അഗ്നിപര്‍വതം തീതുപ്പി, കടൽ കലിതുള്ളി; ഇന്തൊനീഷ്യയിൽ ‘തീക്കടൽ’, ഇരച്ചുകയറി സൂനാമി

indonasia-tsunami
SHARE

ഇന്തൊനീഷ്യയിലെ പാലു, സുലവേസി പ്രദേശങ്ങളെ തച്ചുതകർത്ത ഭൂകമ്പവും സൂനാമിയും ആഞ്ഞടിച്ചു മൂന്നു മാസം തികയാനിരിക്കുന്നതേയുള്ളൂ. സെപ്റ്റംബർ 28 നുണ്ടായ ദുരന്തത്തിൽ മരിച്ചത് രണ്ടായിരത്തിലേറെപ്പേരാണ്. സൂനാമി മുന്നറിയിപ്പു പോലും ശരിയായ വിധത്തിൽ നൽകാതിരുന്നതാണു പാലുവിലും സുലവേസിയിലും മരണസംഖ്യ കൂടാൻ കാരണമായത്. സൂനാമി മുന്നറിയിപ്പു സംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള സർക്കാർ നീക്കങ്ങൾ തുടരുന്നതിനിടെയാണു പുതിയ സംഭവം

ഇത്തവണയും സർക്കാർ യാതൊരു മുന്നറിയിപ്പും നൽകിയില്ല. അതിനാൽത്തന്നെ ഒരിടത്തു കടൽത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകൾ ഇരമ്പിയാർത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യൻ ബീച്ചുകളിലെത്തിയിരിക്കുന്നത്. 222 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സർക്കാർ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ശനിയാഴ്ച രാത്രിയുണ്ടായ സൂനാമിയെത്തുടർന്നു പലയിടത്തേക്കുമുള്ള  റോഡുകൾ  തകർന്നിരിക്കുകയാണ്. വൈദ്യുതി ബന്ധവും തകരാറിലായി. എണ്ണൂറോളം പേർക്കു സൂനാമിയിൽ പരുക്കേറ്റിട്ടുണ്ട്. സൂനാമിക്കു മുൻപ് ഭൂകമ്പം ഇല്ലായിരുന്നുവെന്നാണ് ഇന്തൊനീഷ്യൻ ജിയോളജിക്കൽ വകുപ്പ് പറയുന്നത്. അതിനാൽത്തന്നെ യാതൊരു സൂചനയും ലഭിച്ചില്ല. വേലിയേറ്റത്തിന്റെ ഭാഗമായി തിരയടിച്ചു കയറിയതാണെന്നായിരുന്നു തുടക്കത്തിൽ വാദം. എന്നാൽ മിനിറ്റുകൾക്കകം ദുരന്ത നിവാരണ ഏജൻസി തങ്ങളുടെ വാക്കുകൾ തിരുത്തി; സൂനാമിയാണെന്ന് ഉറപ്പാക്കി

എന്നാൽ അതിനു പിന്നിൽ പ്രവർത്തിച്ച ‘പ്രകൃതിശക്തി’ എന്താണെന്നു മാത്രം ഇപ്പോഴും വ്യക്തമായിട്ടില്ല. സംശയത്തിന്റെ വിരൽമുന നീളുന്നത് ഒരു അഗ്നിപർവതത്തിലേക്കാണ്. സുമാത്ര, ജാവ ദ്വീപുകൾക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്നിപർവതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്നിപർവതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്നിപർവത സ്ഫോടനം ഉണ്ടാകുന്നത് 1883 ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലിൽനിന്ന് ‘അനക്’ ഉയർന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.

ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കൽ ഏജൻസി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനിറ്റോളം അനക്കിൽനിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റർ ഉയരത്തിൽ ചാരം ചിതറിത്തെറിക്കുകയും ചെയ്തു. ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്നിപർവതം തീതുപ്പുകയായിരുന്നു. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് കടലിന്നടിയിലെ ഭൂഫലകങ്ങളുടെ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കുമ്പോൾ ഇതു സംഭവിക്കാറുണ്ട്; എന്നാൽ വളരെ അപൂര്‍വമായി മാത്രം. കടൽവെള്ളം സ്ഫോടനത്തിനു പിന്നാലെ ഇരമ്പിയാർക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നിൽ അഗ്നിപർവതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്

ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റർനാഷനൽ സൂനാമി ഇൻഫർമേഷൻ സെന്റർ പറയുന്നു. എന്നാൽ അന്തിമറിപ്പോർട്ട് പുറത്തെത്തിയിട്ടില്ല.

പസഫിക് സമുദ്രത്തിൽ ടെക്ടോണിക് ഫലകങ്ങൾക്ക് അടിക്കടി സ്ഥാനചലനം സംഭവിക്കുന്ന ‘റിങ് ഓഫ് ഫയർ’ മേഖലയിലാണ് ഇന്തൊനീഷ്യ. ഇക്കാരണത്താൽത്തന്നെ ഇവിടെ ഭൂകമ്പവും സൂനാമിയും അഗ്നിപർവത സ്ഫോടനവും പതിവാണ്. ശനിയാഴ്ചയിലെ ഭൂകമ്പത്തെത്തുടർന്ന് ആയിരക്കണക്കിനു പേരാണ് വീടും ഹോട്ടലുകളും വിട്ട് സുരക്ഷിത സ്ഥാനത്തേക്കു മാറിയത്. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. തെക്കൻ സുമാത്ര തീരത്തും ജാവയുടെ പടിഞ്ഞാറൻ തീരത്തുമാണ് രാത്രി ഒൻപതരയോടെ സൂനാമി ആഞ്ഞടിച്ചത്. ഒട്ടേറെ പേരെ കാണാതായിട്ടുണ്ട്

ഞായറാഴ്ച ഉച്ച വരെ 168 പേർ മരിച്ചു, 700 പേർക്കു പരുക്കേറ്റു– എന്നാണ് ദുരന്ത നിവാരണ ഏജൻസി റിപ്പോർട്ട്. സൂനാമിയല്ല, വേലിയേറ്റമാണ് ഉണ്ടായതെന്ന ആദ്യ മുന്നറിയിപ്പിന് ഏജൻസി മാപ്പു പറയുകയും ചെയ്തു. ഒട്ടേറെ മരങ്ങൾ കടപുഴകി, റോഡുകൾ തകർന്നു. എല്ലുകളൊടിഞ്ഞാണ് ഭൂരിപക്ഷം പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഒട്ടേറെ കേന്ദ്രങ്ങളും തയാറാക്കിയിട്ടുണ്ട്.

MORE IN WORLD
SHOW MORE