ശ്വാസം മുട്ടിച്ചു, തുണ്ടം തുണ്ടമാക്കി; ഖഷോഗി വധത്തിൽ പുതിയ വെളിപ്പെടുത്തൽ

Jamal-Khashoggi
SHARE

തുർക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറാണ് സൗദി അറേബ്യയെ പ്രതിരോധത്തിലാക്കുന്ന വാർത്ത പുറത്തുവിട്ടത്. സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്തെന്നാണ് അദ്ദേഹത്തിൻറെ വെളിപ്പെടുത്തൽ. മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമായിരുന്നു കൊലപാതകമെന്നും അദ്ദേഹം പറയുന്നു. ഖഷോഗിയെ വധിക്കാൻ 15 അംഗ സംഘമാണ് എത്തിയതെന്നും തുർക്കി അധികൃതർ പറഞ്ഞു. 

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നാണ് സൗദി നല്‍കിയ വിശദീകരണം. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായില്ല.

ഈ മാസം രണ്ടാം തീയതിയാണു സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകനും വാഷിങ്ടൻ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍നിന്നു കാണാതായത്. ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചു. നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്നു തുര്‍ക്കി പൊലീസ് വ്യക്തമാക്കിതോടെ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കടുത്ത സമ്മര്‍ദമാണു സൗദി നേരിട്ടത്.

MORE IN WORLD
SHOW MORE