തുണക്കാത്ത അയൽക്കാരുടെ ഇടയിൽ 'ആദിലുകൾ' ഉയരുന്നു; ആ 'വാക്ക്' സാക്ഷ്യം!

adil-ahmad-dar-terror-1
SHARE

അമേരിക്കയുടെ അഫ്ഗാന്‍ നയം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്. താലിബാനോട് സന്ധി ചെയ്ത അമേരിക്കന്‍ തീരുമാനമാണ് തനിക്ക് പ്രചോദനമായതെന്ന് പുല്‍വാമ ആക്രമണത്തിലെ ചാവേറും അവകാശപ്പെട്ടു. ഭീകരതയുടെ പേരില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുക എന്ന ഇന്ത്യയുടെ ആവശ്യത്തിന് രാജ്യാന്തര പിന്തുണ കിട്ടുക എളുപ്പമല്ല ഇപ്പോള്‍.  

 താലിബാന്‍റെ വിജയമാണ് ജയ്ഷെ മൊഹമ്മദെന്ന ഭീകരപ്രസ്ഥാനത്തിന്‍റെ ഭാവിയെക്കുറിച്ച് തനിക്ക് ആത്മവിശ്വാസം നല്‍കിയതെന്നാണ് പുല്‍വാമ ആക്രമണത്തിന് തൊട്ടുമുമ്പ് ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ വിഡയോ സന്ദേശത്തില്‍ പറഞ്ഞത്.

 അതായത് അമേരിക്ക എന്ന വന്‍ശക്തി താലിബാന്  മുന്നില്‍ തോറ്റു പിന്‍മാറുന്നു എന്നാണ് ഭീകരപ്രസ്ഥാനങ്ങളുടെ വിലയിരുത്തല്‍. ഡോണള്‍ഡ് ട്രംപിന്‍റെ സംരക്ഷണവാദത്തിന്‍റെയും ചൈനയുടെ സ്വാര്‍ഥ താല്‍പര്യങ്ങളുടെയും വിലയാണ് പുല്‍വാമയില്‍ ഇന്ത്യ നല്‍കിയത്. വന്‍ശക്തികളുടെ രാജ്യാന്തര നയങ്ങളിലെ അവധാനതയില്ലായ്മയ്ക്ക് പലപ്പോഴും വലിയ വില നല്‍കേണ്ടി വന്ന ചരിത്രമാണുള്ളത്. 

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സോവിയറ്റ് പിന്‍മാറ്റമാണ് അല്‍ ഖായിദ എന്ന ഭീകരപ്രസ്ഥാനത്തിന്‍റെ കുതിപ്പിന് വഴിയൊരുക്കിയത്. സോവിയറ്റ് യൂണിയന്‍റെ പതനത്തിനുപോലും കാരണമായത് ജിഹാദിസമാണെന്ന് പ്രചരിപ്പിച്ചു അല്‍ഖായിദ.ഇറാഖില്‍ നിന്ന് പിന്‍മാറാനുള്ള ബറാക് ഒബാമയുടെ തീരുമാനം ഇസ്ലാമിക് സ്റ്റേറ്റിന്‍റെ കരുത്തരാക്കി. ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലെ ട്രംപ് നയം ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറാന്‍ ഭീകരര്‍ക്ക് ആത്മവിശ്വാസം പകരുന്നു. 

ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ മുന്‍ അമേരിക്കന്‍ ഭരണകൂടങ്ങളുടെയത്ര താല്‍പര്യമില്ലാത്ത ട്രംപ് സര്‍ക്കാര്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന കാര്യത്തില്‍ എത്ര കണ്ട് മുന്‍കയ്യെടുക്കുമെന്ന് കണ്ടറിയണം. അതേസമയം ചൈനയുടെ നിര്‍ലോഭമായ പിന്തുണ പിന്തുണ പാക്കിസ്ഥാന് കരുത്താണ്. ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തോട് സഹകരിക്കില്ല എന്ന ചൈനീസ് നിലപാട് ഈ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു.റഷ്യ പാക്കിസ്ഥാന്‍ ബന്ധവും മുമ്പത്തേതിനെക്കാള്‍ ഉൗഷ്മളമാണിപ്പോള്‍. മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണ അതേപടി ആവര്‍ത്തിക്കാന്‍ ഇടയുള്ള രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോളുള്ളത്. പ്രസ്ഥാവനകള്‍ക്കപ്പുറമുള്ള പിന്തുണ അയല്‍ക്കാരില്‍ നിന്ന് ഉണ്ടാകാനുള്ള സാധ്യത വിദൂരമെന്ന് ചുരുക്കം.

MORE IN WORLD
SHOW MORE