ശരീരപുഷ്ടിക്കായി മരുന്നുകൾ കഴിച്ചു; വൃക്ക നഷ്ടമായെന്ന് മുൻ മിസ് ഇന്റർനാഷണൽ

bea-rose-santiago
SHARE

66 മത്സരാർത്ഥികളെ പിന്തളളി കൊണ്ടായിരുന്നു 2013 ൽ ഫിലിപ്പൈൻ സുന്ദരി ബീ റോസ് സാന്റിയാഗോ മിസ് ഇന്റർനാഷണൽ പട്ടം നേടിയത്. സൗന്ദര്യ വർധക മരുന്നുകൾ കഴിച്ചു വൃക്ക നഷ്ടമായെന്ന വെളിപ്പെടുത്തലിലൂടെയാണ്  ബീ റോസ് സാന്റിയാഗോ വീണ്ടും വാർത്തകളിൽ നിറയുന്നത്. 

ശരീരപുഷ്ടിക്കായി കഴിച്ച മരുന്നുകൾ ജീവിതം തന്നെ തകരാരിലാക്കിയെന്ന് സാന്റിയാഗോ ഒരു ടെലിവിഷൻ ഷോയിൽ വെളിപ്പെടുത്തി. വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയിലൂടെ മാത്രമേ തന്റെ ജീവൻ രക്ഷിക്കാൻ കഴിയുവെന്നും റോസ് പറയുന്നു.

ടോക്കിയോയിൽ വച്ചു നടത്തിയ പരിശോധനയിലാണ് റോസിന് വൃക്ക തകരാരാണെന്ന കാര്യം സ്ഥിരികരിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ  തനിക്ക് വൃക്ക രോഗം ബാധിച്ചതായി ഇരുപത്തെട്ടുകാരിയായ സാന്റിയാഗോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു.  ഉയർന്ന അളവിൽ ക്രെയാറ്റിൻ അടങ്ങിയ പൗഡറുകൾ വൃക്കയെ തകരാറിലാക്കിയെന്നാണ് റോസ് പറഞ്ഞത്. 

ശക്തമായ വിട്ടുമാറാത്ത തലവേദനയെ തുടർന്നാണ് ഡോക്ടർമാരെ സമീപിക്കാൻ റോസ് നിർബന്ധിതയായത്. രോഗം സ്ഥിരികരിച്ചതോടെ ചികിത്സ ആരംഭിച്ചുവെങ്കിലും ഡയാലിസിസിലൂടെ വൃക്കയുടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.

റോസിന്റെ ബന്ധുതന്നെ വൃക്ക ദാനം ചെയ്യാൻ മുന്നോട്ടു വന്നെങ്കിലും ശസ്ത്രക്രിയ എന്നു നടത്താൻ സാധിക്കുമെന്ന കാര്യത്തിൽ തീരുമാനമായില്ല. ജിമ്മിൽ അതിരുവിട്ട് സമയം ചെലവഴിച്ചതാണ് തനിക്കു വിനയായതെന്നാണ് റോസിന്റെ വാദം. ജിമ്മിൽ വർക്കൗട്ടിനു മുൻപ് സ്ഥിരമായി വർക്കൗട്ട് സപ്ലിമെന്റ്സ് കഴിച്ചിരുന്നു. ഇവയിലടങ്ങിയ ക്രെയാറ്റിൻ ആണ് വൃക്കയെ ബാധിച്ചതെന്ന് റോസ് പറയുന്നു. 

MORE IN WORLD
SHOW MORE