ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ച പെൺകുട്ടിക്ക് ഒടുവിൽ മോചനം; തമീമിക്ക് കയ്യടി

ahed-tamimi-jail-freed
SHARE

ഇസ്രായേലിനെതിരായ പാലസ്തീൻ ‌ചെറുത്തുനിൽപ്പിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന അഹദ് തമീമി ജയില്‍മോചിതയായി. വെസ്റ്റ്ബാങ്കിലെ വീടിന് സമീപം ആയുധമേന്തിയ രണ്ട് ഇസ്രായേൽ സൈനികരുടെ മുഖത്തടിക്കുന്ന തമീമിയുടെ വിഡിയോ വൈറലായതിനെത്തുടർന്നായിരുന്നു അറസ്റ്റ്. 

എട്ടുമാസത്തെ ജയിൽജീവിതത്തിനുശേഷമാണ് തമീമി മോചിതയാകുന്നത്. തമീമിക്കൊപ്പം അറസ്റ്റിലായ നരിമാനും ജയിൽമോചിതയായി. 

അതിവൈകാരികമായാണ് തമീമിയെ നബി സാലെ ഗ്രാമം സ്വീകരിച്ചത്. സ്നേഹപ്രകടനങ്ങൾക്കുമുന്നിൽ പലപ്പോളും തമീമിയുടെ കണ്ണുനിറഞ്ഞു.

ജയിലിൽ കഴിയുന്ന മറ്റ് പാലസ്തീൻ യുവതികളെ മോചിപ്പിക്കാതെ തനിക്ക് പൂർണമായി സന്തോഷിക്കാൻ കഴിയില്ലെന്നായിരുന്നു തിരിച്ചെത്തിയ തമീമിയുടെ പ്രതികരണം. അവർ ഉടനെ മോചിതരാകുമെന്നാണ് തമീമിയുടെ പ്രതീക്ഷ.

കല്ലേറ് നടത്തിയവർക്കുനേരെ ഇസ്രായേൽ സൈന്യം നടത്തിയ റബ്ബർ ബുള്ളറ്റ് വെടിവെയ്പിൽ പതിനഞ്ചുകാരനായ ബന്ധുവിന് പരുക്കേറ്റതിനെത്തുടർന്നാണ് തമീമി സൈനികരെ നേരിട്ടത്. ജറുസലേമിനെ ഇസ്രായേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയായിരുന്നു പ്രക്ഷോഭം. 

സൈനികരുടെ മുഖത്തടിക്കുന്ന തമീമിയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധിയാളുകളെ തമീമിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. നാലുദിവസത്തിനുശേഷം തമീമിയെ അറസ്റ്റുചെയ്തു.

നേരത്തെയും തമീമി ഇസ്രായേൽ സൈന്യത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. 

MORE IN WORLD
SHOW MORE