ജാക്കിച്ചാൻ സിനിമയിലെ സെക്സ് സീൻ ടിവിയിൽ; ടെലിവിഷൻ മേധാവിയുടെ പണി പോയി

shinjuku-incident-movie
SHARE

ജാക്കിച്ചാന്റെ സിനിമകളെ കുറിച്ചു ഓർക്കുമ്പോൾ ആദ്യമായി മനസിൽ വരുക ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ മാത്രമാകും. നർമ്മവും െപാടിക്കൈകളും ചേർത്ത മികച്ച സംഘടന രംഗങ്ങൾ സിനിമാപ്രേമികൾക്ക് മികച്ച ഓർമ്മ തന്നെയാകും. ഹോളിവുഡ് സിനിമകളിലേതു പോലെ അതിരു കടന്ന സെക്സ് സീനുകൾ വളരെ അപൂർവ്വമായേ ജാക്കിച്ചാൻ സിനിമകളിൽ ഇടം പിടിക്കാറുളളു. എന്നാൽ ജാക്കിച്ചാൻ സിനിമയിലെ സെക്സ് സീനുകൾ ടെലിവിഷനിൽ പ്രദർശിപ്പിച്ചതിന് ഇറാനിലെ ടെലിവിഷൻ മേധാവിയുടെ ജോലി തെറിച്ച സംഭവമാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴിമരുന്നിടുന്നത്.

ഇറാനിലെ കിഷ് ഐലന്‍ഡിലെ പ്രാദേശിക ടിവി സ്റ്റേഷനാണ് അബദ്ധത്തില്‍ അശ്ലീല രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിച്ചത്. സിനിമയിൽ ലൈംഗിക തൊഴിലാളിയായ സ്ത്രീയുമായി ജാക്കിച്ചാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗങ്ങളാണ് ടിവി ചാനൽ പ്രദർശിപ്പിച്ചത്. 2009 ൽ പുറത്തിറങ്ങിയ ജാക്കിച്ചാൻ ചിത്രം ഷിൻചുകു ഇൻസിഡന്റ് (Shinjuku Incident) ലെയാണ് രംഗം. സെൻസർഷിപ്പ് നിയമങ്ങൾ അതികർശനമായി പിന്തുടരുന്ന ഇറാൻ പോലുളള രാജ്യത്ത് ഇത്തരമൊരു രംഗം ഉണ്ടാക്കിയ പുലിവാൽ ചെറുതൊന്നുമല്ലായിരുന്നു. ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയാണ് പ്രാദേശിക മേധാവിക്കെതിരേ നടപടിയെടുത്തത്. ഐആര്‍ഐബിയുടെ നിയമങ്ങള്‍ക്ക് എതിരാണ് എന്നാരോപിച്ചാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്. 

ലൈംഗിക തൊഴിലാളിയായി അഭിനയിച്ച സ്ത്രീയെ ജാക്കിച്ചാൻ വിവാഹം കഴിച്ചുവെന്ന് അടിക്കുറിപ്പ് കാണിച്ചിരുന്നുവെങ്കിൽ സംഭവം വിവാദമാകില്ലായിരുന്നുവെന്ന് ഐആര്‍ഐബി ടിവി അവതാരകൻ പറഞ്ഞതും വിവാദത്തിൽ ഇടം നേടി. ഇതിന് മുന്‍പ് ഒരു സ്ത്രീയും പുരുഷനും കൈപിടിച്ച് പോകുന്ന രംഗത്തില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇവര്‍ വിവാഹിതരായി എന്ന് എഴുതിക്കാണിച്ചതിനെ തുടർന്ന് നടപടികളിൽ നിന്ന് രക്ഷപ്പെട്ട സംഭവമാണ് ആ അവതാരകൻ തുറന്നു കാട്ടിയത്. ടെഹാനിലെ ആസാദ് യൂണിവേഴ്സ്റ്റിയിൽ പത്ത് വിദ്യാർഥികൾ ബസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഫലപ്രദമായ അന്വേഷണമോ നടപടിയോ പ്രഖ്യാപിക്കാതെ ഒരു ടെലിവിഷൻ രംഗത്തിന്റെ പേരിൽ നടപടിയെടുക്കുന്നതിനെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാകുകയാണ്. 

MORE IN WORLD
SHOW MORE