ശമ്പളസ്‌കെയില്‍ വെറും ‘50 പൈസ’; പട്ടിണി; ശരീരം വില്‍ക്കുന്നവര്‍; വെനസ്വേലയിൽ ഇനിയെന്ത്?

protesters-venezuela
SHARE

എന്തൊരു പതനമായിരുന്നു അത്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായിരുന്നു വെനസ്വേല. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. ദൈവം വിചാരിച്ചാലും മഡൂറോയെ അധികാരത്തിൽ നിന്ന് ആർക്കും മാറ്റാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിലെ മുഖ്യ എതിരാളിയായ ഫാൽക്കൺ ആണ്. ജനാധിപത്യത്തെ അട്ടിമറിച്ച് മഡൂറോ വീണ്ടും അധികാരത്തിൽ എത്തി. സാമ്പത്തികമായി തകർന്ന് മുട്ടിലിഴിയുന്ന രാജ്യത്തിനു വേണ്ടി ചെറുവിരൽ അനക്കാതിരുന്നിട്ടും മഡൂറോ ഭരണം പിടിച്ചു. വ്യാപക ക്രമക്കേടുകൾ നടത്തി വീണ്ടും അധികാരത്തിൽ. ഈ വർഷം സെപ്തംബറിൽ മഡൂറോയ്ക്ക് വേണ്ടി മഡൂറോ തന്നെ നിയമിച്ച ഭരണഘടനാ സഭ തിരഞ്ഞെടുപ്പ് നേരത്തേയാക്കി. ഇനിയൊരു തിരിച്ചു വരവ് വെനസ്വേലയ്ക്ക് ഉണ്ടാകില്ലെന്നു തന്നെയാണ് ലോകരാജ്യങ്ങളുടെ തീർപ്പ്. 

ഒരിക്കലും വറ്റാത്ത എണ്ണപ്പാടങ്ങൾ വെനസ്വേലയിലേയ്ക്ക് പണമൊഴുകാൻ കാരണമായി. 1999 ഹ്യൂഗോ ഷാവേസ് പ്രസിഡന്റ് പദവിയിൽ എത്തിയതോടെ  എണ്ണ കയറ്റുമതിയിൽ  രാജ്യത്തു കുമിഞ്ഞു കൂടുന്ന വരുമാനം ജനങ്ങളുടെ ക്ഷേമത്തിനായി പൂർണമായി ഉപയോഗിക്കാൻ പദ്ധതികൾ തയ്യാറാക്കി. നിസ്വാർത്ഥമായ ജനക്ഷേമത്തിനായിരുന്നു ഊന്നൽ.  ഷാവേസ് ഭരണത്തിൽ 2010 വരെയുള്ള കാലയളവിൽ വെനസ്വേല വൻ വളർച്ചയുടെ പാതയിലായിരുന്നു. ഷാവേസിന്റെ ബൊളിവാരിയന്‍ വിപ്ലവനയങ്ങള്‍ തിരിച്ചടിച്ചു. 2010 അവസാനത്തോടെ  രാജ്യം വൻ തിരിച്ചടി നേരിട്ടു. സർക്കാർ പിടിച്ചെടുത്ത ഭുമി കൃഷിക്കോ വ്യവസായങ്ങൾക്കോ ഉപയോഗിക്കാതെ തരിശിട്ടത് സമ്പന്ന രാജ്യത്തെ ദാരിദ്രത്തിലേയ്ക്ക് കൂപ്പുകുത്തിച്ചു. എക്സോണ്‍ മൊബില്‍ അടക്കമുള്ള ഭീമന്‍ നിക്ഷേപകര്‍ രാജ്യം വിട്ടു.  ഷാവേസിനു ശേഷം ഷാവേസിന്റെ ഏഴയലത്തുപോലും ജനപിന്തുണയില്ലാത്ത മഡൂറോ വന്നതോടെ വെനസ്വേലയുടെ പതനം പൂര്‍ണമായി.

