'ഉള്ളതുതന്നെ നോക്കാനാകുന്നില്ല'; കശ്മീർ പാക്കിസ്ഥാന് വേണ്ട; വെടിപൊട്ടിച്ച് അഫ്രീദി

shahid-afridi
SHARE

സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനായി കശ്മീരിൽ നിരപരാധികള്‍ക്കു നേരെ വെടിയുതിർക്കുകയാണെന്ന് കഴിഞ്ഞ എപ്രിലിലാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ആരോപിച്ചത്. അഫ്രീദിയുടെ ആരോപണം ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തു. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ‌ വിഷയത്തിൽ‌ ഇടപെടാത്തത് എന്താണെന്നായിരുന്നു താരത്തിന്റെ ചോദ്യം. കശ്മീരിനു വേണ്ടി വീണ്ടും ശബ്ദം ഉയർത്തുകയാണ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു. 

കശ്മീരിന്റെ പേരിൽ മാത്രം ഇതിനോടകം പതിനായിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഈ തർക്കത്തിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറണം. നിയും സംഘർഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുന്നതായി ഷാഹിദ് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 

പാക്കിസ്ഥാനെ തീവ്രവാദികളിൽ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിർത്തുന്നതിലും ഭരണാധികാരികൾ പരാജയപ്പെട്ടു. കശ്മീരിൽ ആളുകൾ മരിച്ച് വീഴുകയാണ്, ഇത് വളരെയേറെ വേദനിപ്പിക്കുന്നു. എന്നാൽ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന് സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്നും അഫ്രീദി പറഞ്ഞു. 

afridi-british-parliament

അത് സ്വതന്ത്രമായി നിലനില്‍ക്കണം, ജനങ്ങള്‍ മരിക്കാതിരിക്കണം, മനുഷ്യത്വമാണ് വലുതെന്നും ഏത് വിഭാഗത്തില്‍പെട്ട ആര് മരിച്ചാലും വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നേരത്തെയും അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പലരും താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

നിലവിലെ കശ്മീര്‍ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എന്‍. ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു അഫ്രീദിയുടെ വിവാദമായൊരു ട്വീറ്റ്. നിരവധി കശ്മീര്‍ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ടെന്ന പ്രസ്താവനയും വിവാദമായിരുന്നു. 2016ലായിരുന്നു അഫ്രീദിയുടെ ഈ പ്രസ്താവന.

MORE IN WORLD
SHOW MORE