ഗിസ പിരമിഡിനു മുകളിൽ നഗ്നരായി ദമ്പതികൾ; അന്വേഷണം: വിവാദം

egypt-nude-khufu-pyramid
ദമ്പതികൾ പിരമിഡിനു മുകളിൽ വച്ചെടുത്ത ചിത്രം. കടപ്പാട്: ഇൻസ്റ്റഗ്രാം, പിരമിഡ് ചിത്രം കടപ്പാട്: സിഎൻഎൻ
SHARE

വിനോദ സഞ്ചാരത്തിനെത്തി ഇപ്പോൾ സോഷ്യൽ ലോകത്തും ഇൗജിപ്തിലും പുലിവാല് പിടിച്ചിരിക്കുകയാണ് ഇൗ ദമ്പതികൾ. വൻപ്രതിഷേധമാണ് ഇവർക്കെതിരെ ഉയരുന്നത്.  ഈജിപ്തിൽ ഗിസയിലെ പ്രശസ്ത കുഫു പിരമിഡിന് മുകളിൽ വിലക്കുകൾ മറികടന്ന് കയറി നഗ്നരായി ചിത്രമെടുത്തിരിക്കുകയാണ് ഇൗ ഡാനിഷ് ദമ്പതികൾ. ഇവർ പിരമിഡിൽ കയറുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പ്രതിഷേധമുയർന്നത്.  

ഗിസ പിരമിഡിൽ ദമ്പതികൾ കയറുന്നതിന്റെ മൂന്നു മിനിറ്റുള്ള വിഡിയോയാണു പുറത്തുവന്നിരിക്കുന്നത്. രാത്രിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നതെന്നു രാജ്യാന്തരമാധ്യമമായ സിഎൻഎൻ റിപ്പോർട്ടു ചെയ്യുന്നു. പിരമിഡിന്റെ മുകളില്‍ എത്തുന്നതോടെ യുവതി തന്റെ ഷർട്ട് ഊരുകയും സെൽഫി എടുക്കുകയും ചെയ്യുന്നിടത്താണു വിഡിയോ അവസാനിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ആന്റിക്വിറ്റിസ് മന്ത്രി ഖാലെദ് അൽ–അനാനി പ്രോസിക്യൂട്ടർ ജനറലിന് നിർദേശം നൽകി. വിദേശികളായ രണ്ടു പേർ രാത്രിയിൽ പിരമിഡിനു മുകളിലേക്കു കയറുന്നതിന്റെ വിഡിയോയും ചിത്രവുമെടുത്തതു സദാചാരം ലംഘിക്കുന്നതാണ്. അതിൽ കൃത്യമായ അന്വേഷണത്തിലൂടെ സത്യം കണ്ടെത്തി നടപടിയെടുക്കണമെന്ന് നിർദേശിച്ചതായി മന്ത്രി പറഞ്ഞു.

ന്യൂഡ് ആർട്ടിസ്റ്റായ ഡാനിഷ് ഫോട്ടോഗ്രാഫർ ആൻഡ്രിയാസ് ഹവിദാണ് വി‍ഡിയോ യൂട്യൂബിൽ പോസ്റ്റു ചെയ്തതെന്ന് ഈജിപ്തിലെ അഹ്റം ഓണ്‍ലൈൻ റിപ്പോർട്ടു ചെയ്യുന്നു. ലോകത്തിലെ പ്രശസ്തമായ പല സ്ഥലങ്ങളിലും ഇദ്ദേഹം നഗ്നഫോട്ടോകൾ എടുത്തിട്ടുണ്ട്. പിരമിഡിൽ കയറുന്നതും നഗ്നരായി ഫോട്ടോ എടുക്കുന്നതും ഈജിപ്തിൽ കുറ്റകരമാണ്.

MORE IN WORLD
SHOW MORE