വിമാനം കാണാതായിട്ട് ദിവസം മൂന്ന്; എവിടെപ്പോയി ആ ബ്ലാക്ക് ബോക്സ്? ആകാംക്ഷ

flight-missing-new
SHARE

ഏറെ ദുരൂഹതകൾ ബാക്കി വച്ച് വർഷങ്ങളായി കാണാമറയത്തുള്ള മലേഷ്യൻ വിമാനത്തെ പോലെയാകുമോ കാണാതായ ഇന്തൊനീഷ്യൻ വിമാനമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. സാങ്കേതിക ലോകം ഇത്ര വളർന്നിട്ടും വിമാനം കാണാതായിട്ട് 60 മണിക്കൂർ കഴിഞ്ഞിട്ടും കാര്യമായ ഭാഗങ്ങളൊന്നും ഇതുവരെ കണ്ടെത്താനായില്ല. വിമാനത്തിന്റേതെന്ന് കരുതുന്ന ചെറിയ ഭാഗങ്ങളും യാത്രക്കാരിൽ ചിലരുടെ മൃതദേഹങ്ങളും കണ്ടെത്തിയെങ്കിലും വിമാനം എവിടെയാണെന്ന് ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.  

കഴിഞ്ഞ രണ്ടു ദിവസമായി, വെള്ളത്തിനടിയിൽ തിരയാൻ ഉപയോഗിക്കുന്ന സൊണാറും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ വിമാനം കടലിൽ എവിടെയെന്നതിന് തുമ്പൊന്നുമില്ല. വിമാനത്തിനകത്തെ പ്രധാന ഡേറ്റാ റെക്കോർഡറുകൾ കണ്ടെത്തിയാൽ മാത്രമേ കേവലം രണ്ടുമാസം പഴക്കമുള്ള ബോയിങ്ങിന്റെ ഏറ്റവും പുതിയ വിമാനം തകർന്നതിന് കാരണം കണ്ടെത്താനാകൂ. പ്രശ്നം കണ്ടെത്താനായാൽ മറ്റു വിമാനങ്ങളിലെ പ്രശ്നങ്ങളും പരിഹരിച്ച് വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ സാധിക്കും.

വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ബ്ലാക്ക്ബോക്സിൽ നിന്ന് സിഗ്നൽ ലഭിച്ചെന്നും ഉടൻ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.30 നാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാകുന്നത്. കാണാതായ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിൽ 30 മീറ്റർ താഴ്ചയിലാണെന്നാണ് കരുതുന്നത്. ഇതിനിടെ ബോയിങ് 737 മാക്സ് 8 വിമാനത്തിന് അപകടം സംഭവിച്ചതോടെ ലയൺ എയറിന്റെ കീഴിലുള്ള 11 വിമാനങ്ങൾ കൂടി നിരീക്ഷിച്ചു വരികയാണ്. വിമാനങ്ങൾ പൂർണ്ണമായും പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഇന്തൊനീഷ്യൻ സർക്കാർ ലയൺ എയറിനോടു ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.