പൈലറ്റ് മദ്യപിച്ച് ‘പൂസായി’; ദുബായ് വിമാനം വൈകിയത് 12 മണിക്കൂർ: സംഭവമിങ്ങനെ

അമിതമായി മദ്യപിച്ച് പൈലറ്റെത്തിയതോടെ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം വൈകിയത് 12 മണിക്കൂര്‍. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്ക് എത്തേണ്ട എഫ് ഇസഡ് 8018 വിമാനമാണ് കുടിച്ചു ലക്കുകെട്ട പൈലറ്റ് മൂലം വൈകിയത്. കൂടെ ജോലിചെയ്യുന്നയാളാണ് പൈലറ്റ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. 

പരിശോധിച്ചപ്പോൾ അനുവദിച്ചതിലും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ഫ്ലൈദുബായ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു. 

'ഞങ്ങൾ ജീവനക്കാര്‍ക്ക് നിരന്തരം വൈദ്യ പരിശോധന നടത്തുന്നതാണെന്നും ‍ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തരുതെന്ന് കർശനമായ നിർദേശമുള്ളതാണെന്നുമാണ്' അധികൃതർ പറയുന്നത്. ഇത്തരം തെറ്റുകൾ ഒരിക്കലും കമ്പനി അനുവദിക്കില്ലെന്നും യാത്രക്കാരാണ് തങ്ങൾക്ക് പ്രധാനമെന്നും അവർ പറയുന്നു.

അതേസമയം വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം യാത്ര തുടരാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് 5 മണിക്കൂറാണ് യാത്രാസമയം.