റഷ്യന്‍ S-400: അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ അന്തകൻ; തടയിടാൻ അമേരിക്ക

s400-russia
SHARE

കഴിഞ്ഞ കുറച്ചു മാസങ്ങളായി അമേരിക്കയ്ക്ക് തലവേദനയായ ഒരു റഷ്യൻ ആയുധമാണ് എസ്–400. അമേരിക്കയിൽ നിന്നു സ്ഥിരമായി ആയുധങ്ങളും പോർവിമാനങ്ങളും വാങ്ങിയിരുന്ന, വാങ്ങാനിരിക്കുന്ന രാജ്യങ്ങൾ പോലും റഷ്യയുടെ എസ്–400 പ്രതിരോധ സംവിധാനത്തിനു പിന്നാലെ പോകുകയാണ്. ഇതു തടയാൻ വേണ്ടതെല്ലാം അമേരിക്ക ചെയ്യുന്നുണ്ട്. നിലവിൽ എസ്–400 വാങ്ങാനിരിക്കുന്ന തുർക്കിക്കെതിരെയും അമേരിക്ക രംഗത്തുവന്നു കഴിഞ്ഞു. 

റഷ്യയിൽ നിന്നു എസ്–400 വാങ്ങിയാൽ അത്യാധുനിക പോർവിമാനമായ എഫ്–35 പോർവിമാനം നൽകില്ലെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. തുർക്കിയുമായുള്ള എല്ലാ പ്രതിരോധ ഇടപാടുകളും അവസാനിപ്പിക്കുമെന്ന് വരെ ഭീഷണിപ്പെടുത്തുന്നുണ്ട്. റഷ്യൻ ആയുധങ്ങൾ വാങ്ങുന്നവരുമായി സഹകരിക്കേണ്ടെന്നതാണ് അമേരിക്കൻ നിലപാട്. എന്നാൽ എസ്–400 വാങ്ങുന്ന ഇന്ത്യക്കെതിരെയും ഭീഷണിയുമായി അമേരിക്ക രംഗത്തുവന്നെങ്കിലും കീഴടങ്ങാൻ സർക്കാർ തയാറായില്ല.

അമേരിക്ക തുർക്കിക്ക് നൽകുമെന്ന് പറയുന്ന എഫ്–35 പോർവിമാനങ്ങൾ വരെ എസ്–400 ഉപയോഗിച്ച് തകർക്കാനാകും. ഇതു തന്നെയാണ് അമേരിക്കയുടെ ഏറ്റവും വലിയ തലവേദനയും. 2017ലാണ് 2.5 ബില്ല്യന്‍ ഡോളറിന് എസ്–400 പ്രതിരോധ സിസ്റ്റം വാങ്ങാൻ തുർക്കി തീരുമാനിക്കുന്നത്. ഇതോടൊപ്പം തന്നെ എഫ്–35 പോർവിമാനങ്ങൾ നല്‍കാമെന്ന് അമേരിക്കയും വാഗ്ദാനം നൽകിയിരുന്നു.

റഷ്യയിൽ നിന്ന് ഇന്ത്യയും തുർക്കിയും വാങ്ങുന്ന വ്യോമ പ്രതിരോധ സംവിധാനം എസ്–400 ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ ടെക്നോളജികളിൽ ഒന്നാണെന്ന കാര്യത്തിൽ തർക്കമില്ല. അമേരിക്ക ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളുടെ കൈവശമുള്ള പ്രതിരോധ സിസ്റ്റങ്ങളേക്കാളും മികച്ചതാണ് എസ്–400. സിറിയിയില്‍ റഷ്യ വിന്യസിച്ചിരിക്കുന്ന എസ്-400ന്റെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിച്ചാൽ മതി ഈ സംവിധാനം എത്രമാത്രം പ്രാധാന്യമുളളവയാണെന്നു മനസ്സിലാക്കിത്തരാൻ.

