ഇവരാണ് ഹീറോസ്; ഇവര്‍ക്കാണ് കയ്യടികള്‍; ഇവരാണ് ജയിച്ചത്; ചിത്രങ്ങള്‍, വിഡിയോ

thai-navy
SHARE

തായ് ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറംലോകത്തെത്തിച്ച രക്ഷാദൗത്യത്തിന്റെ പരിപൂര്‍ണവിജയം ആഘോഷിക്കുകയാണ് സോഷ്യല്‍ ലോകം. കുട്ടികളെ പുറത്തെത്തിച്ച ശേഷം വിശ്രമിക്കുന്ന ജവാന്‍മാരുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ലോകം ലൈക്കേറ്റുകയാണ്. രക്ഷാദൗത്യത്തിനിടയില്‍ രക്തസാക്ഷിയായ ജവാന്റെ ചിത്രം ഫെയ്സ്ബുക്ക് മുഖചിത്രമാക്കി ആദരവ് പ്രകടിപ്പിക്കുന്നവരും ഏറെയാണ്. ലോകം ഈ ദിവസങ്ങളിൽ ഏറ്റവുമധികം കയറിയിറങ്ങിയ ഫെയ്സ്ബുക് പേജുകളിലൊന്നായിരുന്നു തായ് നേവി സീലിന്റേത്. തായ് നാവികസേനയുടെ പ്രത്യേക നീന്തൽ വിദഗ്ധവിഭാഗമാണു നേവി സീലുകൾ. ഇവരാണു ഗുഹയിലെ രക്ഷാദൗത്യത്തിനു നേതൃത്വം നൽകിയത്. 

രക്ഷാപ്രവർത്തനത്തിലെ ഓരോ ഘട്ടവും ഇവർ ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചു കൊണ്ടിരുന്നു. അതും തമാശകൂടി കലർന്ന വാക്കുകളിൽ. എല്ലാവരും പുറത്തുവന്നപ്പോൾ അവരുടെ കമന്റ് ഇങ്ങനെ: ‘ഇതൊരു അദ്ഭുതമാണോ ശാസ്ത്രമാണോ മറ്റെന്തെങ്കിലുമാണോ? ഞങ്ങൾക്കു നിശ്ചയമില്ല.’

അകത്തു കുടുങ്ങിയ ജൂനിയർ ഫുട്ബോൾ ടീമിന്റെ പേര് ‘വൈൽഡ് ബോർസ്’ എന്നായിരുന്നു. കാട്ടുപന്നികൾ എന്നർഥം. അവസാനത്തെ ടീമംഗത്തെയും പുറത്തെത്തിച്ചപ്പോൾ അവർ ഫെയ്സ്ബുക്കിൽ കുറിച്ചു: 12 കാട്ടുപന്നികളും കോച്ചും എത്തിക്കഴിഞ്ഞു. എല്ലാവരും സുരക്ഷിതർ. ഇനി നാലു തവളകൾക്കായി കാത്തിരിക്കുന്നു.’ അകത്തുള്ള നാലു രക്ഷാപ്രവർത്തകരെയാണു തവളകൾ എന്നു വിശേഷിപ്പിച്ചത്. നാലു രക്ഷാപ്രവർത്തകരും പുറത്തുവന്നപ്പോൾ പോസ്റ്റ് ഇങ്ങനെ: ‘നാലു വെള്ള സ്രാവുകളും സുരക്ഷിതരായി എത്തി.’

