14 വർഷം കോമയിൽ കഴിഞ്ഞ യുവതി പ്രസവിച്ചു; അമ്പരപ്പ്; പ്രതിഷേധച്ചൂടിൽ അമേരിക്ക

hacienda-healthCare
SHARE

അമേരിക്കയിലെ അരിസോണയിൽ അപകടത്തെ തുടർന്ന് 14 വർഷം കോമയിൽ കഴിഞ്ഞ സ്ത്രീ പ്രസവിച്ചു. 24 മണിക്കൂറും പരിചരണം ആവശ്യമായിരുന്ന അതിദയനീയ അവസ്ഥയിലായിരുന്ന സ്ത്രീ പീഡനത്തിരയാകുകയും പിന്നീട് പ്രസവിക്കുകയും ആയിരുന്നു. ഡിസംബർ 29 നാണ് യുവതി ആൺകുഞ്ഞിന് ജൻമം നൽകിയത്. അരിസോണയിലെ ആരോഗ്യ പരിപാലന കേന്ദ്രമാണ് യുവതിയെ ശുശ്രൂഷിച്ചു വരുന്നത്. യുവതി ഗർഭിണിയായ വിവരം ഇവിടത്തെ ജീവനക്കാർ അറിഞ്ഞില്ലെന്നതും ദുരൂഹമാണ്. 

യുവതിയുടെ സമീപത്തുണ്ടായിരുന്നു നഴ്സാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും കുട്ടി പുറത്തുവരും വരെ യുവതി ഗർഭിണിയാണെന്ന കാര്യം ഇവർ മനസിലാക്കിയിരുന്നില്ലെന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്. ആരോഗ്യ കേന്ദ്രത്തിലെ പുരുഷ ജീവനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ഇവരുടെ ഡിഎൻഎയുമായി ഒത്തുനോക്കി യുവതിയെ പീഡിപ്പിച്ചതാരാണെന്ന് കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.  

ഹസിയെന്‍ഡ് ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നേരത്തേയും രോഗികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. ലൈംഗിക അതിക്രമങ്ങളെ തുടര്‍ന്ന് 2013ല്‍ ആശുപത്രിക്ക് മെഡിക്കല്‍ ഫണ്ട് നിഷേധിക്കുകയും ചെയ്തിരുന്നു. ആശുപത്രി അധികൃതർ തന്നെയാണ് പീഡനം പൊലീസിനെ അറിയിച്ചത്. ഖേദകരമായ സംഭവമാണ് നടന്നതെന്നും സംഭവത്തിൽസത്യം പുറത്തു വരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രിക്കെതിരെ വൻ പ്രതിഷേധമാണ് അരിസോണയിൽ ഉയരുന്നത്. പെഡ്രോ ആല്‍മോതാവര്‍ എന്ന സ്പാനിഷ് സംവിധായകന്റെ 'ടോക്ക് ടു ഹെര്‍' എന്ന സിനിമയിൽ മാത്രമാണ് ഇത്തരം കഥാപാത്രത്തെ മുൻപ് കണ്ടതെന്നും മനസാക്ഷിക്ക് നിരക്കാത്ത സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നുമാണ് അരിസോണയിൽ നിന്നുയരുന്ന പൊതുവികാരം. എന്തും വില കൊടുത്തും യഥാർത്ഥ പ്രതിയെ കണ്ടെത്തി മുഖം രക്ഷിക്കാനുളള ശ്രമത്തിലാണ് അധികൃതർ. 

MORE IN WORLD
SHOW MORE