പെണ്ണാകണമെന്ന് അഞ്ചു വയസുകാരൻ അമ്മയോട്; പോരാട്ടം; വേട്ടയാടൽ: വിവാദം

greg-jayden-jody
SHARE

ലോകമെമ്പാടുമുളള ട്രാൻസ്ജെൻറുകൾ പോരാട്ട പാതയിലാണ്. ബ്രിട്ടനിൽ ആദ്യമായി ഗർഭം ധരിച്ച് പ്രസവിക്കുന്ന പുരുഷനായി മാറിയ ഹെയ്ഡൻ ക്രോസിന്റെ പോരാട്ടകഥയ്ക്കു പിന്നാലെ രാജ്യാന്തരമാധ്യങ്ങളിൽ തെളിയുന്ന മറ്റൊരു പേരാണ് അഞ്ചു വയസ് മാത്രം പ്രായമുളള ജയ്ഡൻ റോജേഴ്സിന്റെത്. ബ്രിട്ടനിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫാമിലി എന്ന് വിശേഷണമുളള ജൊഡി– ഗ്രേഗ് ദമ്പതികളും അവരുടെ അഞ്ച് വയസ് മാത്രമുളള ജയ്ഡൻ റോജേഴ്സ് എന്ന അവരുടെ കുഞ്ഞുമാണ് ഹെയ്ഡൻ ക്രോസിനെ പോലെ തന്നെ വാർത്തകളിൽ നിറയുന്നത്. 

ജൻമനാ ബധിരനായിട്ടാണ് ജയ്ഡൻ പിറന്നത്. ഒരു വർഷം മുൻപുമാത്രമാണ് ശസ്ത്രക്രിയയിലൂടെ കേൾവിശക്തി ജയ്ഡന് ലഭിച്ചത്. ആദ്യമായി കേൾക്കാനും നന്നായി സംസാരിക്കാനും തുടങ്ങിയതോടെ ആദ്യമായി ജയ്ഡൻ അമ്മ ജൊഡിയോട് പറഞ്ഞത് ആൺകുട്ടികളുടെ കുപ്പായം തനിക്കു വേണ്ടെന്നും ഒരു പെൺകുട്ടിയായി ജീവിച്ചാൽ മതിയെന്നുമായിരുന്നു. ട്രാൻസ്ജെൻഡർ ദമ്പതികളായ ജൊഡിയും ഗ്രേഗും തങ്ങളുടെ ട്രാൻസ്ജെൻഡർ കുട്ടിയായ ജയ്ഡൻ റോജേഴ്സിനെ ട്രാൻസ്ജെൻഡറായി ജീവിക്കാൻ നിർബന്ധിക്കുന്നുവെന്ന്  കാണിച്ച്  ഒരു കൂട്ടം ആളുകൾ അധികൃതർക്ക് പരാതി നൽകിയതോടെയാണ് ബ്രിട്ടനിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫാമിലി വാർത്തകളിൽ ഇടം നേടിയത്.ജയ്ഡൻ പെൺകുട്ടികളുടെ വേഷത്തിൽ വീടിനു പുറത്തിറിങ്ങി കളിക്കുന്നത് ശ്രദ്ധിക്കപ്പെട്ട ആരോ കൊടുത്ത പരാതിയാണ് കാര്യങ്ങൾ വഷളാക്കിയത്. അന്വേഷണത്തിൽ പരാതി വ്യാജമെന്നു തെളിഞ്ഞുവെങ്കിലും ഈ കുടുംബം ഓൺലൈനിലും സമൂഹമധ്യത്തിലും വേട്ടയാട്ടപ്പെട്ടു. 

അഞ്ചുവയസ്മാത്രം പ്രായമുളള ജയ്ഡൻ റോജേഴ്സ് പുരുഷനായി പിറന്ന് സ്ത്രീയായി ജീവിക്കുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ജയ്ഡന്റെ ലിംഗമാറ്റം ബന്ധുക്കളും സുഹൃത്തുക്കളും അധ്യാപകരുമെല്ലാം ഇതിനകം ഉൾക്കൊണ്ട് കഴിഞ്ഞു. ജയ്ഡന് ജൻമം നൽകി 21 കാരിയായ അമ്മ ജൊഡി ഒരു ട്രാൻസ് സെക്‌‍‌ഷ്യൽ ആയിട്ടാണ് ജനിച്ചത്. വളർത്തച്ഛനായ ഗ്രേഗ് റോജേഴ്സ് (27) സ്ത്രീയായിട്ടാണ് ജനിച്ചത്. മൂന്ന് വർഷങ്ങൾക്കു മുൻപാണ് ഗ്രേഗ് ജൊഡിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും നിയമപരമായി വിവാഹിതരല്ലെങ്കിലും മൂന്ന് വർഷമായി ഇവർ ഒരുമിച്ചാണ്. 

16–ാം വയസിലാണ് ഗ്രേഗ് തന്റെ സ്തനങ്ങൾ നീക്കം ചെയ്തത്. പുരുഷനാകാനുളള ചികിത്സയ്ക്ക് വിധേനയായെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായില്ല. എന്റെ കുഞ്ഞ് ആണായാണ് ജനിച്ചത് ഒരു ഘട്ടത്തിൽ പെണ്ണായി ജീവിക്കാനുളള തീരുമാനം അവളുടെ മാത്രമാണ് ഇക്കാര്യത്തിൽ എനിക്കൊ ഗ്രേഗിനോ പങ്കില്ല ജൊഡി പറഞ്ഞു. കുറച്ചു നാൾ മാത്രം നീണ്ടു നിൽക്കുന്ന ഒരു അവസ്ഥ മാത്രമാകും ജയ്ഡനിൽ കണ്ടത് എന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ ചിന്തയെന്നും പിന്നെ അത് അങ്ങനെയല്ലെന്ന് ബോധ്യപ്പെട്ടുവെന്നും െജാഡി പറയുന്നു. ഒരു കുട്ടിയെ ആർക്കും ട്രാൻസ്ജെൻഡർ ആക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ജൻമനാ അവൾ അങ്ങനെയാണ് ആ ഐഡന്റിയിൽ നന്നായി ജീവിക്കാൻ അവളെ പഠിപ്പിക്കുക മാത്രമാണ് തങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതെന്നും ജൊഡി പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന വേട്ടയാടലുകളെ ഭയക്കുന്നില്ലെന്നും ട്രാൻസ്ജെൻഡർ ഐഡന്റിയിൽ തന്നെ താനും മകളും, ഭർത്താവും മരണം വരെ ധീരതയോടെ ജീവിക്കുമെന്നും ജൊഡി പറയുന്നു. 

MORE IN WORLD
SHOW MORE