ഇന്നലെ രാവിലെ, രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾ, കാട്ടുപന്നികളെക്കുറിച്ചുള്ള ചെറിയ വിവരണമായിരുന്നു പേജിൽ കൊടുത്തത്. ഈ ആമുഖത്തോടെ – ‘കുട്ടികൾ പുറത്തു വരുന്നതു വരെ നമുക്കു കുറച്ചു വിശ്രമിക്കാം.’ കുട്ടികളുടെ വിഡിയോയും അവർ എഴുതിയ കത്തുകളുമൊക്കെ ആദ്യം വന്നതു നേവി സീലിന്റെ ഫെയ്സ്ബുക്കിലാണ്. ഇന്നലെ പുലർച്ചെ അവർ എഴുതി: ‘ഇന്നു ജൂലൈ 10. മുൻദിവസങ്ങളെക്കാൾ നീളം കൂടുതലായിരിക്കും ഇന്നത്തെ ദിവസത്തിന്. ഒടുവിൽ, നമുക്ക് ഒരുമിച്ച് ആഘോഷിക്കാം.’ തായ്‍ലൻഡ് ഇപ്പോൾ ആഘോഷത്തിലാണ്. 

ലോകം ശ്വസംഅടക്കി നോക്കി കണ്ട രക്ഷാദൗത്യം ഇങ്ങനെ

ജൂൺ 23

ഫുട്‌ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളുമായി കോച്ച് ഗുഹയിൽ കയറുന്നു. ഗുഹക്കുള്ളിൽ കയറി അല്‍പ സമയത്തിനകം മഴ പെയ്യാനാരംഭിച്ചു. മഴ കനത്തതോടെ ഗുഹക്കുള്ളിൽ വെള്ളം കയറി, മണ്ണിടിഞ്ഞ് പല ഭാഗങ്ങളും മൂടി. ഗുഹക്കുള്ളിൽ ഇരുട്ട് പരന്നു. കാര്യങ്ങൾ കൈവിട്ടുപോയി. ആ ദിവസം തന്നെ മകനെ കാണാനില്ലെന്നു പറ‌‍ഞ്ഞ് ഗുഹക്കുള്ളിൽ പെട്ട ഒരു കുട്ടിയുടെ അമ്മ പരാതിയുമായെത്തുന്നു. കുട്ടികുടെ ബാഗും ഷൂസും സൈക്കിളും ഗുഹക്കു പുറത്തിരിക്കുന്നത് ആദ്യം ശ്രദ്ധയിൽ പെട്ട ചിയാങ്ങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിക്കുന്നു. 

ജൂൺ 24

ഗുഹക്കു വെളിയിലെ കാൽപ്പാടുകളും കൈയടയാളങ്ങളും കുട്ടികളുടേതാണെന്ന് ഉറപ്പിച്ചു, ഇതോടെ മാതാപിതാക്കൾ ഗുഹാമുഖത്ത് നിലയുറപ്പിച്ചു

ജൂൺ 25

തായ്‌ലൻഡിലെ സീൽ ഡൈവർമാർ കുട്ടികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നു. തിരച്ചിലിനായി ഇവർ ഗുഹക്കുള്ളിലേക്ക്.  കുട്ടികളുടെ കൈയടയാളങ്ങൾ കണ്ടതോടെ ഇവർ ഗുഹക്കുള്ളിലുണ്ടെന്ന് ഉറപ്പിച്ചു. പക്ഷേ മഴ വീണ്ടും കനത്തു, ഇതോടെ വെള്ളം വറ്റിച്ച് കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

ജൂൺ 26

ഡൈവർമാർ ഗുഹക്കുള്ളിലെ ടി-ജങ്ഷനിൽ. കുട്ടികളുണ്ടെന്നു കരുതപ്പെട്ട ഭാഗത്തേക്കു പോകാനുള്ള പട്ടായ ബീച്ച് എന്നറിയപ്പെടുന്ന ചെറിയ വിടവു കടക്കാനാകാതെ മടക്കം. 

