ക്യാപ്റ്റന്‍ ക്ലീനാക്കുമോ..?

imran-khan
SHARE

സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പിന് ശേഷം പാക്കിസ്ഥാനില്‍ വീണ്ടും ജനാധിപത്യസര്‍ക്കാരുകളുടെ അധികാരക്കൈമാറ്റം. കളിയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും താനാണ് നായകനെന്ന് തെളിയിച്ചു ഇമ്രാന്‍ ഖാന്‍.ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇമ്രാന്‍ ഖാന്‍റെ  പാക്കിസ്ഥാന്‍ തെഹ്്രികെ ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അഴിമതിക്കേസില്‍ ജയിലിലായ നവാസ് ഷെറീഫിന്‍റെ പാര്‍ട്ടി 64 സീറ്റിലൊതുങ്ങി. ബിലാവല്‍ ഭൂട്ടോയുടെ പിപിപിക്കും കാര്യമായ പ്രകടനം സാധ്യമായില്ല. വ്യാപക അട്ടിമറി നടന്നെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പ്രവചനങ്ങള്‍ യാഥാര്‍ഥ്യമായി. 1996്‍ ല്‍ രൂപീകൃതമായ പാകിസ്ഥാന്‍ തെഹ്്രികെ ഇന്‍സാഫ് പരമ്പരാഗത പാര്‍ട്ടികളെ അപ്രസക്തരാക്കി പാക്കിസ്ഥാന്‍റെ എല്ലാ പ്രവിശ്യകളിലും വിജയം കണ്ടു. ക്രിക്കറ്റിൽ പാക്കിസ്ഥാനു ലഭിച്ച ഒരേയൊരു ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയ നായകനാണ് ഇമ്രാൻ ഖാൻ. ലോകം കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ ഇമ്രാൻ,കൃത്യമായ ആശയപ്രചാരണത്തിലൂടെയാണ് ദേശീയ രാഷ്ട്രീയത്തില്‍ കളമുറപ്പിച്ചത്. നയാ പാക്കിസ്ഥാന്‍ എന്ന ഇമ്രാന്‍ ഖാന്‍റെ മുദ്രാവാക്യം ജനം ഏറ്റെടുത്തപ്പോള്‍ ഭരണകക്ഷിയായ പിഎംഎല്‍എന്‍ തോറ്റമ്പി.  നാണംകെട്ട തോല്‍വിയാണ് നവാസ് ഷെറീഫിന്‍റെ പാര്‍ട്ടി ഏറ്റുവാങ്ങിയത്.  മുൻ പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി മൽസരിച്ച രണ്ടിടത്തും തോറ്റു. പിഎംഎല്‍എന്‍ നേതാവും നവാസ് ഷറീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷറീഫ് മല്‍സരിച്ച നാലില്‍ മൂന്നിടങ്ങളിലും തോറ്റു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്കും കാര്യമായ തിരിച്ചടി നേരിട്ടു. ഭൂട്ടോ കുടംുബത്തിന്‍റെ തട്ടകമായ ലിയാരിയില്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി മൂന്നാം സ്ഥാനത്തായി. മലാഖണ്ഡിലും പരാജയപ്പെട്ട  ബിലാവല്‍ ലര്‍ഖാനയില്‍ നിന്ന് വിജയിച്ചു.

അതേസമയം, മൽസരിച്ച അഞ്ചു സീറ്റിലും പിടിഐ അധ്യക്ഷൻ ഇമ്രാൻ ഖാൻ വിജയിച്ചു. ബൂത്തു പിടിത്തവും വ്യാപക അക്രമവും അരങ്ങേറിയ വോട്ടെടുപ്പിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍നഷ്ടമായി.മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ മകൻ ഹാഫിസ് തൽഹ സായിദും മരുമകൻ ഖാലിദ് വലീദും അടക്കം മൽസരിക്കാനിറങ്ങിയ വിവിധ ഭീകര സംഘടനകളുടെ പ്രതിനിധികളായ നാനൂറിലേറെ പേരി ല്‍ആരും ജയിച്ചില്ല.

