മുടി മുറിച്ചതിന് മുറിയിൽ പൂട്ടിയിട്ടു; നാടുവിട്ട സൗദി യുവതിയെ ബാങ്കോക്കിൽ തടഞ്ഞു; വിഡിയോ

rahaf-saudi
SHARE

കുടുംബാംഗങ്ങളുടെ പീഡനത്തെത്തുടർന്ന് നാടുവിട്ട സൗദി യുവതിയെ  ബാങ്കോക്ക് വിമാനത്താവളത്തിൽ തടഞ്ഞുവച്ചതായി പരാതി. റഹാഫ് മുഹമ്മദ് എം അൽ ഖുനുൻ എന്ന പതിനെട്ടുകാരിയെയാണ് തടഞ്ഞുവച്ചത്.  ഓസ്ട്രേലിയയിൽ അഭയം തേടാനായിരുന്നു യുവതിയുെട തീരുമാനം.

ഐക്യരാഷ്ട്രസഭയുടെ അഭയാർ‌ഥി ഏജൻസി തായ്‌ അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം യുവതി വിമാനത്താവളം വിട്ടെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച മുതൽ യുവതിയെ ബാങ്കോക്ക് വിമാനത്താവളത്തിൽ‌ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 

വീട്ടിലേക്ക് തിരിച്ചുപോയാൽ അവർ കൊല്ലുമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം കുവൈറ്റിലെത്തിയപ്പോള്‍, അവിടെ നിന്ന് രക്ഷപെട്ടാണ് റഹാഫ് ബാങ്കോക്കിലെത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളാരും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. കുടുംബത്തിൽനിന്നും നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിൽനിന്ന് രക്ഷപ്പെടുന്നതിനായാണ് നാട് വിടാൻ തീരുമാനിച്ചതെന്ന് റഹാഫ് വ്യക്തമാക്കി. 

കുവൈത്തിലേക്ക് മടക്കി അയക്കാനാ‍ണ് ബാങ്കോക്ക് വിമാനത്താവളത്തിലെ അധികൃതർ ശ്രമിച്ചത് എന്ന് യുവതി പറയുന്നു.  യാത്ര സംബന്ധമായ രേഖകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. അനുവാദമില്ലാതെയാണ് യാത്ര ചെയ്യുന്നതെന്ന് രക്ഷിതാവ് പരാതി നൽകിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരുടെ നടപടിയെന്നും യുവതി കൂട്ടിച്ചേർത്തു. 

കുടുംബത്തിൽ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ചും പെൺകുട്ടി വിശദീകരിച്ചു. മുടി മുറിച്ചതിന്റെ പേരിൽ അവർ ആറുമാസം തന്നെ മുറിയിൽ പൂട്ടിയിട്ടിരുന്നു. സൗദിയിലേക്ക് തിരിച്ച് പോകുകയാണെങ്കിൽ ജയിൽ ശിക്ഷ ഉറപ്പാണ്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയാൽ അവർ എന്നെ കൊന്നുകളയുമെന്ന കാര്യത്തിൽ തനിക്ക് 100 ശതമാനം ഉറപ്പുണ്ട്. തനിക്ക് പേടിയാണെന്നും പ്രതീക്ഷയൊക്കെ നശിച്ചിരിക്കുകയാണെന്നും റഹാഫ് പറഞ്ഞു.

സംഭവത്തോടെ സൗദി അറേബ്യയുടെ കർശന നിയമങ്ങള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.യാത്ര ചെയ്യാൻ പുരുഷ രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധക്കെതിരെ വിമർശനങ്ങളുയരുന്നുണ്ട്. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.