ജൂൺ 27

ആയിരത്തോളം സൈനികരും നാവികസേനാംഗങ്ങളും വൊളന്റിയര്‍മാരും രക്ഷാപ്രവർത്തനത്തിനായി രംഗത്ത്. യുഎസ് പസഫിക് കമാന്‍ഡില്‍നിന്ന് 30 അമേരിക്കന്‍ സൈനികര്‍ സ്ഥലത്തെത്തി. ഇവര്‍ക്കൊപ്പം മൂന്നു ബ്രിട്ടിഷ് ഡൈവിംഗ് വിദഗ്ധരും രംഗത്തെത്തി. ഇവര്‍ ഗുഹയിലേക്കിറങ്ങിയെങ്കിലും വെള്ളപ്പാച്ചിലിനെ തുടര്‍ന്നു മടങ്ങി.

ജൂണ്‍ 28

മഴ കനത്തതോടെ വെള്ളത്തിൽ മുങ്ങിയുള്ള രക്ഷാപ്രവർത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വെള്ളം പമ്പു ചെയ്യാനുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നു. ഗുഹയ്ക്കു മുകളില്‍ സമാന്തരകവാടം ഉണ്ടോ എന്നു കണ്ടെത്താന്‍ ഡ്രോണുകളും എത്തിച്ചു.

ജൂണ്‍ 29

ചൈനയിൽ നിന്നുള്ള വിദഗ്ധസംഘം രക്ഷാപ്രവർത്തകർക്കൊപ്പം. പ്രതീക്ഷ കൈവിടരുതെന്ന് നിര്‍ദേശം

ജൂൺ 30

മഴ കുറയുന്നു, ഗുഹക്കുള്ളിലെ ജലനിരപ്പ് താഴുന്നു. ഇതോടെ വെള്ളം പമ്പു ചെയ്തു കളയാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നു. 1000 പേരുള്ള തായ് രക്ഷാ സംഘമാണു സ്ഥലത്ത്. ഇതിനു പുറമേ യുഎസ്, ഓസ്‌ട്രേലിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്ഗധ രക്ഷപ്രവർത്തകരും.  തായ് നാവികസേനയുടെ നീന്തല്‍ വിദഗ്ധര്‍ ഗുഹയ്ക്കുള്ളിലൂടെ നീങ്ങി. കുട്ടികള്‍ ഉണ്ടെന്നു കരുതുന്ന ഭാഗത്ത് എത്താന്‍ 3-4 കിലോമീറ്റര്‍ കൂടി താണ്ടണം. കുട്ടികളെ കണ്ടെത്തിയാല്‍ പ്രാഥമിക ചികില്‍സ നല്‍കാൻ മെഡിക്കല്‍ സംഘം പുറത്ത്. വിദഗ്ധ ചികില്‍സയ്ക്കു കൊണ്ടുപോകാനുള്ള ഹെലികോപ്ടറുകളും ഒരുക്കി.

ജൂലൈ 1

എയര്‍ ടാങ്കുകളും മറ്റുപകരണങ്ങളും സൂക്ഷിക്കാനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുമായി സുരക്ഷിതമായ പ്രദേശം കണ്ടെത്തി. കൂടുതല്‍ ഉപകരണങ്ങള്‍ വിമാനത്തില്‍ എത്തിച്ചു.

ജൂലൈ 2

പ്രാർത്ഥനകൾ സഫലമായി. പത്താം ദിവസം കുട്ടികളെയും കോച്ചിനെയും കണ്ടെത്തി. ഗുഹയ്ക്കുള്ളില്‍ അഞ്ചുകിലോമീറ്ററോളം ഉള്ളില്‍ കുട്ടികളെ കണ്ടെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അവരുടെ ചിത്രം  പകർത്തി. പുറംലോകം കണ്ടത് ആത്മവിശ്വാസമുള്ള, ആരും പേടിക്കേണ്ടെന്നു പറയുന്നു കുട്ടികളെ. 13 പേരും ഗുഹയ്ക്കുള്ളില്‍ 'പട്ടായ ബീച്ച്' എന്നറിയപ്പെടുന്ന അറയ്ക്കുള്ളില്‍ സുരക്ഷിതരായിരുന്നു. പ്രളയജലത്തില്‍നിന്നു രക്ഷപ്പെടാന്‍ പട്ടായബീച്ചിനു 400 മീറ്റര്‍ അകലെ പാറക്കെട്ടിനു മുകളില്‍ അഭയം കണ്ടെത്തിയിരിക്കുകയായിരുന്നു ഇവർ.