venezuela-exile

ഒരു ഭരണാധികാരിയും രാജ്യവും എങ്ങനെയാകരുത് എന്നതിന് നേർസാക്ഷ്യമായിരുന്നു മഡൂറോയെന്ന് വിമര്‍ശകര്‍ പറയുന്നു.  വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി അന്യനാട്ടുകളിൽ ശരീരം വിൽക്കുന്ന  സ്ത്രീകൾ വെനസ്വേലയിലെ നിത്യകാഴ്ചയാണ്. പട്ടിണി കൊണ്ട് സ്വന്തം കുഞ്ഞുമക്കളെ പോലും വിൽക്കേണ്ട ഗതികേടിലാണ് ഇവിടത്തെ മാതാപിതാക്കൻമാർ. അതിദാരുണമായി വാർത്തകളാണ് ഇപ്പോൾ വെനസ്വേലയിൽ നിന്നും പുറത്തു വരുന്നത്.  2017 ലാണ് സാമ്പത്തിക പ്രതിന്ധിയിൽ നിന്ന് കരകയറാൻ പുതിയ പദ്ധതിയുമായി നിക്കോളാസ് മഡൂറോ രംഗത്തെത്തിയത്. പ്രതിസന്ധി മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി നയം നടപ്പാക്കിയത് സാമ്പത്തിക രംഗത്ത് മഡൂറോ അടിച്ച അവസാനത്തെ ആണിയായിരുന്നു.  മാത്രമല്ല എണ്ണ, ഗ്യാസ്, സ്വര്‍ണം, ഡയമണ്ട് ശേഖരം എന്നിവയുടെ പെട്രോകൗണ്ടന്‍ റേറ്റ് പിന്‍വലിക്കുകയും ചെയ്തു. ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുന്നതോടെ വെനസ്വേലയ്ക്ക് ധനപരമായ പരമാധികാരം ഉറപ്പിക്കാന്‍ കഴിയുമെന്നും സാമ്പത്തിക ഉപരോധത്തെ മറികടക്കാനും സഹായിക്കുമെന്ന് സോഷ്യലിസ്റ്റ് പ്രസിഡന്റ് ആയ മഡൂറോ വിശ്വസിച്ചു. 

വെനസ്വേലയുടെ കറന്‍സി ബൊലിവര്‍ മൂല്യത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കയാണ്. അമേരിക്കന്‍ ഡോളറിന്റെ വിപണിമൂല്യം ബോലിവറിന്റെ മൂല്യത്തെ കാര്യമായി ബാധിച്ചിരുന്നു. വെര്‍ച്വല്‍ കറന്‍സികള്‍, ജനപ്രിയവും സുന്ദരവുമാണെങ്കിലും ഒരു സര്‍ക്കാറും നിയമപരമായി ഈ സമ്പ്രദായത്തെ പിന്തുണക്കുന്നില്ല. പ്രതിപക്ഷത്തിന്റെ മുറവിളി മഡൂറോ തെല്ലും വകവച്ചു കൊടുത്തതുമില്ല. നോട്ടുനിരോധനം വെനസ്വേലയുടെ നട്ടെല്ലാണ് ഒടിച്ചത്.  

