മാതാപിതാക്കൾ കൊല്ലപ്പെട്ടു; കാണാതായ മകളെ മൂന്നു മാസത്തിനു ശേഷം കണ്ടെത്തി; നാടകീയം

jayme-closs
SHARE

യുഎസിലെ വിസ്കോൺസിനിൽ മാതാപിതാക്കൾ വെടിയേറ്റു കൊല്ലപ്പെട്ട ദിവസം കാണാതായ പതിമൂന്നുകാരിയെ മൂന്നു മാസത്തിനു ശേഷം കണ്ടെത്തി. ഒക്ടോബർ 15നാണു മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ക്ലോസ് (46) എന്നിവരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. മകൾ ജയ്മി ക്ലോസിനെ മൂന്നുമാസങ്ങൾക്കുശേഷം വ്യാഴാഴ്ച കണ്ടെത്തിയപ്പോൾ ആഹാരം കഴിക്കാതെ എല്ലുന്തിയ നിലയിലായിരുന്നു. ജയ്മിയെ ജീവനോടെ കണ്ടെത്താനായതിൽ പൊലീസ് ആശ്ചര്യം പ്രകടിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പെൺകുട്ടിയെ കാണാതായ സംഭവം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രണ്ടായിരത്തോളം വളന്റിയർമാർ, മിനിപൊലിസിലെ കാടും മലയും അരിച്ചുപെറുക്കി പരിശോധിച്ചു. മാത്രമല്ല, കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25,000 യുഎസ് ഡോളർ പ്രതിഫലവും വാഗ്ദാനം ചെയ്തു.

ക്ലോസ് കുടുംബത്തിന്റെ വീട്ടിൽനിന്ന് ഏകദേശം ഒരു മണിക്കൂർ ഡ്രൈവ് ചെയ്താലെത്തുന്ന ഗോർഡൻ നഗരത്തിൽനിന്നാണു ജയ്മിയെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരിൽനിന്നു രക്ഷപ്പെട്ട ജയ്മി എങ്ങനെയോ ഗോർഡൻ നഗരത്തിലെ ഒരു വീട്ടിലെത്തി ജയ്മി ക്ലോസ് ആണെന്നും പൊലീസിന്റെ നമ്പരായ 911 വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ പൊലീസെത്തി പെൺകുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെങ്ങനെ രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല.

വഴിയരികിൽ ഒരാളെ കണ്ട് ജയ്മി ഇറങ്ങിവന്നതു സമീപത്തെ മരക്കൂട്ടത്തിനിടയിൽനിന്നാണെന്നു പെൺകുട്ടി ആദ്യം സംസാരിച്ച ഫോറെസ്റ്റ് നട്ടറും ഭാര്യ ജിയാനും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പത്തുമിനിറ്റോളം കാത്തിരുന്നശേഷമാണു മരക്കൂട്ടത്തിൽനിന്നു ജയ്മി ഇറങ്ങിവന്നു, നായയുമായി നടക്കാനിറങ്ങിയ ജിയാനോടു സംസാരിച്ചത്. താൻ ജയ്മി ക്ലോസ് ആണെന്നു പറഞ്ഞപ്പോഴെ ജിയാന് ആളെ മനസ്സിലായി. ഉടനെ വീട്ടിൽ കൊണ്ടുവന്നശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു.

മരക്കൂട്ടത്തിനിടയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്തുള്ള ഏതെങ്കിലും വീട്ടിലായിരുന്നിരിക്കണം ജയ്മിയെ പാർപ്പിച്ചിരുന്നത്. കുറച്ചുകാലത്തേക്കു മാത്രം താമസിക്കുന്ന ‘സീസണൽ ഹോം’ ആയിരിക്കും കുട്ടിയെ പാർപ്പിക്കാൻ തിരഞ്ഞെടുത്തിട്ടുണ്ടാവുക. അവിടങ്ങളിൽ മറ്റു താമസക്കാരും കുറവായിരിക്കും. തന്നെ പാർപ്പിച്ച സ്ഥലം എങ്ങനെയുള്ളതാണെന്നും ജയ്മി നട്ടർ ദമ്പതികളോടു പറഞ്ഞു. എന്നാൽ ആരാണു തട്ടിക്കൊണ്ടുപോയതെന്ന് ആ കുട്ടിക്ക് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സംഭവം നടന്നതിനു പിന്നാലെ തന്നെ നിരവധി തുമ്പുകൾ അന്വേഷിച്ച് ഏജൻസികൾ മുന്നോട്ടുപോയിരുന്നു. നിരവധി വിഡിയോകളും പരിശോധിച്ചു. രണ്ടായിരത്തോളം വളന്റിയർമാർ ഇറങ്ങി പ്രദേശം പരിശോധിച്ചു. മാനുകളെ വേട്ടയാടാൻ കാടുകളിലേക്കു പോകുന്നവരോടു സഹായം അഭ്യർഥിച്ചു. എന്തെങ്കിലും തരത്തിലുള്ള തെളിവിനായി കാത്തിരിക്കുമ്പോഴാണു ജയ്മി ജീവനോടെ മുന്നിലെത്തുന്നത്.

എന്നാൽ ഡിഎൻഎ തെളിവുകളോ വിരലടയാളമോ കണ്ടെത്താനായില്ല. ക്ലോസ് ദമ്പതികൾ മരിച്ചുകിടന്ന സ്ഥലത്തുനിന്നു ഷൂവിന്റെ പാടുകൾ പോലും പൊലീസിനു ലഭിച്ചില്ല. പലതവണ തെളിവുകൾതേടി അന്വേഷണ സംഘം സ്ഥലം പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മാതാപിതാക്കൾ കൊല്ലപ്പെടുമ്പോൾ ജയ്മി വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.

MORE IN WORLD
SHOW MORE