ദുര്‍ഘടമായ പ്രതിസന്ധികള്‍ തരണം ചെയ്തു കുട്ടികളെ എങ്ങിനെ പുറത്തെത്തിക്കുമെന്നതായി പിന്നീടുള്ള ചര്‍ച്ച.  

ജൂലൈ 3

കുട്ടികള്‍ക്ക് ആഹാരവും മരുന്നും എത്തിച്ചു. ഉയര്‍ന്ന കലോറിയിലുള്ള ആഹാരവും പാരസെറ്റമോള്‍ ഗുളികകളും നൽകി. കുട്ടികളെ പുറത്തെത്തിക്കാന്‍ ചിലപ്പോള്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന് ആദ്യനിഗമനം. രണ്ടാമതു പുറത്തുവിട്ട വിഡിയോയില്‍ കുട്ടികള്‍ ആരോഗ്യവാന്മാരും ഉന്മേഷമുള്ളവരുമായി കാണപ്പെടുന്നു. രണ്ടാമത്തെ വിഡിയോയില്‍ 11 പേരെയാണ് കാണിക്കുന്നത്. ആദ്യം തന്നെ തായ് രീതിയിലുള്ള അഭിസംബോധനയ്ക്കുശേഷം കുട്ടികളോരോരുത്തരും ക്യാമറയ്ക്കു മുന്നിലെത്തി സ്വന്തം പേരുപറഞ്ഞ് ആരോഗ്യവാനാണെന്നു പറയുന്നതു കാണാം.

ജൂലൈ 4

കുട്ടികള്‍ക്കും കോച്ചിനും നീന്തല്‍ പരിശീലനം നല്‍കിത്തുടങ്ങി. ഇവര്‍ക്കുള്ള നീന്തല്‍ വസ്ത്രങ്ങളുമായി 30 നീന്തല്‍ വിദഗ്ധര്‍, സൈനികര്‍, ഗുഹാവിദഗ്ധന്‍ എന്നിവരടങ്ങിയ സംഘം ഗുഹയ്ക്കുള്ളിലേക്ക്. ഗുഹയ്ക്കുള്ളില്‍ ആഴത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഗുഹാപാത ഇടുങ്ങിയതും കൊടുംവളവുകള്‍ നിറഞ്ഞതുമാണ്. ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന മുന്നറിപ്പിനെ തുടര്‍ന്നു ഗുഹയ്ക്കുള്ളില്‍നിന്നുള്ള വെള്ളം 24 ണിക്കൂറും പമ്പ് ചെയ്തു കളയാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ജൂൺ 4 വരെയുള്ള സമയത്ത് പമ്പു ചെയ്തു കളഞ്ഞത് 12 കോടി ലിറ്റർ വെള്ളം. 

ജൂലൈ 5

കനത്ത മഴ രക്ഷാപ്രവര്‍ത്തനം സങ്കീര്‍ണമാക്കുമെന്നു വന്നതോടെ അടിയന്തര നടപടികളിലേക്ക്. ഗുഹയ്ക്കുള്ളിലേക്കു മറ്റേതെങ്കിലും വഴി കണ്ടെത്താന്‍ കഴിയുമോ എന്നറിയാനായി പര്‍വതമേഖലയിൽ തിരച്ചിൽ. 

ജൂലൈ 6

രക്ഷാപ്രവർത്തനത്തിടെ അപ്രതീക്ഷിത ദുരന്തം. രക്ഷാപ്രവർത്തക സംഘത്തിലെ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ ഓക്സിജൻ കിട്ടാതെ മരിച്ചു. ഹയ്ക്കുള്ളിലെ ഓക്‌സിജന്റെ അളവ് കുറയുന്നതായി തായ് നേവി സീല്‍ കമാന്‍ഡര്‍ അറിയിച്ചതോടെ ആശങ്ക ശക്തമായി.

