ഈ മനോധൈര്യം, ഇച്ഛാശക്തി: നേരിട്ടുകണ്ടയാള്‍ അത് വെള്ളിത്തിരയില്‍ പകര്‍ത്തുന്നു

thailand-cave-hollywood
SHARE

ജൂൺ 23 മുതൽ ജൂലൈ ഒൻപത് വരെയുള്ള നീണ്ട 17 ദിവസങ്ങൾ. ലോകത്തിന്റെ മുഴുവൻ കാത്തിരിപ്പിന്റെ ദൈര്‍ഘ്യമുണ്ട് ഈ ദിവസങ്ങൾക്ക്. ആഗോളശ്രദ്ധ പിടിച്ചുപറ്റിയ തായ്‌ലാൻഡിലെ ലോകോത്തര രക്ഷാദൗത്യത്തെ സിനിമയാക്കി മാറ്റാനൊരുങ്ങുകയാണ് ഹോളിവുഡ്.

ഇരുട്ടിനോടും മഴവെള്ളത്തോടും മനോധൈര്യത്തോടെ പൊരുതിയ 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും വെള്ളിത്തിരയില്‍ എത്തിക്കാനുള്ള ശ്രമങ്ങൾ ഹോളിവുഡിൽ സജീവമായി. 'ഗോഡ്സ് നോട്ട് ഡെഡിന്റെ' നിർമാതാക്കളായ പ്യുയർ ഫ്ലിക്സ് എന്റർടെയിൻമെന്റ് ആണ് സിനിമക്കായി രംഗത്തുള്ളത്. പ്യുയർ ഫ്ലിക്സ് സിഇഒ മൈക്കൽ സ്കോട്ട്, ഗുഹാപരിസരം സന്ദർശിച്ചിരുന്നു. ദിവസങ്ങൾ നീണ്ട രക്ഷാദൗത്യത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. 

രക്ഷാശ്രമത്തിൽ പങ്കെടുത്ത 90 ഡൈവർമാരോടും കുട്ടികളുടെ കുടുംബത്തോടും സ്കോട്ട് സംസാരിച്ചു. കുട്ടികളുടെ മനോധൈര്യവും രക്ഷാപ്രവർത്തകരുടെ ഇച്ഛാശക്തിയും തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്കോട്ട് പറയുന്നു. 

കുട്ടികളുടെ കുടുംബത്തിന്റെ അനുവാദം ലഭിച്ചശേഷം മാത്രമേ സിനിമയുമായി മുന്നോട്ടുപോകുന്ന കാര്യത്തിൽ അന്തിമതീരുമാനമാകുകയുള്ളൂ. 

പ്യുയർ ഫ്ലിക്സിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ബജറ്റാകും ചിത്രത്തിനായി വകയിരുത്തുക. 30 ദശലക്ഷം ഡോളറാണ് ഉദ്ദേശിക്കുന്ന ബജറ്റ്.

2010ല്‍ ചിലിയിലെ ഖനിയിൽ കുടുങ്ങിയ 33 പേര്‍ക്കായി നടത്തിയ രക്ഷാദൗത്യം പ്രമേയമായെടുത്ത 'ദ് 33' വലിയ വിജയമായിരുന്നു. അതിന് സമാനമായ രീതിയിലാകും താം ലുവാങ് ദൗത്യവും ഹോളിവുഡിലെത്തുക.

MORE IN WORLD
SHOW MORE