ഓഗസ്റ്റ് 2018 ൽ ആള്‍ക്കാര്‍ക്ക് മിനിമം ശമ്പളം 3,0000 ശതമാനം ആണ് കൂട്ടിയത്. എന്നിട്ടും ഒരു കിലോ ഇറച്ചി പോലും വാങ്ങാൻ ആ പണം മതിയാകുന്നില്ല. കടുത്ത സാമ്പത്തിക അരാജകത്വത്തിലൂടെ മുമ്പോട്ട് പോകുന്ന വെനസ്വേലയില്‍ നടപ്പാക്കിയ പുതിയ ശമ്പള സ്‌കെയില്‍ ഇന്ത്യന്‍ രൂപയുമായി നോക്കിയാല്‍ വെറും 50 പൈസയാണ് കൂലി വരിക. നിലവിലെ വിനിമയ നിരക്ക് പ്രകാരം ഒരു വെനസ്വേലന്‍ ബൊളിവറിന് രൂപാമൂല്യം 0.00028 എന്നതാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആള്‍ക്കാര്‍ അയല്‍രാജ്യമായ ബ്രസീലിലേക്ക് പലായനം ചെയ്യുന്ന സ്ഥിതിയാണ്. ഓഗസ്റ്റിൽ 3,0000 ശതമാനം മിനിമം ശമ്പളം വർധിപ്പിച്ചിട്ടും ഈ വ്യാഴാഴ്ച വീണ്ടും 150 ശതമാനം മിനിമം ശമ്പളം കൂട്ടി. വെനസ്വേലയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയെ കുറ്റപ്പെടുത്തി കാലം തളളിനീക്കുകയാണ് മഡൂറോ. ഹിറ്റ്ലർ ജൂതൻമാരെ കൊന്നെടുക്കിയ പോലെ ട്രംപ് വെനസ്വേലയിലെ പട്ടിണി പാവങ്ങളെ കൊന്നൊടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം കരയുകയായിരുന്നു മഡൂറോ. മിനിമം ശമ്പളം കുത്തനെ വർധിപ്പിച്ചു കൊണ്ട് രാജ്യത്ത് കുമിഞ്ഞു കൂടുന്ന പണപ്പെരുപ്പത്തെ പിടിച്ചു നിർത്താൻ ശ്രമിക്കുകയാണെന്നായിരുന്നു വാദം. 

ഇപ്പോൾ രാജ്യം അനുഭവിക്കുന്ന പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല. ചുരുങ്ങിയതു നാലു വർഷമെങ്കിലുമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണ്. അതിനെ തരണംചെയ്യാൻ ഗവൺമെന്റ് കൈക്കൊണ്ട നടപടികളൊന്നും ഫലപ്രദമായില്ല. രാജ്യത്തിന്റെ നാണയമായ ബോളിവാറിന്റെ മൂല്യം കുറയ്ക്കുകയും മിനിമം വേതനം കൂട്ടുകയുമാണ് മുഖ്യമായും ഗവൺമെന്റ് ചെയ്തത്. നാണ്യപ്പെരുപ്പം കൂടുതൽ വർധിക്കാനും അവശ്യസാധനങ്ങളുടെ വില  ഉയരാനും ഇതുകാരണമായി. പല ഭാഗങ്ങളിൽനിന്നും വാങ്ങിയ കടങ്ങളുടെ തിരിച്ചടവു മുടങ്ങിയതോടെ പുതുതായി കടംകിട്ടാനുളള വാതിലുകൾ അടയുകയും ചെയ്തു. 