സിറിയയുടെ കാര്യം പറഞ്ഞ് റഷ്യയും അമേരിക്കയും ഒരിക്കല്‍ കൂടി ഏറ്റുമുട്ടാനൊരുങ്ങുകയാണോ എന്ന് ചില നിരീക്ഷകര്‍ സംശയിക്കുന്നു. ഏപ്രിലില്‍ അമേരിക്ക സിറിയയില്‍ നടത്തിയ നേര്‍വ് ഗ്യാസ് ആക്രമണത്തിനും, മിസൈന്‍ ആക്രമണത്തിനും ശേഷം റഷ്യ അവരുടെ അതിശക്തമായ S-400 സര്‍ഫസ് ടു എയര്‍ മിസൈല്‍ സിറിയിയില്‍ വിന്യസിച്ചിരിക്കുന്നതാണ് ഇത്തരമൊരു സംശയത്തിനു കാരണമായിരിക്കുന്നത്. ഇതിലൂടെ ഇനിയുള്ള അമേരിക്കന്‍ ആക്രമണങ്ങളെ തകര്‍ക്കാനാകുമെന്നാണ് കരുതുന്നത്. സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ എവിടെയെങ്കിലുമോ, അയല്‍ രാജ്യങ്ങളായ തുര്‍ക്കിയിലോ ഇസ്രയേലിലോ പ്രവേശിക്കുന്ന പോർവിമനങ്ങളെ താഴെ വീഴ്ത്താന്‍ കഴിവുള്ളതാണ് S-400 എന്നതാണ് കാരണം.

എസ്-400ന് അമേരിക്കന്‍ യുദ്ധ വിമാനങ്ങളെ താഴെ വീഴ്ത്താനാകുമോ?...

റഷ്യയുടെ എസ്-400ന് അമേരിക്കന്‍ യുദ്ധ വിമാനങ്ങളെ താഴെ വീഴ്ത്താനാകുമോ? പറ്റും. പക്ഷേ, ഏതു സാഹചര്യത്തിലായിരിക്കും റഷ്യന്‍ സൈനികര്‍ അതിനു മുതിരുക? റഷ്യ സ്വമേധയാ ഒരു യുദ്ധം തുടങ്ങിയേക്കില്ലെന്നാണ് പറയുന്നത്. എന്നാൽ, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡര്‍ 'സറിയയിലെ റഷ്യന്‍ സൈനികര്‍ ആക്രമിക്കപ്പെടുകായാണ്' എന്നു പറയുകയാണെങ്കില്‍ എസ്-400 കുതിച്ചുയര്‍ന്നേക്കാം. എന്നാല്‍ ഇരു സേനകളും നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഷായ്‌റാത് എയര്‍ബെയ്‌സിനെ ആക്രമിക്കുകയാണെന്ന കാര്യം വാഷ്ങ്ടണ്‍ മോസ്‌കോയെ അറിയിച്ചതു തന്നെ ഉത്തമോദാഹരണമാണ്. അമേരിക്ക അയച്ച മിസൈലിനെ റഷ്യ തകര്‍ക്കാനും പോയില്ല. പക്ഷേ, യുദ്ധത്തില്‍ ദിശമാറിയുള്ള ആക്രമണങ്ങള്‍ സാധാരണമാണ്. ഇതൊക്കെയാണെങ്കിലും, അമേരിക്കന്‍ മിസൈലുകള്‍ റഷ്യന്‍ സേനയ്‌ക്കെതിരെ ചെല്ലുന്നതിനുള്ള സാധ്യത ചിലരെങ്കിലും കാണുന്നുണ്ട്. എന്നാല്‍, ഇരു രാജ്യങ്ങളുടെയും നേതൃത്വങ്ങള്‍ ഇടപെട്ട് ഒരു യുദ്ധത്തിലേക്ക് ചെന്നെത്താതിരിക്കാന്‍ ശ്രമിച്ചേക്കാം. എന്തായാലും സിറിയയില്‍ ഊഴം കാത്തിരിക്കുന്ന എസ്-400 മിസൈലുകള്‍ പ്രതിരോധത്തിനാണ്. കൈത്തോക്കു കാണിച്ച് ജനക്കൂട്ടത്തെ പേടിപ്പിക്കുന്നതു പോലെയാണവ എന്ന് ചിലര്‍ കരുതുന്നു.

