ഇന്തൊനീഷ്യൻ വിമാനാപകടം കൂട്ടക്കുരുതിയോ? അനാസ്ഥകളോടെ ടേക്ക് ഒാഫ്, ദുരൂഹം

indonesia-flight-crash-updates
SHARE

ലോകത്തെ കണ്ണീരിലാഴ്ത്തിയ ഇന്തൊനീഷ്യൻ വിമാനപകടത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവരുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വലിയ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ.  189 പേരുമായി കടലിൽ തകർന്നു വീണ ബോയിങ് 737 മാക്സ് വിമാനത്തിന് ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. വിമാനത്തിന്‍റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ ഡൗൺലോഡ് ചെയ്തു നടത്തിയ പഠനത്തിനു ശേഷമാണ് വെളിപ്പെടുത്തൽ. അപകടത്തിൽ ദുരൂഹതയുണ്ടെന്ന് യാത്രക്കാരുടെ ബന്ധുക്കൾ ആരോപിച്ചു. ഇത്രയും പ്രശ്നങ്ങളുള്ള വിമാനം ടേക്ക് ഓഫിന് അനുമതി നൽകിയത് എന്തുകൊണ്ടാണെന്നാണ് ഇവർ ചോദിക്കുന്നത്.

വിമാനത്തിന്‍റെ എയർ സ്പീഡ് ഇൻഡിക്കേറ്റര്‍ നേരത്തെ നടത്തിയ നാലു യാത്രകളിലും തകരാറിലായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ ശ്രേണിയിൽപ്പെട്ട വിമാനങ്ങളിൽ സമാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ആഗോള അടിസ്ഥാനത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് വിമാന നിർമാതാക്കളായ ബോയിങ്ങിനോടും യുഎസിനോടും അഭിപ്രായം ചോദിച്ചിട്ടുണ്ടെന്ന് ഇന്തൊനീഷ്യയുടെ ദേശീയ ഗതാഗത സുരക്ഷ കമ്മിറ്റി അധ്യക്ഷൻ വ്യക്തമാക്കി.

അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ വോയ്സ് റെക്കോര്‍ഡർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പറന്നുയർന്നു കേവലം 13 മിനിറ്റുകൾക്കകമാണ് വിമാനം തകർന്നു വീണത്. ഈ സമയം പൈലറ്റുമാർ തമ്മിൽ നടത്തിയ സംഭാഷണം ലഭിക്കുകയാണെങ്കിൽ അപകടത്തെക്കുറിച്ചു കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കാനിടയുണ്ട്.  737 മാക്സ് വിമാനത്തിലെ എയർ സ്പീഡ് ഇന്‍ഡിക്കേറ്ററിലെ തകരാറു സംബന്ധിച്ചു പ്രതികരിക്കാൻ ബോയിങ് വിസമ്മതിച്ചു. 219 വിമാനങ്ങളാണ് ആഗോളതലത്തിൽ കമ്പനി ഇതുവരെ കൈമാറിയിട്ടുള്ളത്. 4,564 വിമാനങ്ങൾക്കു കൂടി ഓർഡർ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മുതൽ സേവനം ആരംഭിച്ച 737 മാക്സ് ഇതാദ്യമായാണ് അപകടത്തിൽപ്പെടുന്നത്.

MORE IN WORLD
SHOW MORE