ഇറ്റാലിയൻ െപാലീസിനെ ഭീതിയിലാക്കി സ്യൂട്ട്കേസ്; പൊളിച്ചപ്പോഴോ നല്ല നാടൻ തേങ്ങകൾ

italian-police
SHARE

പുറംനാടുകളിൽ ജോലി ചെയ്യുന്ന ഉറ്റവർക്കും ഉടയവർക്കും വേണ്ടി അച്ചാറും ഫലവർഗങ്ങളും നാളികേരളവുമെല്ലാം ഭദ്രമായി പായ്ക്ക് ചെയ്ത് നാടുകടത്തുന്നവരാണ് നമ്മൾ മലയാളികൾ. മലയാളികളുടെ സ്യൂട്ട്കേസ് തപ്പിയാൽ മതി ഒന്നോ രണ്ടോ മാസത്തേയ്ക്ക് ഒരാൾക്ക് ആവശ്യമുളള സർവസാധനങ്ങളും പായ്ക്ക് ചെയ്താണ് നമ്മൾ വിമാനം കയറുക. മലയാളിയാണെന്ന് ഉറപ്പിക്കാറായിട്ടില്ലെങ്കിലും റോം വിമാനത്താവളത്തില്‍ അജ്ഞാതമായി കണ്ടെത്തിയ സ്യൂട്ട് കേസ്  ആണ് രാജ്യാന്തര മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം.

ഭീകരാക്രമങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതിനാൽ അതീവ സുരക്ഷയാണ് ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും പുലര്‍ത്തുന്നത്. റോം വിമാനത്താവളത്തില്‍ അജ്ഞാതമായി കണ്ടെത്തിയ സ്യൂട്ട് കേസ് കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ പൊലീസിനെ വട്ടംകറക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. 

ബോംബ് സ്ക്വാഡ് അടക്കമുള്ള സുരക്ഷാ വിഭാഗവും  സ്ഥലത്തെത്തിയാണ് സ്യൂട്ട്കേസ്  പൊളിച്ചത്. വിമാനത്താവളത്തിലെ വിശ്രമകേന്ദ്രത്തിലാണ് ദുരൂഹതയുണര്‍ത്തി സ്യൂട്ട്കേസ് കണ്ടെത്തിയത്.  ഏത്ര ശ്രമിച്ചിട്ടും സ്യൂട്ട്കേസിന്റെ ഉടമസ്ഥനെ തേടിപ്പിടിക്കാൻ പൊലീസിന് സാധിക്കാതെ വന്നതോടെ സ്യൂട്ട്കേസിന്റെ ഉളളിൽ ബോംബ് ആണെന്ന് അഭ്യൂഹം പരക്കുകയായിരുന്നു. ബോംബ് ഭീഷണിയെ തുടർന്ന് സ്യൂട്ട്കേസ് പൊളിക്കുന്നതിനു വരെ ആരെയും ടെർമിനലിനകത്ത് പ്രവേശിക്കാനോ പുറത്തേയ്ക്ക് പോകാനോ അനുവദിച്ചിരുന്നില്ല. 

ഭീതി വർധിച്ചതോടെ കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. രണ്ടും കൽപ്പിച്ച് സ്യൂട്ട്കേസ് പൊളിച്ചതോടെ ഭയം തമാശയ്ക്ക് വഴിമാറുകയായിരുന്നു.  നല്ല നാടന്‍ തേങ്ങകളും അല്ലറചില്ലറ സാധനങ്ങളുമായിരുന്നു അതിനകത്തുണ്ടായിരുന്നത്. ഫ്രീ ലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ നെഡ് ഡോനോവാനാണ് സംഭവത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഡോനോവാന്‍ പൊളിച്ച സ്യൂട്ട്കേസിന്‍റെ ചിത്രങ്ങളടക്കം   ട്വീറ്റ് ചെയ്യുകയായിരുന്നു.  മലയാളിയായ വീട്ടമ്മ മക്കൾക്ക് കൊടുത്തുവിട്ടതാകാം ആ തേങ്ങകൾ എന്ന തലവാചകത്തോടെ സമൂഹമാധ്യമങ്ങൾ സംഭവം ഏറ്റെടുത്തു. രാജ്യാന്തര മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ വാർത്ത നൽകുകയും ചെയ്തു. 

MORE IN WORLD
SHOW MORE