നിരവധി പതിറ്റാണ്ടുകളുടെ പരിശ്രമഫലമായാണ് റഷ്യയുടെ വ്യോമ പ്രതിരോധ സിസ്റ്റം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. അതിന്റെ ഓരോ അടരിനും ഓരോ ലക്ഷ്യമുണ്ട്. എസ്-300, എസ്–400 ട്രയംഫ് കുടുംബം, 1978ല്‍ നിര്‍മിച്ച അവരുടെ എസ്-300പിയുടെ പിന്തുടര്‍ച്ചയാണ് ഇതെല്ലാം. ദീര്‍ഘദൂര മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ളതാണ് ഈ സിസ്റ്റങ്ങൾ. ഒരു പ്രദേശത്തെ വ്യോമാക്രമണങ്ങളെയും മുഴുവനായും ചെറുക്കാന്‍ ഇവയ്ക്കു കഴിയും. തത്വത്തിലെങ്കിലും എതിരാളികള്‍ തൊടുക്കുന്ന ക്രൂസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാനാകും. ഈ മിസൈല്‍ കുടുംബത്തിലെ താരതമ്യേന പുതിയ അംഗമായ S-300V4, ടാര്‍ട്ടസിലെ റഷ്യന്‍ നേവല്‍ ബെയ്‌സില്‍ ‌വിന്യസിക്കപ്പെട്ടത് 2016ല്‍ ആണ്. ഈ കുടുംബത്തിലെ ഏറ്റവും പുരോഗമിച്ച എസ്-400 ട്രയംഫ് മിസൈല്‍ സിസ്റ്റം (SA-21 Growler എന്നറിയപ്പെടുന്നു), 40N6 മിസൈലുകളെ തൊടുത്തു വിടാനാകുന്നവയാണ്. ഇവയ്ക്ക് 250 മൈല്‍ പരിധിയില്‍ ശത്രു ആക്രമണങ്ങളെ തറപറ്റിക്കാനാകും. ഇവയുടെ വേഗമാണ് ഏറ്റവും ഗംഭീരം- സ്വര വീചികളെക്കാള്‍ ആറിട്ടി വേഗം ഇവയ്ക്കുണ്ടത്രെ.

എസ്-400ന്റെ ബാറ്ററി പിടിപ്പിക്കാന്‍ അഞ്ചു മിനുറ്റൊക്കെ മതി. സജ്ജമായിക്കഴിഞ്ഞാല്‍ 36 ലക്ഷ്യങ്ങളിലേക്ക് ഒരേ സമയത്തു കുതിക്കാനാകും. എന്നാല്‍, ഇവയുടെ ഒരു പരിമിതി ഇവ താഴ്ന്നു പറക്കുന്ന വിമാനങ്ങളെയും മറ്റും ലക്ഷ്യം വയ്ക്കാന്‍ ഉചിതമല്ല എന്നതാണ്. എസ്-400നെ തൊടുത്തു വിടാനുപയോഗിക്കുന്ന ലോഞ്ചറുകളും മറ്റും റോഡുകളിലൂടെ മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇതിലൂടെ, ഇവയെ തകര്‍ക്കാനുളള ശ്രമങ്ങളും പരാജയപ്പെടുത്താം. കൂടാതെ, ഇവയെ രാജ്യത്തിന്റെ റഡാറുകളുമായും ബന്ധിപ്പിക്കാം. ശത്രുവിന്റെ ഇലക്ട്രോണിക് യുദ്ധതന്ത്രങ്ങള്‍ക്കെതിരെയും എസ്-400 അത്രമേല്‍ മിടുക്കു കാണിക്കും.

നാറ്റോ വൈമാനികര്‍ക്കിടിയില്‍ എസ്-300, എസ്-400 സിസ്റ്റങ്ങള്‍ക്ക് ധാരാളം ബഹുമാനം ലഭിക്കുന്നുണ്ട്. പല നാറ്റോ അംഗങ്ങളുടെയും കൈയ്യിലുള്ളത് എസ്-300 സിസ്റ്റമാണ്. എസ്-400 അതിനെക്കാള്‍ മികച്ചതാണെന്നാണ് കരുതുന്നത്. ഇവ വന്‍ ഭീഷണിയാണെന്നാണ് അമേരിക്കന്‍ വൈമാനികര്‍ വിലയിരുത്തുന്നത്. സിറിയ സ്വന്തമായി എസ്-300 വാങ്ങുമോ എന്ന് ഇസ്രയേലും ഭയക്കുന്നുണ്ട്.എസ്-400നെതിരെ അമേരിക്കയുടെ ഏക പ്രതിരോധം ഇഎ-18ജി ഗ്രോൽസർ ആണ്. ഇവയ്ക്ക് എസ്-400ന്റെ റഡാറിനെ പൂര്‍ണ്ണമായും നിര്‍വീര്യമാക്കാനാകില്ലെങ്കിലും അവയുടെ തീക്ഷ്ണത കുറയ്ക്കാനാകുമെന്നും ചില നിരീക്ഷകര്‍ പറയുന്നു.

