വയറ്റിലുള്ള കുഞ്ഞിനെ കാക്കാൻ കീമോ ഒഴിവാക്കി; ആ അമ്മ വിശുദ്ധപദവിയിലേക്ക്?; ത്യാഗകഥ

mother-love
SHARE

സ്വന്തം ജീവനേക്കാളുമേറെ ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി ജീവത്യാഗം ചെയ്ത അമ്മ. ചിയാറോ കോർബല്ലാ പെട്രീലോ എന്ന ഇറ്റാലിയൻ യുവതി വിശുദ്ധ പദവിയിേലക്കെന്ന് സൂചന.  തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കാൻസർ ചികിൽസ വേണ്ടെന്ന് വയ്ക്കുകയും കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോർബല്ലാ പെട്രീലോയുടെ നാമകരണ നടപടികൾ വത്തിക്കാൻ ആരംഭിച്ചു.

ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറൽ കർദിനാൾ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്. 

മാതൃത്വത്തിന് എക്കാലത്തും ഉയർത്തികാണിക്കാവുന്ന മാതൃകയാണ് ഇവരുടെ ജീവിതം. ഇറ്റാലിയിൽ ജനിച്ചു വളർന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എൻറിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ൽ പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോർജിൽ വച്ചാണ്. അന്ന് അവർക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറിൽ ഇരുവരും വിവാഹിതരായി.  രണ്ടുവട്ടം ഗർഭണി ആയെങ്കിലും കുഞ്ഞുങ്ങൾ ജനിച്ച് അരമണിക്കൂറിനുള്ളിൽ മരിച്ചുപോയി. 

ആദ്യ കുഞ്ഞ് ഉദരത്തിൽ ആയിരുന്ന സമയത്ത് നടത്തിയ അൾട്രാസൗൻഡ് സ്കാനിങ്ങിൽ കുഞ്ഞിന് അനെൻസെഫലി എന്ന രോഗമാണെന്നു മനസ്സിലായി. മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളിൽ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തിൽ ആയിരുന്നപ്പോൾ നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന് കാലുകൾ ഇല്ലെന്ന് ഡോക്ടർമാർ പറയുന്നത്. എന്നാൽ അതിൽ ഇൗ അമ്മ തളർന്നില്ല. കാലില്ലേലും കുഞ്ഞിനെ വേണമെന്ന് ഇൗ അമ്മ വാശിപിടിച്ചു. എന്നാൽ വിധി അവിടെയും ഇൗ ദമ്പതികളെ തോൽപ്പിച്ചു.

കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 2010 ൽ ചിയാറോ മൂന്നാമതും ഗർഭണിയായി. കുഞ്ഞ് ഫ്രാൻസിസ്കോ ഉദരത്തിൽ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവിൽ കാൻസർ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഉടൻ ചികിൽസ ആരംഭിക്കണമെന്ന ഡോക്ടർമാരുടെ ഉപേദശം ഇൗ അമ്മ ചെവിക്കൊണ്ടില്ല. കാൻസർ ചികിൽസ ആരംഭിച്ചാൽ  ഉദരത്തിൽ ഉള്ള കുഞ്ഞിന്റെ ജീവനെ ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. അതുകൊണ്ട് തന്നെ ഇവർ കാൻസറിന് ചികിൽസതേടിയില്ല. 2011 ഒക്ടോബറിൽ ഫ്രാൻസിസ്കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം കടുത്തിരുന്നു.  

വൈകി ആരംഭിച്ച ചികിൽസ കൊണ്ട് ഫലമുണ്ടായില്ല. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളിൽ അവർ ഏറെ വേദന തിന്നാണ്  ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോർബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരിൽ പുസ്തകമായി.

അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്. ‘തന്നെക്കാളും അവളെ സ്നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കിൽ ഞാൻ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാൻ വരുന്നവരോടായി എൻറിക്കോ പറയാറ്. 2012 ജൂൺ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്നേഹം മൂലം കുരിശു മരണം പുൽകിയ യേശുവിന്റെ അതേ പാത പിന്തുടർന്ന് സ്വന്തം ജീവനേക്കാൾ ഉദരത്തിലുളള ജീവനു വില കൽപ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്. അതിന് സാക്ഷ്യമായി വിശുദ്ധ പദവിയിലേക്കും. 

MORE IN WORLD
SHOW MORE