സലയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷകൾ മങ്ങുന്നു; വിമാനത്തിന്റെ അവശിഷ്ടം കടലിനടിയിൽ

sala-plane-crash
SHARE

ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് സല സഞ്ചരിച്ച സ്വകാര്യ വിമാനത്തിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങൾ കടലിൽ കണ്ടെത്തി. ഇതോടെ വിമാനയാത്രയ്ക്കിടെ അപ്രത്യക്ഷനായ അർജന്റീന ഫുട്ബോൾ താരം എമിലിയാനോ സല ജീവനോടെയുണ്ടാകാനുള്ള സാധ്യതയും അടയുകയാണ്. ഇംഗ്ലിഷ് കടലിടുക്കിലാണ് വിമാനാവശിഷ്ടം കണ്ടെത്തിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയിൽ ഒരു മൃതദേഹവും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വിമാനാവശിഷ്ടങ്ങൾ ഇതുവരെ വീണ്ടെടുക്കാത്തതിനാൽ ഇത് ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ കാണാതായ വിമാനത്തിനായുള്ള ഔദ്യോഗിക തിരച്ചിൽ നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. എന്നാൽ, സല ജീവനോടെയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഫുട്ബോൾ ലോകത്തിന്റെ ഒന്നടങ്കം പിന്തുണച്ചതോടെ അദ്ദേഹത്തിന്റെ കുടുംബമാണ് തിരച്ചിൽ പുനഃരാരംഭിച്ചത്. ഇതനുസരിച്ച് സമുദ്ര ഗവേഷേകനായ ഡേവിഡ് മേണ്‍സ് നയിച്ച സംഘമാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനാവശിഷ്ടം കണ്ടെത്തിയ വിവരം സലയുടെയും പൈലറ്റിന്റെയും കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഇവരുടെയും പൊലീസിന്റെയും നിർദ്ദേശപ്രകാരമായിരിക്കും അടുത്ത നടപടി തീരുമാനിക്കുക.

ജനുവരി 21-ാം തീയതി ഫ്രാന്‍സിലെ നാന്റസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സല സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ കാര്‍ഡിഫ് സിറ്റിയോടൊപ്പം ചേരാനുള്ള യാത്രയിലായിരുന്നു സല. ജനുവരി 21 തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം കാണാതായ ശേഷം സല അയച്ച അവസാന വാട്സ്ആപ്പ് സന്ദേശത്തിന്റെ ഓഡിയോ പുറത്തുവന്നിരുന്നു.

MORE IN WORLD
SHOW MORE