സദ്യയ്ക്ക് ഡോളറിൽ വിലയിട്ട് ഓസ്ട്രേലിയന്‍ മലയാളികള്‍; നാടിന്‍റെ കണ്ണീരൊപ്പാന്‍: വിഡിയോ

നാട് പ്രളയക്കെടുതികളില്‍ കഷ്ടപ്പെടുമ്പോള്‍  ഓണം ആഘോഷമാക്കി നടത്താനായിരുന്നു ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷനുകളുടെ തീരുമാനം. അതില്‍ നിന്ന് സമാഹരിക്കുന്ന തുകയത്രയും ദുരിതാശ്വാസഫണ്ടിലേക്ക് നല്‍കുകയാണ് ലക്ഷ്യം. ഓസ്ട്രേലിയയിലെ ഭൂരിഭാഗം മലയാളി അസോസിയേഷനുകളും കെയര്‍ ഫോര്‍ കേരള ഫൗണ്ടേഷനുമായി സഹകരിച്ച് ബ്രിസ്ബെയിനില്‍ ഒന്നിച്ചണി ചേര്‍ന്നു. 

ആയിരംപേര്‍ക്കുള്ള സദ്യയൊരുക്കി. മലയാളികള്‍ മാത്രമല്ല സദ്യയുടെ രുചിയറിയാന്‍ എത്തിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും ഓസ്ട്രേലിയക്കാരും ഇലയിട്ട് ഊണുകഴിച്ചു. മുതിര്‍ന്നവര്‍ക്ക് 20 ഡോളറും 5 മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് 15 ഡോളറുമായിരുന്നു ഫീസ്. പിരിഞ്ഞുകിട്ടുന്ന തുകയത്രയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ഓസ്ട്രേലിയയിലെ പ്രമുഖ  മലയാളി അസോസിയേഷനുകളെല്ലാം ആദ്യമായാണ്  ഒരു കുടക്കീഴില്‍ ഒന്നിച്ചണി നിരക്കുന്നത്.