ഭൂട്ടോ, ഷെറീഫ് കുടുംബങ്ങളുടെ അഴിമതിക്കെതിരെയായിരുന്നു ഇമ്രാന്‍ ഖാന്‍റെ പ്രചാരണം. അഴിമതി അര്‍ബുദം പോലെ പാക്കിസ്ഥാനെ കാര്‍ന്നു തിന്നുകയാണെന്ന് പറഞ്ഞ ക്യാപ്ടന്‍റെ വാക്കുകള്‍ രാജ്യം ശരിവച്ചു. ദശകങ്ങളായി  നിലനിന്ന രണ്ടു പാര്‍ട്ടികള്‍ക്കിടയിലെ അധികാരവിഭജനം അവസാനിപ്പിച്ച് കരുത്തുറ്റ മൂന്നാം പാര്‍ട്ടിയായി പിടിഐ വളര്‍ന്നതും ഇതേ അഴിമതിവിരുദ്ധതയിലൂന്നി തന്നെ. ഖാന്‍റെ താരത്തിളക്കവും അഴിമതിവിരുദ്ധതയും രാജ്യത്തെ യുവാക്കളെ പിടിഐയിലേക്ക് ആകര്‍ഷിച്ചു. പ്രാദേശികപാര്‍ട്ടിയില്‍ നിന്ന് കരുത്തുറ്റ ദേശീയപ്രസ്ഥാനമായുള്ള പിടിഐയുടെ വളര്‍ച്ചഘട്ടംഘട്ടമായായിരുന്നു. 2002ലെ പാര്‍ലമെന്‍ര് തിരഞ്ഞെടു്പപില്‍ ഒറ്റ സീറ്റ് നേടിയായ്ിരുന്നു തുടക്കം. 2013ൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യ നിയമസഭയിൽ 61 സീറ്റ് നേടി അധികാരത്തിലെത്തി . 2013ൽ പഞ്ചാബ് പ്രവിശ്യ നിയമസഭയിൽ 30 സീറ്റ് നേടി പ്രധാനപ്രതിപക്ഷമായി .  ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിച്ച്   പലതവണ ഭരണം പിടിച്ചെടുത്ത സൈന്യവുമായി ഉടക്കിയില്ല എന്നതാണ് ഖാന്‍റെ മറ്റൊരു വിജയരഹസ്യം.

സ്വതന്ത്രവും നിഷ്പക്ഷവുമായിരുന്നു തിരഞ്ഞെടുപ്പെന്നും പറയുക വയ്യ. സൈന്യത്തിന്‍റെ ഖാന്‍ അനുകൂല നിലപാട് ഒളിഞ്ഞും തെളിഞ്ഞും പ്രകടമായിരുന്നു. പിടിഐക്കു ജയസാധ്യതയില്ലാത്ത ഒട്ടേറെ സീറ്റുകളിൽ സൈന്യത്തിന്റെ പിന്തുണയോടെ ഒരേ ചിഹ്നത്തിൽ (ജീപ്പ്) സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തി. പ്രതിപക്ഷ സ്ഥാനാര്‍ഥികളെ ഇല്ലായാമ ചെയ്യാന്‍ സൈന്യം മാസങ്ങള്‍ക്കു മുമ്പേ ശ്രമം തുടങ്ങിയിരുന്നു.  പാനമ രേഖകളുടെ പേരിലുള്ള കേസില്‍ തന്നെ ജയിലിലാക്കിയത് സൈന്യത്തിന്‍റെ ഗൂഢാലോചനയാണെന്ന്ു നവാസ് ഷെറീഫ് ആരോപിച്ചിരുന്നു. മുൻ തിരഞ്ഞെടുപ്പിനെക്കാൾ അഞ്ചിരട്ടി സൈന്യമാണ് (3.71 ലക്ഷം) പോളിങ് ബൂത്തുകളിലെത്തിയത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിന്നു തങ്ങളുടെ ഏജന്‍റുമാരെ പുറത്താക്കിയെന്ന് പിഎംഎലും പിപിപിയും  ആരോപിക്കുന്നു. നേരിട്ട് ഭറിക്കുന്നതിന് പകരം തങ്ങളുടെ നിയന്ത്രണത്തിലുള്ള പാവ സര്‍ക്കാരിനെ അവരോധിക്കുകയായിരുന്നു ഇമ്രാന്‍ ഖാനെ പിന്തുണച്ചതിലൂടെ സൈന്യം ലക്ഷ്യമിട്ടതെന്ന് വിമര്‍ശകര്‍ പറയുന്നു.  71 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെയും അധികാരം കയ്യാളിയിട്ടുള്ള സൈന്യം ഇമ്രാന്‍ ഖാന് ഭരണത്തില്‍    എത്ര സ്വാതന്ത്ര്യം അനുവദിക്കുമെന്ന് കണ്ടറിയണം. അധികാര ശ്രേണിയിയില്‍  ജനറല്‍ കമര്‍ ജാവേദ് ബവ്ജ എന്ന സൈന്യാധിപന് ശേഷം രണ്ടാം സ്ഥാ്നമേ പ്രധാനമന്ത്രിക്ക് ഉണ്ടാവാനിടയുള്ളൂ.  തന്‍റെ വ്യക്തിപ്രഭാവമാണ് 

വിജയത്തിലേക്ക് നയിച്ച പ്രധാനഘടകങ്ങളിലൊന്നെന്ന് അവകാശപ്പെടുന്ന ഇമ്രാന്‍ ഖാന്‍ ഈ നിയന്ത്രണങ്ങള്‍ അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ പാക് ഭരണം വീണ്ടും സംഘര്‍ഷത്തിലേക്ക് നീങ്ങും. 

