കൊടുംകാട്ടില്‍ കണ്ടെത്തിയത് ആ മലേഷ്യന്‍ വിമാനമോ..? ദുരൂഹതകള്‍ പറന്നകലുമോ..?

malaysia-flight-missing-google
SHARE

ലോകം ഇപ്പോഴും ആ വിമാനത്തിന്‍റെ പിന്നാലെയാണ്. നാലുവര്‍ഷത്തിനപ്പുറം ദൂരൂഹതകള്‍ വട്ടമിട്ടുപറന്ന ആ മലേഷ്യന്‍ വിമാനം വീണ്ടും വാര്‍ത്തകളിലേക്ക് പറന്നെത്തുന്നു. ലോകത്തിന് ഇന്നും ദുരൂഹത മാത്രം സമ്മാനിക്കുന്ന ആ ചോദ്യത്തിന് ഉത്തരമാണോ ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലുവർഷം മുൻപ് യാത്രക്കിടയിൽ കാണാതായ മലേഷ്യൻ വിമാനം കൊടുംകാട്ടിൽ കണ്ടെത്തിയെന്ന വാദവുമായി ഒരു സംഘം ഇപ്പോൾ രംഗത്തെത്തിക്കഴിഞ്ഞു. തെളിവായി ചിത്രങ്ങൾ സഹിതം പങ്കുവച്ചാണ് ഇവരുടെ വാദം. ഗൂഗിൾ മാപ്പും സാറ്റ്‌ലൈറ്റ് ഇമേജുകളും സൂക്ഷ്മമായി നിരീക്ഷിക്കവെയാണ് കൊടുകാട്ടിൽ തകർന്നുകിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ ഇത് കാണാതായ എംഎച്ച് 370 വിമാനം ആണോെയന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടു സ്ഥലങ്ങളിൽ അജ്ഞാത വിമാനം കണ്ടെത്തിയെന്ന വാദവുമായിട്ടാണ് ഗൂഗിൾ മാപ്പ് നിരീക്ഷകർ രംഗത്തെത്തിയിരിക്കുന്നത്.

ലിവർപൂളിൽ നിന്നുള്ള ജോൺ ബൻസലിയുടെ കണ്ടെത്തൽ പ്രകാരം വടക്കെ മലേഷ്യയിലെ തന്നെ ഒരു കൊടുംകാട്ടിൽ വിമാനം കണ്ടെത്തിയെന്ന വാദവുമായിട്ടാണ് ലിവർപൂളിൽ നിന്നുള്ള ജോൺ ബൻസലി രംഗത്തെത്തിയിരിക്കുന്നത്. തെളിവായി സാറ്റ്‌ലൈറ്റ് ചിത്രവും ഇയാൾ പുറത്തുവിട്ടിരിക്കുന്നു. വലിയൊരു വിമാനത്തിന്റെ രൂപമാണ് സാറ്റ്‌ലൈറ്റ് ചിത്രത്തില്‍ കാണുന്നത്. കൊടും കാടിനുള്ളിലാണ് വിമാനം കാണുന്നത്. എന്നാൽ ചിത്രത്തിൽ കാണുന്നത് മലേഷ്യൻ വിമാനമാകാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. 

ഇതിനിടെയിലാണ് കംബോഡിയൻ കൊടുംകാട്ടിൽ കണ്ടെത്തിയ ചിത്രവും കാണാതായ മലേഷ്യൻ വിമാനത്തിന്റേതാണെന്ന വാദം ഉയരുന്നത്. ബ്രിട്ടിഷ് വിഡിയോ നിർമാതാവ് ഇയാൻ വിൽസനാണ് ഗൂഗിൾ മാപ്പിൽ മണിക്കൂറുകളോളം ചെലവിട്ട് വിമാനത്തിന്റെ ചിത്രം കണ്ടെത്തിയിരിക്കുന്നത്. 2014 മെയിൽ ചിത്രീകരിച്ച സാറ്റ്‌ലൈറ്റ് ചിത്രത്തിലാണ് വിമാനം കണ്ടെത്തിയിരിക്കുന്നത്. 2014 മാർച്ച് 8 നാണ് മലേഷ്യൻ വിമാനം കാണാതാകുന്നത്. ഇൗ രണ്ട് കണ്ടെത്തലുകളെ കുറിച്ചും വിശദമായ പരിശോധന നടന്നുവരികയാണ്. ചുരുളഴിയാത്ത രഹസ്യം ഇതിലൂടെ വെളിപ്പെടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്.

അന്ന് സംഭവിച്ചത്

2014 മാര്‍ച്ച് എട്ടിനാണ് മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് എംഎച്ച് 370 വിമാനം യാത്ര ആരംഭിക്കുന്നത്. ജീവനക്കാരടക്കം 239 പേരുണ്ടായിരുന്ന വിമാനം വഴിമധ്യേ അപ്രത്യക്ഷമായിരുന്നു. വിമാന അപകടങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹമായ അപ്രത്യക്ഷമാകലായി മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം. വിമാനം കണ്ടെത്താൻ 26 രാജ്യങ്ങള്‍ സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ 1.12 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ഭാഗത്ത് അമേരിക്കന്‍ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

പിന്നീട് ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വിപുലമായ തിരച്ചില്‍ നടന്നു. 200 ദശലക്ഷം ഡോളര്‍ ചിലവില്‍ 1.20 ലക്ഷം കിലോമീറ്റര്‍ സമുദ്ര ഭാഗത്ത് തിരച്ചില്‍ നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ വര്‍ഷമാണ് ഈ തിരച്ചിലും ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിമാനത്തിന്റെ ചിറകിന്റെ മൂന്ന് ഭാഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ ലഭിച്ചത്.

MORE IN WORLD
SHOW MORE