ആ 189 പേർക്കുളള തിരച്ചിൽ അവസാനിപ്പിച്ചു; കടലിൽ കണ്ണീർ പൂക്കൾ; ദുരൂഹത ബാക്കി

flight-search-end
SHARE

കാണാതായ പ്രിയപ്പെട്ടവർക്കായുള്ള കാത്തിരിപ്പ് ഇനി അവസാനിപ്പിക്കാം. കടലിൽ തകർന്നുവീണ ഇന്തൊനീഷ്യൻ വിമാനത്തിലെ യാത്രക്കാർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കടലിൽ നിന്നും കണ്ടെടുത്തിരുന്നു. എന്നാൽ മൃതദേഹങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല. ഇതേതുടർന്നാണ് കാണാതായ 189 പേർക്കായുള്ള തിരച്ചിൽ അവസാനിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. കോക്പിക്റ്റിലെ വോയിസ് റോക്കർഡർ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. കടലിൽ നിന്നും ലഭിച്ച മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധിക‍ൃതർ വ്യക്തമാക്കി. 

കഴിഞ്ഞ മാസം 29 നായിരുന്നു ലോകത്തെ കണ്ണീരിലാഴ്ത്തി ഇന്തൊനീഷ്യൻ ബോയിങ് 737 മാക്സ് വിമാനം പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ കടലിൽ തകർന്നുവീണത്. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് സൂചന. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു നടത്തിയ പഠനത്തിനു ശേഷമാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് യാത്രക്കാരുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്രയും പ്രശ്നങ്ങളുള്ള വിമാനം ടേക്ക് ഓഫിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്നാണ് ഇവർ ചോദിക്കുന്നത്.

വിമാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ നേരത്തെ നടത്തിയ നാലു യാത്രകളിലും തകരാറിലായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ആഗോള അടിസ്ഥാനത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വിമാന നിർമാതാക്കളായ ബോയിങ്ങിനോടും യുഎസിനോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്ന് ഇന്തൊനീഷ്യയുടെ ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി അധ്യക്ഷൻ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ വോയ്സ് റെക്കോര്‍ഡർ ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകമാണ് വിമാനം തകർന്നു വീണത്. ഈ സമയം പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണം ലഭിക്കുകയാണെങ്കിൽ അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും. 29ന് പുലര്‍ച്ചെ 6.20ന് ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കല്‍ പിനാങ്ക് നഗരത്തിലേക്ക് പുറപ്പെട്ട ബോയിങ് 737 മാക്സ് 8 വിമാനമാണ് കടലില്‍ തകര്‍ന്ന് വീണത്. പറന്നുയര്‍ന്ന് 13 മിനിട്ട് കഴിഞ്ഞപ്പോള്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.  ഉടന്‍ തന്നെ ഒാസ്ട്രേലിയന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ സഹായം തേടിയെങ്കിലും വിമാനം കണ്ടെത്താനായില്ല. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാർ അറിയിച്ചതോടെ കടലിൽ തിരച്ചിൽ ആരംഭിച്ചത്.

MORE IN WORLD
SHOW MORE