ഒാക്സ്ഫര്‍ഡ് സര്‍വകാലാശാലയിലെ പഠനകാലത്ത് ലണ്ടനിലെ നിശാക്ലബുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇമ്രാന്‍ ഖാന്‍. പക്ഷേ ആ പഴയ അടിച്ചുപൊളി പയ്യനില്‍ നിന്ന് ഏറെ മാറിയിരിക്കുന്നു പിടിഐ അധ്യക്ഷന്‍. പരമ്പരാഗത ഇസ്ലാമിക ജീവിതചര്യയില്‍ വിട്ടുവീഴ്ചയില്ല. അതിദേശീയതയും ഇന്ത്യാ വിരുദ്ധതയും മുഖമുദ്രയാണ്. മൂന്നുതവണ വിവാഹിതനായ അദ്ദേഹത്തിന്‍റെ വ്യക്തി ജീവിതത്തിലേതുപോലെ സങ്കീര്‍ണമായിരിക്കുമോ നയതന്ത്ര ബന്ധങ്ങളും എന്നാണ് ഇനി അറിയേണ്ടത് . 

ഇസ്ലാമിക ആശയങ്ങളോടുള്ള വിട്ടുവീഴ്ചയില്ലായ്മയും ഭീകരവാദികളോടുള്ള മൃദുസമീപനവുമാണ് പാക്കിസ്ഥാനില്‍ ഇതുവരെ അധികാരത്തിലിരുന്നവരുടെ പൊതുസമീപനം. അമേരിക്കയുടെ സഖ്യകക്ഷിയായിരിക്കിുമ്പോള്‍ തന്നെ അവരുടെ മുഖ്യശത്രുക്കളായ അല്‍ ഖായിദയ്ക്കും താലിബാനും തഴച്ചുവളരാനുള്ള അവസരവും ഇസ്ലമാബാദ് ഒരുക്കിക്കൊടുത്തു.  ആ രാജ്യത്തെ ലോകരാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്തിയതും ഇതേ സമീപനം തന്നെ.  ഈ വിമര്‍ശനങ്ങള്‍ക്ക് പുറത്തുകടക്കാന്‍ ഇമ്രാന്‍ ഖാന് ആവുമോയെന്നതാണ് പ്രധാന ചോദ്യം.

സഖ്യരാജ്യമായിരിക്കുമ്പോള്‍ പോലും പാശ്ചാത്യരുമായുള്ള പാക്കിസ്ഥാന്‍റെ ബന്ധം ഉരസലുകള്‍ നിറഞ്ഞതായിരുന്നു. ഓക്സ്ഫര്‍ഡ് ബിരുദദാരിയായ, ബ്രിട്ടിഷ് വനിതയില്‍ രണ്ട് മക്കളുള്ള ഖാന് പാശ്ചാത്യലോകവുമായി കുറെക്കൂടി അടുപ്പമുണ്ട്. ഡയാന രാജയകുമാരിയുള്‍പ്പെടുള്ളവരുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ഇമ്രാന്‍ ഖാന്‍. പക്ഷേ ഈ ചരിത്രവുമായി പുലബന്ധം പോലുമില്ലാത്തയാളാണ് പാക്കിസ്ഥാന്‍റെ നിയുക്ത പ്രധാനമന്ത്രിയെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളോട് മൃദുസമീപനം തന്നെയാണ് ഇമ്രാന്‍‌  ഖാന്‍റെയും നിലപാട്. മതനിന്ദ കുറ്റമടക്കം

