ആ കുട്ടികളെ പറ്റി ജെസീക്ക: അസാധ്യം; ജെസീക്കയെ പറ്റി ലോകം: അസാധ്യം

capt-jessica
SHARE

'രക്ഷാപ്രവർത്തനം വിലയിരുത്തുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നുണ്ട്’. തായ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ കമാൻഡിങ് ടീമിലെ ക്യാപ്റ്റൻ ജെസീക്ക ടെയ്റ്റിന്റെ വാക്കുകളാണിത്. ലോകം കയ്യടിക്കുകയാണ് ഇൗ ധീരവനിതയ്ക്ക്. ഇൻഡോ–പെസഫിക് കമാൻഡ് വക്താവാണ് ജെസീക്ക. രക്ഷാപ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട 35 അംഗ ടീമിലെ ഈ പെൺമുഖത്തെ ആരാധനയോടെ അതിലുപരി ബഹുമാനത്തോടെയാണ് ലോകം കാണുന്നത്. ഗുഹയിലകപ്പെട്ട 12 കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയിട്ടേ അവിടെ നിന്ന് മടക്കമുള്ളൂ എന്ന് പറഞ്ഞ ആ ധീരതയെ, ആത്മാര്‍ഥതയെ ലോകം ആദരിക്കുന്നു. .

രക്ഷാദൗത്യത്തിനെത്തിയ വിദഗ്ധരായ ടീം അംഗങ്ങളെക്കുറിച്ചും രക്ഷാപ്രവർത്തനത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ചും ആ പ്രതിബന്ധങ്ങളെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ വളരെ വ്യക്തമായിത്തന്നെ ജെസീക്ക പറയുന്നുണ്ട്. കുട്ടികളുടെ ആരോഗ്യാവസ്ഥയെക്കുറിച്ചും ധൈര്യത്തെക്കുറിച്ചും വളരെ വികാരഭരിതയായാണ് ജെസീക്ക പറയുന്നത്. ഒറ്റപ്പെട്ട ഗുഹയിൽ ആഹാരം പോലുമില്ലാതെ 9 ദിവസം കഴിഞ്ഞ കുഞ്ഞുങ്ങളുടെ ജീവിതത്തെ അസാധ്യം എന്നാണ് ജെസീക്ക വിശേഷിപ്പിച്ചത്. 

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും എല്ലാവരെയും രക്ഷപ്പെടുത്തിയാലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ. രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.

ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.

ഇതിനിടെ, രക്ഷപ്പെട്ട നാലു കുട്ടികളെ രക്ഷിതാക്കളെ കാണാൻ അനുവദിച്ചതായും ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ചികിൽസ പൂർത്തിയാകാത്തതിനാലും അണുബാധ ഒഴിവാക്കാനും കുട്ടികളെയും രക്ഷിതാക്കളെയും ആശുപത്രി ജാലകത്തിലൂടെ തമ്മിൽ കാണാൻ മാത്രമാണ് അനുവദിച്ചത്. ഇന്നലെ രക്ഷപ്പെടുത്തിയ കുട്ടികളെ ഇന്നു വൈകിട്ടോടെ ഇത്തരത്തിൽ രക്ഷിതാക്കളെ കാണിക്കുമെന്നും അറിയുന്നു.

MORE IN WORLD
SHOW MORE