ഇന്ത്യയുടെ പ്രതിരോധ ശക്തിയിൽ ഭൂരിഭാഗവും റഷ്യൻ ടെക്നോളജിയാണ്. മിസൈൽ, പോർവിമാനങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, കോപ്റ്ററുകൾ എല്ലാം റഷ്യൻ നിർമിത ടെക്നോളജികളിലാണ് പ്രവർത്തിക്കുന്നത്. റഷ്യയിൽ നിന്നു ഇന്ത്യ വാങ്ങുന്ന എസ്-400 ട്രയംഫ് (മിസൈല്‍ പ്രതിരോധ കവചം) ലോക പ്രതിരോധ മേഖലയിലെ പ്രധാന ആയുധമാണ്. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്.

അമേരിക്ക വികസിപ്പിച്ചെടുത്ത പാട്രിയട്ട് അഡ്വാന്‍സ്ഡ് കാപ്പബിലിറ്റി-3 (പിഎസി-3) സംവിധാനത്തേക്കാൾ എത്രയോ മുകളിലാണ് റഷ്യയുടെ എസ്–400 ട്രയംഫ്. അമേരിക്കയുടെ നാല് പാട്രിയട്ട് ഡിഫൻസ് യൂണിറ്റിന് തുല്യമാണ് ഇന്ത്യ വാങ്ങുന്ന ഒരു എസ്–400 ട്രയംഫ്. പാട്രിയറ്റിൽ നിന്ന് ചെരിച്ചാണ് മിസൈലുകൾ വിക്ഷേപിക്കുന്നത്. എന്നാൽ എസ്–400 ൽ നിന്ന് ലംബമായാണ് മിസൈലുകള്‍ തൊടുക്കുന്നത്. ഇതു തന്നെയാണ് എസ്–400 ന്റെ പ്രധാന ശക്തിയും.

ലോകത്തെ വൻ ആയുധശക്തിയായ റഷ്യയിൽ നിന്ന് 40,000 കോടി രൂപയ്ക്കാണ് ഇന്ത്യ എസ്–400 ട്രയംഫ് ടെക്നോളജി വാങ്ങുന്നത്. ലോകശക്തികൾക്കു പോലും ഇല്ലാത്ത അത്യാധുനിക ആയുധമാണ് എസ്–400 ട്രയംഫ്. റഷ്യയുടെ ഏറ്റവും വലിയ കാവലും ഈ ആയുധം തന്നെ.അഞ്ചു എസ്–400 ട്രയംഫാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയുടെ പ്രതിരോധ മേഖല കൂടുതല്‍ സുസജ്ജമാക്കുന്ന ഈ കരാറിനെ പ്രതിരോധരംഗത്തെ വിദഗ്ധര്‍ ഏറെ ജിജ്ഞാസയോടെയാണ് വീക്ഷിക്കുന്നത്. പാക്കിസ്ഥാനും ചൈനയും ഈ കരാറിനെ ഏറെ ഭീതിയോടെയാണ് നോക്കികാണുന്നു. അഞ്ചു സ്ഥലങ്ങളിൽ എസ്–400 ട്രയംഫ് സ്ഥാപിച്ചാൽ ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാക്കിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ തകർക്കാൻ എസ്–400 ട്രയംഫിനു സാധിക്കും. 

ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധസംവിധാനങ്ങളില്‍ ഒന്നാണ് എസ്–400 ട്രയംഫ്. യുഎസിന്റെ എഫ്-35 ഫൈറ്റർ ജെറ്റുകളെ പോലും ഇതിനു മുന്നില്‍ നിഷ്പ്രഭമാണ്. മള്‍ട്ടി ബില്ല്യണ്‍ ഡോളര്‍ മതിക്കുന്ന ഈ കരാര്‍ നാറ്റോ രാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത് തന്നെയാണ്.അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ പോലും നശിപ്പിക്കാന്‍ അതിനു സാധിക്കുമെന്നതു തന്നെ. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാന്‍ ഇതിനു സാധിക്കുമെന്നതാണ് അവരെ അലോസരപ്പെടുത്തുന്നത്. എട്ടു ലോഞ്ചറുകൾ, കൺട്രോൾ സെന്റർ, ശക്തിയേറിയ റഡാർ, റീലോഡ് ചെയ്യാവുന്ന 16 മിസൈലുകൾ എന്നിവയാണ് എസ്–400 ട്രയംഫിന്റെ പ്രധാന സവിശേഷതകള്‍. മൂന്നുതരം മിസൈലുകള്‍ വിക്ഷേപിക്കാൻ ഇതിനു പറ്റും.