വിവാദവിഷയങ്ങളിലെല്ലാം കടുത്ത യാഥാസ്ഥിതികനായി മാറിയിരിക്കുന്നു അദ്ദേഹം. ആണവശക്്തിയായ പാക്കിസ്ഥാന്‍റെ തലപ്പത്ത് പരമ്പരാഗത നിലപാടുകളുമായി ഖാനെത്തുന്നത് ഇന്ത്യയുള്‍പ്പെടെ ള്ള രാജ്യങ്ങള്‍ക്ക് പ്രതീക്ഷയേകുന്നില്ല. രണ്ട് വിഷയങ്ങളിലാണ് പാശ്ചാത്യര്‍ ഇമ്രാന്‍ ഖാന്‍റെ നിലപാടിനായി കാത്തിരിക്കുന്നത്. തീവ്രവാദവിരുദ്ധപോരാട്ടം, ആണവായുധവികസനം.  അഫ്ഗാനിസ്ഥാന്‍ നയമാണ് മുഖ്യം. അമേരിക്കയുടെ അഫ്ഗാന്‍ യുദ്ധം പാക്കിസ്ഥാനുണ്ടാക്കുന്ന വെല്ലുവിളി അവസാനിപ്പിക്കണമെന്ന പക്ഷക്കാരനാണ് ഖാന്

‍. യുഎസ് ഡ്രോണുകള്‍ക്കെതിരായ സമരത്തിലൂടെയാണ് അദ്ദേഹം പൊതുരംഗത്ത് സജീവമായതുതന്നെ. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സൈനിക പിന്‍മാറ്റമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. താലിബാന്‍ പാക്കിസ്ഥാനില്‍ നിന്ന് നീങ്ങുകയും അഫ്ഗാനിസ്ഥാനില്‍ ചുവടുറപ്പിക്കുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന് വിരോധമില്ല താനും.    അതായത് താലിബാനോട് പാക് സൈന്യത്തിനുള്ള അതേ നിലപാടാണ് ഇമ്രാന്‍ ഖാനുമുള്ളത്. ഇന്ത്യാവിരുദ്ധതയിലൂന്നുന്ന ഖാന്‍, ചൈനയുമായി അടുക്കാനുള്ള ശ്രമം ശക്തമാക്കുമെന്നുറപ്പ്. ചൈനയെ പുകഴ്ത്താന്‍ നൂറുനാവാണ് അദ്ദേഹത്തിന്.

 മതപരമായ നിലപാടുകളില്‍ ഇരട്ടത്താപ്പ് വച്ചുപുലര്‍ത്തുന്നയാളാണ് ഇമ്രാന്‍ ഖാന്‍. തീവ്രവാദ പരിശീലന കേന്ദ്രങ്ങളാകുന്ന മദ്രസ സമ്പ്രദായം ഇല്ലാതാക്കുമെന്ന് പറഞ്ഞ അതെ നാവുകൊണ്ട് മതനിന്ദ നിയമത്തെ പിന്തുണക്കുകയും ചെയ്യുന്നു  അദ്ദേഹം. മതനിന്ദയ്ക്ക് വധശിക്ഷയെ പിന്തുണക്കുന്ന തീവ്രനിലപാടുകാര്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുത്തു പിടിഐ. പാക് സമ്പദ്ഘടനയിലാണ് പുതിയ പ്രധാനമന്ത്രിക്ക് എന്തെങ്കിലും ചെയ്യാനാവുക. കഴിഞ്ഞസര്‍ക്കാരുകള്‍ ദുര്‍ബലമാക്കിയ സമ്പദ്്വ്യവസ്ഥയ്ക്ക് പുതുജീവന്‍ പകരാന്‍ അദ്ദേഹ്തതിന് കഴിയുമെന്ന് ജനം പ്രതീക്ഷിക്കുന്നു.

സാമ്പത്തിക രംഗത്തേറ്റ തിരിച്ചടിയില്‍ പാക്കിസ്ഥാനിലെ മധ്യവര്‍ഗത്തുനുണ്ടായിരുന്ന അസ്വസ്ഥതയും ഖാന്‍ അനുകൂല വോട്ടായി മാറിയിട്ടുണ്ട്. പക്ഷേ അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഏറെ വിയര്‍പ്പൊഴുക്കണ്ടി വരും ഇമ്രാന്‍ ഖാന്. ചെലവുചുരുക്കലും പുതിയ നികുതി സമ്പ്രദായവും സ്വകാര്യവല്‍ക്കരണവുമടക്കമുള്ള നടപടികളിലൂടെയെ അദ്ദേഹത്തിന് മുന്നോട്ട് പോകാനാവൂ.  പാക്കിസ്ഥാനെ പാവങ്ങളുടെ സംരക്ഷണം രാജ്യമേറ്റെടുക്കുന്ന പ്രവാചക കാലത്തെ മദീനയാക്കുമെന്നാണ് ഇമ്രാന്‍ ഖാന്‍റെ വാഗ്ദാനം. 

MORE IN WORLD
SHOW MORE