നാണയപ്പെരുപ്പം 2014ൽ 69 ശതമാനമായപ്പോൾതന്നെ അതു ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. 2015ൽ 181 ശതമാനമായി. 2016ൽ 8000, ഇക്കഴിഞ്ഞ ജൂലൈ അവസാനത്തിൽ 83,000. ഇങ്ങനെപോയാൽ ഇൗ വർഷാവസാനത്തോടെ പത്തുലക്ഷം ശതമാനമാകുമെന്നാണ് രാജ്യാന്തര നാണയനിധി (എെഎംഎഫ്) മുന്നറിയിപ്പ് നൽകിയത്. വിലക്കയറ്റം കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പ്പിനും ഇടയാക്കുന്നു. അക്രമങ്ങൾ വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. തലസ്ഥാന നഗരമായ കരാക്കസിലാണ് ഇൗ വർഷം ലോകത്തിൽ ഏറ്റവുമധികം കൊലപാതകങ്ങൾ നടന്നതെന്നും ഒരു റിപ്പോർട്ടിൽ പറയുന്നു. നിൽക്കക്കള്ളിയില്ലാതെ ജനങ്ങൾ അയൽരാജ്യങ്ങളായ കൊളംബിയയിലേക്കും ബ്രസീലിലേക്കുമാണ് പലായനം ചെയ്യുന്നത്. കൊളംബിയയിലൂടെ ഇക്വഡോർ, പെറു, ചിലി എന്നിവിടങ്ങളിലേക്കും കടക്കാൻ ശ്രമിക്കുന്നു. ഇതിനുവേണ്ടി കുട്ടികളും വൃദ്ധരും ഗർഭിണികളായ സ്ത്രീകളും ഉൾപ്പെടെ പലരും കിലോമീറ്ററുകൾ നടക്കുകയാണ്. യൂറോപ്പിലെ സ്പെയിനിൽ അഭയം പ്രാപിച്ചവരും ഏറെയുണ്ട്. ദശകങ്ങൾക്കുമുൻപ് സ്പെയിനിൽനിന്നു വെനസ്വേലയിൽ കുടിയേറിയവരുടെ പിന്മുറക്കാരാണ് ഇവരിൽ അധികപേരും. 

വെനസ്വേലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കണമെങ്കിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് വിദഗ്ദ്ദർ ചൂണ്ടിക്കാണിക്കുന്നു. സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണം. അധികാരത്തിൽ വരുന്ന പുതിയ നേതാവ് ഷാവേസിന്റെയും മഡൂറോയുടെയും സാമ്പത്തിക നയങ്ങൾ പൊളിച്ചെഴുതുന്നതിലാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വെനസ്വേലയിലേക്ക് പണം വരാന്‍ എണ്ണപ്പാടങ്ങള്‍ വീണ്ടും തുറക്കണം . ഒപെകിന്റെ സ്ഥാപക അംഗം കൂടിയായ വെനസ്വേല എണ്ണ ഉല്‍പാദനം കൂട്ടി ഒപെക് രാജ്യങ്ങളുടെ ഒപ്പമെത്തണം. വിദേശത്തെയും സ്വദേശത്തെയും എണ്ണ കമ്പനികളെ നിയന്ത്രങ്ങള്‍ ഒഴിവാക്കി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അന്യരാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ സ്വാഗതം ചെയ്യണം. ബൊളിവറിന്റെ മൂല്യം കൂട്ടുകയോ സാമ്പത്തിക വിനിയോഗങ്ങള്‍ക്ക് ഡോളര്‍ ഉപയോഗിക്കുകയോ ചെയ്യണം എന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടംങ്കം പറയുന്നു.  ഭക്ഷണ സാധനങ്ങളുടെയും മരുന്നിന്റെയും വില കുറയ്ക്കുകയാണ് സാമാന്യ ജനത്തിന് ഏറ്റവും അനിവാര്യം. ഇനിയും പഴയനയങ്ങളിൽ തൂങ്ങികിടക്കാനാണ് തീരുമാനമെങ്കിൽ വൻ നാശത്തിലേയ്ക്ക് രാജ്യം കൂപ്പുകുത്തും. 

പ്രസവവുമായി ബന്ധപ്പെട്ട പരിചരണവും മറ്റും അപ്രാപ്യമായതോടെ പ്രസവിക്കാൻ മാത്രമായി അയൽരാജ്യമായ ബ്രസീലിലേയ്ക്ക് കുടിയേറുന്ന അമ്മമാരുടെ എണ്ണം കൂടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരിചരണം, മരുന്നുകള്‍, ഡൈപ്പറുകള്‍ എന്നിവയെല്ലാം കിട്ടാത്ത സാഹചര്യമായതോടെ ബ്രസീലില്‍ ജനിക്കുന്ന വെനസ്വേലിയന്‍ കുട്ടികളുടെ എണ്ണം കൂടുകയാണ്. പോഷകസംപുഷ്ടമായ ആഹാരം കുഞ്ഞുങ്ങൾക്ക് നൽകുവാൻ കഴിവില്ലാതെ സ്വന്തം മുലപ്പാൽ വിൽക്കുന്ന അമ്മമാർ വെനസ്വേലയിൽ സാധാരണമാണ്. കുഞ്ഞുമക്കളെയും വാരിക്കെട്ടി മതിയായ രേഖകൾ ഇല്ലാതെ ജീവനും കൊണ്ട് അയൽരാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്ന മാതാപിതാക്കൾ നൊമ്പരക്കാഴ്ചയാകുകയാണ്. 