അറുനൂറു കിലോമീറ്റര്‍ പരിധിയിലുള്ള മുന്നൂറു ടാര്‍ഗറ്റുകള്‍ ഒരേസമയം തിരിച്ചറിയാനും 400 കിലോമീറ്റര്‍ പരിധിയിലുള്ള ഏകദേശം മൂന്നു ഡസനോളം ടാര്‍ഗറ്റുകളെ നശിപ്പിക്കാനും ഇതിനു സാധിക്കും. രാകേഷ് കൃഷ്ണന്‍ സിന്‍ഹയുടെ 'റഷ്യ ആന്‍ഡ് ഇന്ത്യ റിപ്പോര്‍ട്ട്' ബ്ലോഗ് അനുസരിച്ച് എസ്–400 ട്രയംഫിനു മണിക്കൂറില്‍ 17,000 കിലോമീറ്റർ വേഗതയില്‍ ടാര്‍ഗറ്റിനു മേല്‍ പതിക്കാനാവും. ലോകത്തിലെ ഏതൊരു എയര്‍ക്രാഫ്റ്റിനെക്കാളും ഉയര്‍ന്ന വേഗതയാണ് ഇത്. 'അയണ്‍ ഡോമുകളുടെ ഡാഡി ' എന്നാണ് രാകേഷ് ഇതിനെ വിശേഷിപ്പിക്കുന്നത്. മിസൈലുകളുടെ അന്തകനായാണ് അമേരിക്ക എഫ്-35 ഫൈറ്റർ ജെറ്റ് സൃഷ്ടിച്ചത്. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് എഫ്-35 നു അതിനെ ലക്ഷ്യം വയ്ക്കുന്ന എന്തിനെയും ജാം ചെയ്യാനാവും. എന്നാല്‍ വേഗതയുടെ കാര്യത്തില്‍ എസ്-400നെ വെല്ലുവിളിക്കാന്‍ എഫ്-35നാവില്ല. 

മുന്‍പ് ഉണ്ടായിരുന്ന എസ്-300 സിസ്റ്റത്തിന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പാണ് എസ്-400. റഷ്യന്‍ പ്രതിരോധ സംവിധാനത്തിന്റെ മാത്രം ഭാഗമായിരുന്നു ഇത്. മുന്‍തലമുറയെക്കാളും രണ്ടര ഇരട്ടി വേഗത കൂടുതലാണ് ഇതിന്. 2007 മുതല്‍ റഷ്യയില്‍ സര്‍വീസിലുള്ള S-400 നിര്‍മിച്ചത് അൽമസ് ആന്റെ ആയിരുന്നു. സിറിയക്കെതിരെ റഷ്യ ഇത് പ്രയോഗിച്ചിരുന്നു.

ഭീകരാക്രമണങ്ങളും നുഴഞ്ഞുകയറ്റങ്ങളും സാധാരണയായ ഇന്ത്യ പോലൊരു രാജ്യത്ത് എസ്–400 ട്രയംഫിനു ഏറെ പ്രസക്തിയുണ്ട്. പാക്കിസ്ഥാനില്‍ നിന്നുമുള്ള ഭീഷണിയെ നേരിടാന്‍ ഇതു പര്യാപ്തവുമാണ്. 40,000 കോടി രൂപയ്ക്കാണ് ഇന്ത്യ ഇതു സ്വന്തമാക്കുന്നത്. പടിഞ്ഞാറു ഭാഗത്ത് മൂന്നും കിഴക്കുഭാഗത്ത് രണ്ടും എസ്-400 സിസ്റ്റങ്ങള്‍ സ്ഥാപിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ക്കെതിരെ ഇതു പ്രതിരോധം തീര്‍ക്കും. ഹ്രസ്വ-മധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളില്‍ നിന്നുള്ള ഭീഷണിയെ ഫലപ്രദമായി നേരിടാന്‍ ഇതിനാവും.

MORE IN WORLD
SHOW MORE