ദ്വീപുവാസികളെ പ്രകോപിപ്പിക്കരുത്; മൃതദേഹത്തിനുള്ള തിരച്ചിൽ നിർത്തണം: മുന്നറിയിപ്പ്

john-alen-chau-missionary
SHARE

ആൻഡമാൻ നിക്കോബാർ ദ്വീപിലെ നോർത്ത് സെന്റിനൽ ദ്വീപിൽ ഗോത്രവർഗക്കാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുഎസ് പൗരന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യാന്തര സംഘടന രംഗത്തെത്തി. ഗോത്രവർഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ സർവൈവൽ ഇന്റർനാഷനലാണ് ആവശ്യവുമായി എത്തിയിരിക്കുന്നത്. ഒരു ഏറ്റുമുട്ടലുണ്ടായാൽ അത് ഇരുകൂട്ടർക്കും ദോഷകരമാകുമെന്നും സംഘടനയുടെ ഡയറക്ടർ സ്റ്റീഫൻ കോറി വാർത്താക്കുറിപ്പിൽ അറിയിച്ചു.

യുഎസ് പൗരൻ ജോൺ അലൻ ചൗവിന്റെ മൃതദേഹത്തെ വെറുതേവിടണം. അതുപോലെ തന്നെയാണു സെന്റനിലീസ് വംശജരുടെ കാര്യവും. അവരെയും ഉപദ്രവിക്കരുത്. ഒരു പകർച്ചവ്യാധിയോ മറ്റോ ആ ദ്വീപിലെത്തിയാൽ ഒരു വംശം മുഴുവനും ഇൗ ഭൂമിയിൽ നിന്നും അപ്രതീക്ഷമാകും. മൃതദേഹം എടുക്കാനുള്ള ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയിൽനിന്നുള്ള വിദഗ്ധരും നരവംശ ശാസ്ത്രജ്ഞരും പ്രതികരണങ്ങൾ അറിയിച്ചിരുന്നു.

നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ താൽക്കാലികമായി ഇന്ത്യ നിർത്തിവച്ചു. സംരക്ഷിത ഗോത്രവർഗമായ സെന്റിനലീസ് വിഭാഗത്തിന്റെ സംരക്ഷണം മുൻനിർത്തിയാണു നടപടിയെന്ന് മുതിർന്ന വക്താവ് രാജ്യാന്തര മാധ്യമമായ ബിബിസിയോട് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ മുതിർന്ന ഉദ്യോഗസ്ഥനായ ചേതൻ സംഘി വിളിച്ചുചേർത്ത പൊലീസ്, ഗോത്ര ക്ഷേമ വിഭാഗം, വനം, നരവംശ വിഭാഗം എന്നിവരുടെ യോഗത്തിലാണ് ദ്വീപിൽനിന്ന് ചൗവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

മേഖലയിലെ കാര്യങ്ങൾ നിരീക്ഷിക്കാൻ ഒരു ബോട്ട് ചൊവ്വാഴ്ച രാവിലെയും അയച്ചിരുന്നു. നിരീക്ഷണത്തിനു മാത്രമാണ് അയച്ചതെന്നാണു സൂചന. ചൗവിന്റെ മൃതദേഹം കുഴിച്ചിട്ട സ്ഥലം ഏകദേശം മനസ്സിലായിട്ടുണ്ട്. എന്നാൽ കൃത്യമായ വിവരമില്ല. പ്രദേശത്തേക്കു കടക്കാനുള്ള ശ്രമങ്ങൾ സെന്റനിലീസ് വംശജരെ പ്രകോപിപ്പിച്ചേക്കും. അമ്പും വില്ലും അടക്കമുള്ള ആയുധങ്ങളുമായി ഇവർ തങ്ങളുടെ ദ്വീപിനെ രക്ഷിക്കാൻ രംഗത്തുവന്നേക്കുമെന്ന് സർവൈവൽ ഇന്റർനാഷനലിന്റെ സ്റ്റീഫൻ കോറി വ്യക്തമാക്കി.

ശനിയാഴ്ച ദ്വീപിൽനിന്ന് 400 മീറ്റർ അകലെ നിർത്തിയിട്ട ബോട്ടിൽനിന്ന് പൊലീസ് ബൈനോക്കുലറിലൂടെ സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. ഗോത്രവർഗക്കാർ അമ്പും വില്ലുമായി പ്രതിരോധസ‍ജ്ജരായി തീരത്തു നിൽക്കുന്നുണ്ടായിരുന്നു. മുന്നോട്ടു പോകാനുള്ള ശ്രമം ഗോത്രവർഗക്കാരെ പ്രകോപിപ്പിക്കുമെന്ന നിലയായിരുന്നുവെന്ന് മേഖലയിലെ പൊലീസ് മേധാവി ദീപേന്ദ്ര പഥക് മാധ്യമങ്ങളോടു പറഞ്ഞു. അതൊഴിവാക്കാൻ കൂടുതൽ പ്രകോപനമുണ്ടാക്കാതെ ബോട്ട് തിരികെപ്പോരുകയായിരുന്നു.

MORE IN WORLD
SHOW MORE