‘കന്യകാത്വം ഭർത്താവിന് വേണ്ടി സൂക്ഷിച്ചു വയ്‌ക്കേണ്ട നിധിയല്ല'; കൽക്കി കേക്ക്‌ലാൻ

kalki-koechlin-actress
SHARE

കന്യകാത്വം നിധി പോലെ കാത്തു സൂക്ഷിക്കേണ്ട ഒന്നല്ലെന്നും, ഭർത്താവിന് വേണ്ടി കാത്തുസൂക്ഷിക്കേണ്ട ഒന്നല്ലെന്നും ബോളിവുഡ് നടി കൽക്കി കേക്ക്‌ലാൻ.പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നു പറച്ചിൽ. ലൈംഗിക ബന്ധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും തുറന്നു പറയാൻ  മടിക്കേണ്ട കാര്യമില്ലെന്നും ലൈംഗിക ചൂഷണങ്ങൾ അവസാനിപ്പിക്കേണ്ടതാണെന്നും കൽക്കി കേക്ക്‌ലാൻ പറഞ്ഞു.സ്ത്രീകൾക്കെതിരെയുള്ള കയ്യേറ്റങ്ങളും അതിക്രമങ്ങളും അവസാനിക്കണമെങ്കിൽ സമൂഹം ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാൻ തയാറാകണമെന്നും സ്ത്രീ പുരുഷന്മാർ ലൈംഗികപരമായും ശാക്തീകരിക്കപ്പെടണമെന്നുമാണ് കൽക്കി പറഞ്ഞത്.

 ‘മീ ടൂ’പ്രസ്ഥാനത്തെകുറിച്ചും ലൈംഗികതയെ കുറിച്ച് ബോധവൽക്കരണം നടത്തേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും കൽക്കി സംസാരിച്ചു. ‘നോ എന്ന് ഒരു സ്ത്രീ പറഞ്ഞാൽ മിക്ക പുരുഷന്മാരും കരുതുന്നത് അത് സംസാരം തുടങ്ങാനുള്ള ഒരു ഉപാധിയാണെന്നാണ്. നമ്മൾക്ക് അങ്ങനെയൊരു സംസ്കാരമാണ് ഉള്ളത്. നോ പറഞ്ഞു കഴിഞ്ഞാലും പുരുഷന്മാർ അവളെ വിടില്ല. നോ പറഞ്ഞു അവൾ തളരുമെന്നും, ഒടുവിൽ അവൾ സമ്മതിക്കുമെന്നും അവർ കരുതുന്നു. അങ്ങനെ ‘നോ’, ‘യെസ്’ ആകുന്നത് വരെ അവർ ശ്രമം തുടരുന്നു. ഇതിനെ നമ്മൾ തിരിച്ചറിയണം’ കൽക്കി പറഞ്ഞു.

ലൈംഗികത വിശുദ്ധമാണ്, അശുദ്ധമാണ് എന്ന ചിന്തയാണ് ആദ്യം നിർത്തേണ്ടത്. കന്യകാത്വമെന്നത് പെൺകുട്ടികൾ ഒരു നിധി പോലെ സംരക്ഷിക്കേണ്ടതോ പിന്നീട് ഭർത്താവിന് സമ്മാനമായി നൽകേണ്ടതോ അല്ല. അശുദ്ധമായത് എന്ന മേൽവിലാസം നൽകിക്കഴിഞ്ഞാൽ അത് ചെയ്യാനൊരു പ്രലേഭനമുണ്ടാകും. എന്തിനെങ്കിലും വിശുദ്ധിയുള്ളത് എന്ന മേൽവിലാസം നൽകിയാൽ അതു ചെയ്യാനൊരു ധൈര്യം കിട്ടുകയും ചെയ്യും – കൽക്കി പറയുന്നു.

ലൈംഗികതയെക്കുറിച്ചും ലൈംഗികാതിക്രമങ്ങളെക്കുറിച്ചും മക്കളോട് സംസാരിക്കാൻ ഇന്ത്യയിലെ മാതാപിതാക്കൾ ഇനിയെങ്കിലും തയാറാകണമെന്നും കൽക്കി പറയുന്നു.‘ലൈംഗിക ചൂഷണത്തെ കുറിച്ച് പറയാതെ അവരോടു ലൈംഗിക സുഖത്തെക്കുറിച്ച് സംസാരിക്കരുത്. ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അവരെ മനസിലാക്കിക്കണം.’ ലൈംഗികതയെയും ലൈംഗിക ചൂഷണത്തെക്കുറിച്ചും കുട്ടികളെ നിർബന്ധമായും മാതാപിതാക്കൾ പറഞ്ഞു മനസിലാക്കണമെന്നും കൽക്കി പറയുന്നു.

ഇപ്പോൾ പെൺകുട്ടികളും സ്ത്രീകളും വിദ്യാഭ്യാസമുള്ളവരും സ്വയം പര്യാപ്തരുമാണ്. പക്ഷേ, പുരുഷന്മാരിൽ പലർക്കും മോഡേണായ, ഫോർവേഡായി ചിന്തിക്കുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് നല്ല ധാരണയില്ലെന്നും കൽക്കി പറയുന്നു. അതുകൊണ്ട് എങ്ങനെ പെരുമാറണമെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും കൽക്കി അഭിപ്രായപ്പെടുന്നു.

MORE IN WORLD
SHOW MORE