നാടുകടക്കുന്നവരിൽ അധ്യാപികമാരുണ്ട്. പൊലീസുകാരികൾ, മാധ്യമപ്രവർത്തകർ എല്ലാവരും പട്ടിണി കാരണം സ്വന്തം നാടുവിട്ടു. വീട്ടിലെ വയറുകൾ പോറ്റാൻ വേണ്ടി ഇപ്പോൾ അവർ അന്യനാട്ടുകളിൽ ശരീരം വിൽക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന വെനസ്വേലയില്‍ നല്ല ജോലി ചെയ്തിരുന്ന പലരും അയല്‍രാജ്യമായ കൊളംബിയയിലേക്ക് അനധികൃത കുടിയേറ്റം നടത്തി. അവിടെ ആരുമറിയാതെ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പിനെ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയെ ബാധിച്ചിരിക്കുന്നത്. ഒരു കാപ്പി കുടിക്കണം എങ്കില്‍ വെനിസ്വലന്‍ കറന്‍സി കയ്യിലുള്ളവര്‍ അത് ചാക്കിലാക്കി കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇവിടെ. പണപ്പെരുപ്പം മൂലം ഇതുവരെ അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലാണ് വെനിസ്വേലന്‍ ജനത.

നാല് വർഷം മുന്‍പ്് എണ്ണവില ഇടിഞ്ഞതോടെയാണ് രാജ്യത്തിന്റെ ശനിദശയും തുടങ്ങിയത്. മൂല്യമിടിഞ്ഞതോടെ കറന്‍സിയായ ബൊളിവര്‍ അടിച്ചിറക്കിയപ്പോള്‍ പണപ്പെരുപ്പം നൂറുകണക്കിന് ഇരട്ടിയായി. ഇത് നേരിടാന്‍ വീണ്ടും കറന്‍സിയടിച്ചു. അപ്പോള്‍ വീണ്ടും കൂടി. ധനശാസത്രജ്ഞന്മാര്‍ ഹൈപ്പര്‍ ഇന്‍ഫ്ളേഷന്‍ എന്ന് വിളിക്കുന്ന അവസ്ഥയിലാണ് ഈ രാജ്യം.

വെനിസ്വേല യൂണിവേഴ്സിറ്റി പ്രൊഫസര്‍ തന്‍റെ പൊട്ടിയ ഷൂ തുന്നിച്ചതിന് ചാര്‍ജ്ജായി നല്‍കിയത് 2000 കോടി ബൊളിവറായിരുന്നു. അതായത് അദ്ദേഹത്തിന്‍റെ നാലു മാസത്തെ ശമ്പളം. ഇക്കഴിഞ്ഞ മേയില്‍ രാജ്യത്തെ മിനിമം മാസ വേതനം 13 ലക്ഷം ബൊളിവറായിരുന്നു. പണത്തിന്‍റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ ചാക്കുകണക്കിന് ബൊളിവറുണ്ടെങ്കിലെ ഒരു ചോക്ലേറ്റ് കിട്ടൂ എന്ന സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ജനങ്ങള്‍ പട്ടിണികൊണ്ട് വലയുകയാണ്.

MORE IN WORLD
SHOW MORE