കൈകൾ പുറത്തുകാണുന്ന വസ്ത്രം; മാധ്യമപ്രവർത്തകയെ പുറത്താക്കി; രോഷം

patricia-ausis
SHARE

മോശം വസ്ത്രധാരണത്തിന്  എബിസി റേഡിയോ നാഷണൽ അവതാരക പട്രീഷ്യ കാർവലസിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കൈകൾ ഒരുപാട് കാണുന്ന വിധത്തിൽ വസ്ത്രം ധരിച്ചെന്ന കുറ്റം ചുമത്തി ഓസ്ട്രേലിയൻ പാർലമെന്റിലെ ചോദ്യോത്തരവേളയിൽ നിന്നാണ് പട്രീഷ്യയെ പുറത്താക്കിയത്. 

ധരിച്ച വസ്ത്രത്തിന്റെ ചിത്രവും സെൽഫിയും പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിക്കുകയാണ് പട്രീഷ്യ. 'ഓസീസ് പാർലമെന്റിന് ഭ്രാന്താണോ' എന്ന് പട്രീഷ്യ ചോദിക്കുന്നു. പട്രീഷ്യക്ക് പിന്തുണയുമായി നിരവധി പേരെത്തി. 

പ്രസ് ഗാലറിയിൽ പതിവുപോലെ വാർത്ത റിപ്പോർ‌ട്ട് ചെയ്യാനെത്തിയതാണ് പട്രീഷ്യ. ചോദ്യോത്തരവേളക്ക് മുൻപ് അറ്റൻഡന്റ് എത്തി പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. കൈകൾ പുറത്തുകാണുന്ന വസ്ത്രം ധരിച്ചതിനാൽ സ്പീക്കറാണ് പുറത്തുപോകാൻ അറിയിച്ചതെന്ന് അറ്റൻഡന്റ് അറിയിച്ചു. ശരീരം മറച്ചുവേണം പാർലമെന്റിലെത്താൻ എന്ന നിര്‍ദേശവും ലഭിച്ചു. 

സംഭവം വിവാദമായതിനെത്തുടർന്ന് ഓസ്ട്രേലിയൻ പാർലമെന്റിലെ വെബ്സൈറ്റിൽ വിശദീകരണം പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണം തികച്ചും വ്യക്തിപരമായ കാര്യമാണ്. ഓരോ വ്യക്തിയുടെയും വിവേചനാധികാരത്തിൽപ്പെടുന്നതാണ് വസ്ത്രത്തിന്റെ തിരഞ്ഞെടുപ്പും. എങ്കിലും പുരുഷൻമാർ ട്രൗസറും ജാക്കറ്റും ടൈയും ധരിച്ചു പാർലമെന്റിൽ എത്തുന്നതാണു നല്ലത്. സമാനമായ ഫോർമൽ വസ്ത്രധാരണം സ്ത്രീകളിൽ‌നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് വെബ്സൈറ്റിൽ പറയുന്നത്.

തന്റെ വേഷത്തിൽ ഒരു കുഴപ്പവും കാണാൻ കഴിയുന്നില്ലെന്ന് പട്രീഷ്യ പറയുന്നു. പ്രൊഫഷണലായ വേഷമാണത്. എനിക്കേറെ ഇഷ്ടപ്പെട്ട വേഷം. പക്ഷേ അറ്റൻഡന്റ് പറയുന്നത് ഈ വേഷം ഉചിതമല്ലെന്ന്. ഈ വേഷത്തിൽ പാർലമെന്റിൽ വരാൻ പാടില്ലെന്നും പുറത്തുപോകണമെന്നും അവർ ആവശ്യപ്പെടുന്നു. യഥാർഥത്തിൽ ചോദ്യത്തരവേളയിൽനിന്ന് എന്നെ ചവിട്ടിപുറത്താക്കുകയായിരുന്നു... പട്രീഷ്യ വിശദീകരിച്ചു. ട്വീറ്റ് വൈറലായതോടെ കൈകൾ പുറത്തുകാണുന്ന ചിത്രങ്ങൾ‌ പോസ്റ്റ് ചെയ്ത് കൂടുതൽ സ്ത്രീകൾ രോഷമറിയിച്ച് എത്തി. 

പാർലമെന്റംഗം ജൂലി ബിഷപ്പിന്റെ വസ്ത്രവും അതിനിടെ ചർച്ചയായി. സ്ലീവ്‌ലെസ് ടോപ്പുകൾ ധരിച്ചാണ് ജൂലി എപ്പോഴും പാർലമെന്റിലെത്താറ്. അതിലൊന്നും പ്രതിഷേധിക്കാത്ത സ്പീക്കർ‌ ഒരു മാധ്യമപ്രവർത്തകയോട് ഇത്തരത്തിൽ പെരുമാറിയതിലാണ് പ്രതിഷേധം. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.