തീ ആളിപടരുമ്പോഴും ഇൗ അമ്മ പറഞ്ഞു: എന്നെ വിട്ടേക്കൂ, കുഞ്ഞിനെ രക്ഷിക്കൂ: കണ്ണീർ

california-fire-accident
SHARE

കാലിഫോർണിയയിലെ കാട്ടുതീയിൽ ലോകം കണ്ണീർവാർക്കുമ്പോൾ പ്രതീക്ഷയുടെ പുതുവെളിച്ചമാവുകയാണ് ഇൗ അമ്മയും കുഞ്ഞും. ആളിപ്പടരുന്ന കാട്ടുതീ വിഴുങ്ങാൻ നിൽക്കുമ്പോഴും ഇൗ അമ്മ രക്ഷിക്കാൻ എത്തിയ വ്യക്തിയോട് പറഞ്ഞത്, എന്നെ ഒഴിവാക്കി.. എന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ്. റേച്ചല്‍ സാന്‍ഡേഴ്‌സ് എന്ന യുവതിയുടെ അനുഭവം ദുരന്തവാർത്തകൾക്കിടയിൽ പുതു ഉൗർജമാവുകയാണ്.

പ്രസവശേഷം നവജാതശിശുവിനൊപ്പം ഫെതര്‍ റിവര്‍ ആശുപത്രിയില്‍ വിശ്രമിക്കുമ്പോഴാണ് കാട്ടുതീ ആളി പടരുന്ന വാർത്ത റേച്ചലിനെ തേടി എത്തുന്നത്. എത്രയും വേഗം ആശുപത്രിയിലെ എല്ലാവരെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും ആരംഭിച്ചു. എന്നാൽ ശസ്ത്രക്രിയയുടെ വേദന പൂർണമായും ഇൗ അമ്മയെ വിട്ടുമാറിയിരുന്നില്ല. എത്രയും വേഗം ആശുപത്രിയ്ക്ക് പുറത്തുകടക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടപ്പോൾ റേച്ചൽ നടുങ്ങി. നടക്കാൻ പോലും പറ്റാത്ത വിധം വേദനയായിരുന്നു അപ്പോൾ.  പക്ഷേ മണിക്കൂറുകള്‍ക്കുള്ളിലാണ് തീ പാരഡൈസ് എന്ന നഗരത്തെ ചുട്ടുചാമ്പലാക്കിയത്. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അവരുടെ കാറുകളിലാണ് പല രോഗികളെയും രക്ഷപ്പെടുത്തിയത്.

ഒടുവിൽ റേച്ചലിനെ വീല്‍ച്ചെയറില്‍ ഇരുത്തി ആശുപത്രി ജീവനക്കാരനായ ഡേവിഡിന്റെ കാറിലേക്കു മാറ്റി. നവജാതശിശു അപ്പോഴും ഒന്നുമറിയാതെ അമ്മയുടെ മടിയില്‍ ഉറങ്ങിക്കിടന്നിരുന്നു. അതിസാഹസികമായിരുന്നു റേച്ചലിന്റെയും കുട്ടിയുടെയും രക്ഷപ്പെടല്‍. ചുറ്റും ആളിപ്പടരുന്ന തീനാളങ്ങള്‍ക്കിടയിലൂടെയാണ് ഡേവിഡ് ഇവരെയും കൊണ്ട് പോയത്. കാര്‍ തീഗോളത്തെ കടന്നുപോകുമെന്ന് ഉറപ്പില്ലാത്ത സമയത്ത് പലരും കാറുകളില്‍നിന്ന് ഇറങ്ങി ഓടിയാണു രക്ഷപ്പെട്ടത്. അപ്പോഴാണ് തന്നെ ഉപേക്ഷിച്ച് കുട്ടിയുമായി രക്ഷപ്പെടാന്‍ റേച്ചല്‍ ഡേവിഡിനോട് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടുജീവനുകളെയും ആ മനുഷ്യൻ കരുതലോടെ രക്ഷപ്പെടുത്തുകയായിരുന്നു. റേച്ചലിന്റെ ഭര്‍ത്താവ് ക്രിസും മൂത്ത രണ്ടുകുട്ടികളും അപ്പോഴേക്കും സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു. ഇവരുടെ വീടും കാട്ടുതീയില്‍ നശിച്ചു. 

കാലിഫോർണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയിൽ മരണപ്പെട്ടവരുടെ എണ്ണം 79 കടന്നു. ഒട്ടേറെ പേരെ കാണാതാവുകയും പരുക്കേൽക്കുകയും ചെയ്തു.

MORE IN WORLD
SHOW MORE