ജൂലൈ 7

കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിനീന്താന്‍ പ്രാപ്തരായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തന സംഘത്തിന്റെ മേധാവിയുടെ അറിയിപ്പ്. ഗുഹയുടെ മുകളില്‍നിന്നു കുഴിച്ച് കുഴലുകള്‍ താഴേയ്ക്കിറക്കാന്‍ ശ്രമം. നാനൂറു മീറ്റര്‍വരെ കുഴിച്ചുവെങ്കിലും ഗുഹ കണ്ടെത്താനായില്ല. കുട്ടികള്‍ കഴിയുന്ന ഭാഗം കൃത്യമായി കണ്ടെത്താനുമായില്ല. ഗുഹയ്ക്കുള്ളിലേക്കു മഴവെള്ളമിറങ്ങാന്‍ സാധ്യതയുള്ള വിടവുകള്‍ മൂടാനും ഈ വിടവുകളിലേക്കുള്ള അരുവികള്‍ ഴിതിരിച്ചു വിടാനും ശ്രമം തുടങ്ങി. ഗുഹയ്ക്കുള്ളില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.

ഇതിനിടെ മാതാപിതാക്കൾക്ക് കുട്ടികളുടെ കത്ത്. വിഷമിക്കേണ്ടെന്നും ഞങ്ങൾ തിരിച്ചെത്തുമെന്നുമുള്ള ആശ്വാസവചനം. കോച്ചിൻറെ കത്തിൽ ക്ഷമാപണം.

ജൂലൈ 8

ആദ്യ ശുഭസൂചന. 12 കുട്ടികളിൽ നാലു പേർ പുറത്തേക്ക്. ഇവരെ ഹെലികോപ്റ്ററില്‍ സമീപനഗരത്തിലെത്തിച്ച് ആശുപത്രിയിലാക്കി. ഗുഹയിലെത്തിയ ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ സംഘം കുട്ടികളുടെ ആരോഗ്യനില പരിശോധിച്ച് പട്ടിക തയാറാക്കി. ആരോഗ്യം കുറഞ്ഞ കുട്ടികളെയാണ് ആദ്യം പുറത്തേക്കു കൊണ്ടുവന്നത്. ഒരാളെ പുറത്തെത്തിക്കാന്‍ എട്ടു മണിക്കൂറോളമെടുത്തു. ഒരാള്‍ക്കു കഷ്ടിച്ചു കടന്നുപോകാവുന്ന ഇടുക്കുകള്‍ എന്നിവ പിന്നിട്ടായിരുന്നു യാത്ര.

ജൂലൈ 9

രണ്ടാം ദിവസം പുറത്തെത്തിയത് നാലു പേർ കൂടി. ഇതോടെ രക്ഷപെട്ട് പുറത്തെത്തിയ കുട്ടികളുടെ എണ്ണം എട്ട്. ഗുഹാമുഖത്ത് ഒന്‍പതു ആംബുലന്‍സുകളും ഹെലികോപ്റ്ററും രാവിലെ തന്നെ സജ്ജമായിരുന്നു. എട്ടു കുട്ടികളുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.

ജൂലൈ 10

അവശേഷിച്ച നാലു കുട്ടികളും കോച്ചും ഗുഹാമുഖത്തേക്ക്. രക്ഷപെടുത്തിയവരെ പ്രാഥമിക ചികിൽസയ്ക്കുശേഷം ആശുപത്രിയിലേക്കു മാറ്റി. രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുമെന്ന് സർക്കാർ. ഒരാഴ്ചയെങ്കിലും കുട്ടികൾക്ക് ആശുപത്രിയിൽ കഴിയേണ്ടിവരും.

MORE IN WORLD
SHOW MORE