'ആ നായയുടെ തലയെനിക്ക് വേണം'; സ്കൈപ്പിലൂടെ നിർദേശം നൽകിയത് രാജകുമാരന്റെ അനുയായി

khashoggi-saudi
SHARE

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ വധിക്കാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉപദേശകൻ സ്കൈപ്പിലൂടെ നിര്‍ദേശം നൽകിയെന്ന് റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാന്റെ അടുത്ത അനുയായിയാണ് ആരോപണവിധേയനായ സൗദ് അൽ–ഖഹ്താനി. 

ഖഷോഗിയും ഖഹ്താനിയും പലപ്പോഴും സ്കൈപ്പിലൂടെ വഴക്കിടുകയും തർക്കത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. തർക്കം രൂക്ഷമായതോടെ ഖഷോഗിയെ വധിക്കാൻ ഖഹ്താനി ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 'ആ നായയുടെ തലയെനിക്ക് വേണം' എന്ന് ഖഹ്താനി ആക്രോശിച്ചതായി തുർക്കിയിലെ ഇന്റലിജൻസ് വിഭാഗം പറയുന്നു.

ഖഹ്താനിയെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സൽമാൻ രാജാവ് പുറത്താക്കിയെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മുഹമ്മദ് ബിൻ സൽമാനെടുത്ത പല വിപ്ലവകരമായ തീരുമാനങ്ങൾക്കും പിന്നിൽ‌ ഖഹ്താനിയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 

രാജകുമാരന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഖഹ്‌താനിയാണ്. അഴിമതിയാരോപിച്ച് പ്രമുഖരടക്കം നൂറോളം പേരുടെ കൂട്ട അറസ്റ്റ് ആസൂത്രണം ചെയ്തതും ഖഹ്താനി തന്നെ. 

ഖഹ്താനിയുടെ പങ്ക് സ്വാഭാവികമായും രാജകുമാരനിലേക്കും വിരൽ ചൂണ്ടുന്നു. ബോസിന്റെ അനുവാദമില്ലാതെ ഞാനൊന്നും ചെയ്യില്ലെന്ന ഖഹ്താനിയുടെ മുൻപത്തെ ട്വീറ്റും ഇപ്പോൾ ചർച്ചയാകുകയാണ്. 

ആരോപണങ്ങൾക്ക് മറുപടി പറയാൻ ഖഹ്താനി തയ്യാറായിട്ടില്ല. റോയൽ അഡ്‌വൈസർ എന്നായിരുന്നു ഖഹ്താനിയുടെ ട്വിറ്റർ ബയോ. എന്നാൽ ഇപ്പോഴത് ചെയർമാൻ ഓഫ് ദ സൗദി ഫെഡറേഷൻ ഫോർ സൈബർ സെക്യൂരിറ്റി, പ്രോഗ്രാമിങ് ആന്റ് ഡ്രോൺസ് എന്നാക്കി മാറ്റിയിരിക്കുന്നു. 

സൗദിക്കെതിരെ ആഞ്ഞടിച്ച് തുർക്കി

സൗദിക്കെതിരെ ആഞ്ഞടിച്ച് തുര്‍ക്കി പ്രസിഡന്‍റ്. ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരുടെ വിവരങ്ങള്‍ സൗദി പുറത്ത് വിടണമെന്ന് തുര്‍ക്കി പ്രസിഡന്‍റ് തയിപ് എര്‍ദോഗന്‍. ജമാല്‍ ഖഷോഗിയുടെ മൃതദേഹം എവിടെയെന്നും തുര്‍ക്കി പ്രസിഡന്‍റ്. മൃതദേഹം തദ്ദേശിയന് കൈമാറിയെന്ന് സൗദി പറയുന്നു, ആരാണിതെന്നും തുര്‍ക്കി പ്രസിഡന്‍റ് ചോദിച്ചു.  

ചോദ്യങ്ങള്‍ ചോദിക്കാന്‍ തുര്‍ക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമാണെന്നു തുര്‍ക്കി പ്രസിഡന്‍റ് ആരോപിച്ചു.

ഒക്ടോബർ രണ്ടിന് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ചു കൊല്ലപ്പെട്ട ജമാൽ ഖഷോഗി എങ്ങനെ, ആരാൽ കൊല്ലപ്പെട്ടുവെന്നും മൃതദേഹം എവിടെ ഒളിപ്പിച്ചുവെന്നതിനും ഇനിയും കൃത്യമായ സ്ഥിരീകരണമില്ല. ഈ സാഹചര്യത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള വിശദവും യഥാർഥവുമായ വിവരങ്ങൾ പുറത്തുവിടുമെന്ന് തുർക്കി പ്രസിഡൻറ് എർദോഗൻ വ്യക്തമാക്കിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഖഷോഗിയുടെ ആപ്പിൾ വാച്ചിൽ നിന്നു ലഭിച്ചതായി തുർക്കി നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനിടെ, സൗദിയുടെ വാദം പോലെ, കോൺസുലേറ്റ് സന്ദർശിച്ച ശേഷം ഖഷോഗി മടങ്ങിപ്പോയെന്നു വരുത്തിതീർക്കാൻ ശ്രമം നടന്നതിന്റെ തെളിവുകൾ പുറത്തുവന്നു. 

ഖഷോഗിയെ കൊലപ്പെടുത്തിയെന്നു വിശ്വസിക്കപ്പെടുന്ന സംഘത്തിലെ ഒരാൾ ഖഷോഗിയുടെ വേഷത്തിൽ പുറത്തേക്കുവന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോൺസുലേറ്റിനുള്ളിൽ വച്ചല്ല ഖഷോഗി കൊല്ലപ്പെട്ടതെന്നു വരുത്തിതീർക്കാനാണ് ഇത്തരം ശ്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

MORE IN WORLD
SHOW MORE