നാട്ടിൽ കയറ്റിയില്ല; ഐഎസിൽ ചേർന്ന പെൺകുട്ടി സിറിയയിൽ പ്രസവിച്ചു

shamima-begum
SHARE

ഐഎസിൽ ചേരാൻ സിറിയയിലേക്കു പോവുകയും ഗർഭിണിയായപ്പോൾ പ്രസവിക്കാൻ നാട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ബ്രിട്ടിഷ് യുവതി പ്രസവിച്ചു. ഷെമീമ ബീഗം എന്ന യുവതിയാണ് സിറിയയിൽ കുഞ്ഞിനെ പ്രസവിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. ഷെമീമയുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഉടൻ ഇതിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്വിറ്ററിലൂടെ ബന്ധുക്കൾ അറിയിച്ചു. 

2015ലാണ് ഈസ്റ്റ് ലണ്ടനില്‍ നിന്ന് ഷെമീമ സിറിയയിലേക്ക് കടക്കുന്നത്. മുമ്പ് രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയെങ്കിലും മരിച്ചു. നിലവില്‍ സിറിയയില്‍ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍ കഴിയുന്നത്. 

2015 ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും  അമീറ അബേസും  ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. 

ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറയുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങുന്നതെന്നും ഷെമീമ ബീഗം പറയുന്നു. 

തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്. റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു.ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍. ബ്രിട്ടനിലേക്ക് തിരികെ എത്താമെന്നുള്ള അതിമോഹം വേണ്ടെന്നാണ് അധികാരികളുടെ നിലപാട്. 

MORE IN WORLD
SHOW MORE