്യൻ പോർവിമാനങ്ങൾക്ക് സാധിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. പാക്കിസ്ഥാനിലെ ബാലാക്കോട്ടില്‍ ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ നടത്തിയ സൈനിക നീക്കത്തിനിടെയായിരുന്നു പാക്ക് പ്രകോപനം. 40-50 കിലോമീറ്റര്‍ ദൂരത്തു നിന്നും തൊടുത്ത മിസൈലുകള്‍ക്ക് പക്ഷേ ഇന്ത്യന്‍ പോര്‍ വിമാനങ്ങളെ തൊടാന്‍ പോലും കഴിഞ്ഞില്ല. അഞ്ച് അംറാം മിസൈലുകളാണ് പാക്ക് പോർവിമാനങ്ങൾ പ്രയോഗിച്ചത്.

ഇന്ത്യയുടെ സുഖോയ്, മിഗ് വിമാനങ്ങള്‍ പാക്കിസ്ഥാന്റെ അമേരിക്കന്‍ മിസൈല്‍ അംറാമിനെ കബളിപ്പിച്ച വിവരം വ്യോമസേനയാണ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ടത്. ബാലാക്കോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ ഫെബ്രുവരി 27നായിരുന്നു സംഭവം. ഫെബ്രുവരി 27ന് ഇന്ത്യയുടെ സുഖോയ് 30 പോര്‍വിമാനം വെടിവെച്ചിട്ടെന്ന വ്യാജ അവകാശവാദം പാക്ക് സൈന്യം നടത്തിയിരുന്നു. അമേരിക്കയുടെ അത്യാധുനിക അംറാം മിസൈൽ റഡാറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്നതാണ്.

'സുഖോയ്-30 പോര്‍വിമാനം വീഴ്ത്തിയെന്ന പാക്ക് അവകാശവാദം അസംബന്ധമാണ്. അവരുടെ സ്വന്തം എഫ്–16 പോര്‍വിമാനം തകര്‍ന്നുവീണത് മറക്കാനാണ് പാക്കിസ്ഥാന്‍ ഈ അവകാശവാദവുമായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ എല്ലാ സുഖോയ് പോര്‍വിമാനങ്ങളും തിരിച്ചെത്തിയിട്ടുണ്ട്' വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

ബാലാക്കോട്ട് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറുപടിയായാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഫെബ്രുവരി 27ന് പ്രകോപനം സൃഷ്ടിച്ചത്. എന്നാല്‍ നിതാന്ത ജാഗ്രതയിലായിരുന്ന ഇന്ത്യന്‍ സൈന്യം ഈ നീക്കം തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ പോര്‍വിമാനങ്ങളുമായെത്തി പാക്ക് പോര്‍വിമാനങ്ങളെ തുരത്തുകയായിരുന്നു. മിറാഷ് 2000, സുഖോയ് 30, മിഗ് 21 പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ നിരയില്‍ നിന്നും അതിര്‍ത്തിയിലേക്ക് പറന്നത്. 

ഇന്ത്യന്‍ പോര്‍വിമാനങ്ങളെത്തി അതിര്‍ത്തിയില്‍ നിന്നും പാക്ക് പോര്‍ വിമാനങ്ങളെ തുരത്തുകയായിരുന്നു. ഇതിനിടെയാണ് അംറാം മിസൈലുകള്‍ പാക്ക് പോര്‍വിമാനങ്ങള്‍ തൊടുത്തത്. എന്നാല്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങളുടേയും പൈലറ്റുമാരുടേയും തന്ത്രപരമായ നീക്കങ്ങളില്‍ ഈ മിസൈലുകള്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. അംറാം മിസൈലിന്റെ ഭാഗങ്ങള്‍ രജൗരിയുടെ കിഴക്ക് ഭാഗത്തീണ് വീണത്.

പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്–16 പോർവിമാനങ്ങളിൽ മാത്രമാണ് ഇതുപയോഗിക്കാൻ കഴിയുക. പാക്കിസ്ഥാന്റെ മറ്റു പോർവിമാനങ്ങളിലൊന്നും ഈ മിസൈൽ പ്രയോഗിക്കാനുള്ള ശേഷിയില്ല. എയർ–ടു–എയർ മിസൈലായ അംറാം കാര്യമായി ഉപയോഗിക്കുന്നത് എതിരാളികളുടെ പോർവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും നേരിടാനാണ്.

1991ൽ നിർമാണം തുടങ്ങിയ ഈ മിസൈൽ നിരവധി രാജ്യങ്ങളുടെ സേനകൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അംറാം മിസൈൽ യൂണിറ്റിന്റെ നിർമാണ ചിലവ് 3.2 ലക്ഷം ഡോളറാണ്. ഇതിന്റെ തന്നെ നിരവധി വേരിയന്റുകൾ അമേരിക്കൻ സേന ഉപയോഗിക്കുന്നുണ്ട്. 3.7 മീറ്റർ നീളമുള്ള മിസൈലിന്റെ ഭാരം 152 കിലോഗ്രാമാണ്. എഫ്–16 പോർവിമാനത്തിനൊപ്പം നൽകിയതാണ് അംറാം മിസൈലുകളും. 2010 ജൂലൈയിലാണ് അംറാം മിസൈലുകൾ പാക്കിസ്ഥാനു ലഭിക്കുന്നത്. ഓസ്ട്രേലിയ, ബെൽജിയം, ജർമനി, ഇസ്രയേല്‍, സൗദി അറേബ്യ തുടങ്ങി നിരവധി രാജ്യങ്ങൾക്ക് അംറാം മിസൈലുകൾ ഉണ്ട്. അമേരിക്കയിലെ വ്യോമസേനയും നാവിക സേനയും ഈ മിസൈൽ ഉപയോഗിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE