ബിബിസി വാർത്ത അവതാരകൻ ഹിന്ദിയിൽ വാർത്ത വായിച്ചു; നിർമ്മിത ബുദ്ധി തിരിച്ചടിക്കുമോ?

matthew-amroliwala
SHARE

ബിബിസിയുടെ വാർത്ത അവതാരകൻ മാത്യു അമ്രോലിവാല ഇംഗ്ലീഷ് ഭാഷ മാത്രം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. എന്നാൽ സ്പാനീഷ്, മാൻഡരീൻ, ഹിന്ദി ഭാഷകൾ അനായസമായി കൈകാര്യം ചെയ്യുന്ന മാത്യു അമ്രോലിവാലയുടെ സാമർത്ഥ്യം കണ്ട് സഹപ്രവർത്തകർ അമ്പരക്കുകയും ചെയ്തു. മാത്യു എങ്ങനെയാണ് ഇത്തരം ഭാഷകൾ അനായസമായി പഠിച്ചത് എന്ന അന്വേഷിച്ചവർക്കാണ് ഇതിനു പിന്നിലെ രഹസ്യം മനസിലായത്.

നിർമ്മിത ബുദ്ധി (artificial intelligence) സാങ്കേതിക വിദ്യ ഉപയോഗിച്ചുളള ഒരു സോഫ്റ്റ്‌വെയറാണ് ഇതിനു പിന്നിൽ. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ച വാർത്ത അവതാരകനെ കുറിച്ചുളള വാർത്തകൾ പുറത്തു വന്നതിനു തൊട്ടുപിന്നാലെയാണ് അതേ രീതിയിൽ തന്നെ വ്യാജവാർത്താ അവതരണങ്ങൾ സൃഷ്ടിക്കപ്പെടാനുളള സാധ്യതയുണ്ടെന്ന് ബിബിസി ചൂണ്ടിക്കാണിച്ചത്. 

വാർത്താഅവതാരകന്റെ യഥാർത്ഥ മുഖംമാറ്റി ആവശ്യാനുസരണം ഏത് ഏത് ഭാഷയിലുള്ള ഉച്ചാരണ രീതിയിലേക്ക് മറ്റാന്‍ സാധിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു ബിബിസി അവതാരകന്റെ വാർത്താവായന. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ട്ട്അപ്പ് സിന്തേസ്യ (Synthesia)യാണ് സോഫ്റ്റ്‌വെയറിന് പിന്നില്‍. ബിബിസി തന്നെയാണ് മാത്യു വ്യത്യസ്ത ഭാഷകളില്‍ നടത്തുന്ന വാര്‍ത്ത അവതരണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മറ്റ് ഭാഷകൾ സംസാരിക്കുന്നയാളുകളുടെ മുഖചലനങ്ങൾ കംപൂട്ടർ പകർത്തുകയും അത് മാത്യുവിന്റെ മുഖത്ത് ചേർക്കുകയുമായിരുന്നു. വാക്കുകൾ ഉച്ചരിക്കുമ്പോഴുളള ചുണ്ടുകളുടെ ചലനവും മുഖചലനങ്ങളുമെല്ലാം ഇത്തരത്തിൽ മാത്യുവിന്റെ മുഖത്ത് സൃഷ്ടിക്കപ്പെടുകയായിരുന്നു.

ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ കഴിഞ്ഞദിവസം പുതിയൊരു വാര്‍ത്താ അവതാരകനെ പരിചയപ്പെടുത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ച് വാര്‍ത്ത വായിക്കുന്ന, ലോകത്തെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതാരകനാണ് ഇത്. സിന്‍ഹുവയും ചൈനീസ് സെര്‍ച്ച് എന്‍ജിനായ സോഹുവും ചേര്‍ന്നായിരുന്നു ഇത് വികസിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ തടയാനായി കൃത്രിമബുദ്ധി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഗവേഷണം നടക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്ത വീഡിയോകളില്‍ തന്നെ മാറ്റം വരുത്താന്‍ സാധിക്കുന്ന ഇത്തരം സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുമോ എന്ന ഭയത്തിലാണ് സാങ്കേതിക രംഗത്ത് ഗവേഷകര്‍.

MORE IN WORLD
SHOW MORE