വധശിക്ഷ ഒഴിവായി;പാക്കിസ്ഥാനില്‍ ആ ക്രിസ്ത്യന്‍ സ്ത്രീക്ക് മോചനം; എട്ടുവര്‍ഷം നീണ്ട ജയില്‍ജീവിതം

asia-bibi
SHARE

പ്രവാചക നിന്ദ ആരോപിച്ച് വധശിക്ഷയ്ക്ക് വിധിച്ച് ക്രിസ്ത്യൻ യുവതിയെ പാക്കിസ്ഥാൻ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. നീണ്ട എട്ടുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മതനിന്ദയുടെ പേരിൽ പാക്കിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയായ  അസിയ ബീബി മോചിതയാകുന്നത്.  പാക്കിസ്ഥാൻ പീനല്‍ കോഡിലെ 295-സി സെക്ഷന്‍ പ്രകാരമാണ് അസിയ ബീബിയെ  ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ സുപ്രീംകോടതി യുവതിയെ കുറ്റവിമുക്തയാക്കുകയായിരുന്നുവെന്ന് പാക്കിസ്ഥാനിൽ നിന്നുളള ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. വിചാരണകോടതി വിധിച്ച വധശിക്ഷ 2014 ൽ ലാഹോർ ഹൈക്കോടതിയും ശരിവച്ചതോടെ മരണവും കാത്ത് കഴിയുകയായിരുന്നു അസിയ ബീബി.  വാദപ്രതിവാദങ്ങൾക്കും നിരവധി നാടകീയ രംഗങ്ങൾക്കുമൊടുവിലാണ് അസിയ ജയിൽ മോചിതയാകുന്നത്.

2009 ജൂണ്‍ 14നാണ് അസിയ ബീവിയുടെ ജീവിതം തകിടം മറിച്ച സംഭവം അരങ്ങേറിയത്. ക്രിസ്ത്യൻ യുവതിയായ അസിയ സമീപത്തെ മുസ്‌ലിം വിഭാഗക്കാർ ഉപയോഗിച്ചിരുന്ന കിണറ്റിൽ നിന്ന് വെളളം കോരി അതേ പാത്രത്തിൽ കുടിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവർ മാത്രം ഉപയോഗിക്കുന്ന കിണറ്റിൽ നിന്ന് ഒരു ക്രിസ്ത്യൻ സ്ത്രീ വെളളം കുടിച്ചത് ചോദ്യം ചെയ്യപ്പെട്ടു. മൂന്ന് മുസ്‌ലിം സ്ത്രീകളുമായി ഉണ്ടായ തർക്കത്തിനൊടുവിൽ അസിയ പ്രവാചകനെ കുറിച്ച് അപകീര്‍ത്തികരവും നിന്ദ്യവുമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് ആരോപണം. വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ഒരു പുരോഹിതന്റെ മുന്നില്‍നിന്നാണ് യുവതി ആക്ഷേപം നടത്തിയതെന്നും അസീയയ്ക്കെതിരെ ആരോപണം ഉയർന്നു.

കിണറ്റിൽ നിന്ന് വെളളം ഉപയോഗിച്ച തന്നെ ജനക്കൂട്ടം അകാരണമായി വേട്ടയാടുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ വഴങ്ങാതിരുന്നപ്പോൾ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് കേസ് കൊടുക്കുകയായിരുന്നുവെന്ന് അസിയ ബീബി പറയുന്നു. ലാഹോർ ഹൈക്കോടതി 2010ൽ അസിയയുടെ വധശിക്ഷ ശരിവച്ചതിനെ തുടർന്ന് കഴിഞ്ഞ എട്ട് വർഷമായി പാക്കിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്.

2011 ൽ അസിയയെ അനുകൂലിച്ച് രംഗത്തു വന്ന പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന സൽമാൻ തസീറിനെ സുരക്ഷാജീവനക്കാരൻ വെടിവെച്ചു കൊന്നതോടെ പുറംലോകം കാണുമെന്ന് അവർ സ്വപ്നത്തിൽ പോലും വിചാരിച്ചതുമില്ല. മതനിന്ദ നിയമത്തെ വിമർശിച്ചതിനും അസിയയ്ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചതിനുമാണ് സൽമാൻ തസീറിനെ അതിക്രൂരമായ സുരക്ഷാ ജീവനക്കാരൻ വെടിവച്ചു കൊന്നത്. അവസാനത്തെ അത്താണിയെന്ന നിലയിലാണ് അസിയ സുപ്രീംകോടതിയെ സമീപിച്ചത്. വിധി വരുന്നത് പ്രമാണിച്ച് ഇസ്ലാമാബാദില്‍ അതീവ സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. 

സുപ്രീം കോടതി പരിസരവും ജഡ്ജിമാരുടെ വസതികളും അടക്കം പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം സുരക്ഷാസേനയുടെ നിരീക്ഷണത്തിലായിരുന്നു. ജഡ്ജിമാരുടെ സുരക്ഷ പാകിസ്താന്‍ റേഞ്ചേഴ്‌സ് സേനയ്ക്കാണ് നല്‍കിയിരുന്നത്. അസിയ ബീബിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും സംശയത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുണ്ടെന്നും അവരുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

കോടതി വെറുതെ വിട്ടാലും അസിയയെ ജീവിക്കാൻ വിടില്ലെന്ന് തീവ്ര ഇസ്‌ലാമിസ്റ്റ് സംഘടനയായ തെഹ്‍രിക്-ഇ-ലെബായിക് പാക്കിസ്ഥാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സുപ്രീംകോടതി വിധി അസിയയ്ക്ക് അനുകൂലമായാൽ കറാച്ചിയും ലഹോറും സ്തംഭിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ലോകം ഒറ്റുനോക്കുന്ന കേസായിരുന്നു അസിയ ബീബിയുടേത്. മതനിന്ദ കുറ്റം ചുമത്തുന്നവർക്ക് വധശിക്ഷയാണ് പാക്കിസ്ഥാനിൽ പതിവ്. . 1987നും 2016നും ഇടയിൽ മാത്രം 1472 പേർക്കെതിരെയാണ് പാക്കിസ്ഥാനിൽ മതനിന്ദയ്ക്ക് കേസെടുത്തിരിക്കുന്നത്. 

എന്നാൽ സുപ്രീംകോടതി അസിയ ബീബിക്ക് തുണയുമായി എത്തി.  അനീതിയും അടിച്ചമർത്തലുമല്ല സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമെന്ന്  വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് സഖീബ് നസീർ കുറിച്ചു.കഴിഞ്ഞ ഫെബ്രുവരിയിൽ അസിയയുടെ ഭർത്താവും മക്കളും ഫ്രാൻസിസ് മാർപ്പാപ്പയെ നേരിൽ കണ്ടിരുന്നു.ചീഫ് ജസ്റ്റിസ് സഖീബ് നസീർ അദ്ധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റെ വിധി മതനിന്ദയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുമെന്നതിന്റെ സൂചനയായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 

MORE IN WORLD
SHOW MORE