13 മക്കളെ ചങ്ങലക്കിട്ട‌് ക്രൂരപീഡനം; ലോകം ഞെട്ടിയ കേസില്‍ കുറ്റസമ്മതം: നടുക്കം

house-of-horror-case
SHARE

13 കുട്ടികളെ തടവില്‍ പാര്‍പ്പിച്ച് ദാരുണമായി പീഡിപ്പിച്ച കേസിൽ മാതാപിതാക്കൾ കുറ്റം സമ്മതിച്ചു. അമേരിക്കയിലെ ലോസാഞ്ചൽസിലാണ് സംഭവം. ഡേവിഡ് അലന്‍ ടര്‍പിനും ഭാര്യ ലൂയിസ് അന്ന ടര്‍പിനുമാണ് സ്വന്തം കുട്ടികളെ തടവിലാക്കി പീഡിപ്പിച്ചത്.  14 തീവ്രമായ കുറ്റങ്ങളാണ് ഇവർക്കെതിരേ തെളിയിക്കപ്പെട്ടത്

3 മുതല്‍ 30 വയസ്സുവരെ പ്രായമുള്ള ഇവരുടെ കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്. ജീവപര്യന്തം ശിക്ഷ കിട്ടാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് ഈ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിഞ്ഞത്. രക്ഷപെട്ട് പുറത്തെത്തിയ ജോർദാൻ വിവരം അറിയിച്ച സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആക്റ്റിവേറ്റ് ചെയ്ത മൊബൈല്‍ ഫോണില്‍ നിന്ന് എമര്‍ജന്‍സി നമ്പറിലേക്കു ഫോണ്‍ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് സ്വന്തം കുട്ടികളോട് ഇങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്ന സംശയം എല്ലാവരിലുമുണർത്തുന്നതായിരുന്നു അവൾ പറഞ്ഞ കഥകളൊക്കെയും

'ഞാന്‍ ഇതുവരെയും പുറംലോകം കണ്ടിട്ടില്ല. വീട് എപ്പോഴും വൃത്തിഹീനമായിരിക്കും. ചിലപ്പോൾ ശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും. ഞാനും സഹോദരങ്ങളും കുളിക്കാറില്ല. ഞങ്ങളെ കട്ടിലിനോട് ചേര്‍ന്നു ചങ്ങലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു. അതുകാരണം കാലില്‍ എപ്പോഴും ഉണങ്ങാത്ത മുറിവുണ്ടാകും. ചിലപ്പോള്‍ പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും. ചിലപ്പോഴൊക്കെ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയാറുണ്ടായിരുന്നു. 

ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബദ്ധന. അര്‍ദ്ധരാത്രിയിലാണ് ഭക്ഷണം. പലപ്പോഴും സാന്‍ഡ്വിച്ചുകളും ചിപ്‌സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ കാണാന്‍ ഒരിക്കല്‍ പോലും സമ്മതിച്ചില്ല. ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ് ചങ്ങലകള്‍ അഴിച്ചത്. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്ന് പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു. വര്‍ഷത്തില്‍ ഒന്നു മാത്രമാണ് കുളിക്കാന്‍ സമ്മതിച്ചിരുന്നത്'' ജോര്‍ദാന്‍ നൽകിയ മൊഴിയിൽ പറയുന്നു. ഇപ്പോള്‍ 13 പേരും ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്.

MORE IN WORLD
SHOW MORE