''ഇനി വെറും നാല് ദിവസം മാത്രം'; ആശങ്ക; 'ലോകം' തായ്‌ലാൻഡ് ഗുഹയിൽ

thailand-latest
SHARE

തായ്‌ലാൻഡ് ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ഇനി അവശേഷിക്കുന്നത് മൂന്നോ നാലോ ദിവസം മാത്രമെന്ന് രക്ഷാപ്രവർത്തകസംഘം. നിലവിലെ സാഹചര്യങ്ങള്‍ തൃപ്തികരമാണ്. മഴ കനത്താൽ ഗുഹയിലേക്കുള്ള കവാടത്തിലുള്‍പ്പെടെ വെള്ളം കയറുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. 

‌''നിലവിലെ സാഹചര്യത്തിൽ രക്ഷാപ്രവർത്തനശ്രമങ്ങള്‍‌ തൃപ്തികരമാണ്. കുട്ടികളുടെ ആരോഗ്യനിലയും ഗുഹക്കുള്ളിലെ വെള്ളത്തിൻറെ അളവും കാലാവസ്ഥയും അനുകൂലം. എന്നാൽ നാല് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ എന്താകുമെന്ന് പറയാൻ കഴിയില്ല. ഇവരെ രക്ഷപെടുത്താൻ അടുത്ത നാല് ദിവസങ്ങൾക്കുള്ളിൽ കഴിയുമെന്നാണ് പ്രതീക്ഷ''. ‌രക്ഷാപ്രവർത്തകസംഘം പറയുന്നു. 

രക്ഷാപ്രവർത്തനം ഊർജിതമാക്കിയതോടെ കഴിഞ്ഞ ദിവസം ഗുഹയുടെ പരിസരത്തുനിന്നും മാധ്യമപ്രവർത്തകരെ ഒഴിപ്പിച്ചിരുന്നു. നൂറുകണക്കിന് മാധ്യമപ്രവർത്തകരാണ് ഗുഹക്ക് പുറത്ത് തടിച്ചുകൂടിയിരുന്നത്. രക്ഷാപ്രവർത്തനത്തിന്‍റെ ചിത്രങ്ങളോ വിഡിയോയോ പകർത്തരുതെന്നും നിർദേശമുണ്ട്. 

കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണവും ഓക്സിജനും വൈദ്യസഹായവും എത്തിച്ചുനൽകുന്നുണ്ട്. വരും ദിവസങ്ങളിൽ കനത്ത മഴക്കും കാറ്റിനുമുള്ള സാധ്യത രക്ഷാപ്രവര്‍ത്തക സംഘത്തെ ആശങ്കയിലാഴ്ത്തുന്നു. 

കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാൻ ബഡ്ഡി ഡൈവിങ് എന്ന രീതി സ്വീകരിക്കുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. ഒരു മുങ്ങൽ വിദഗ്ധൻ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. ഗുഹയിലകപ്പെട്ട കുട്ടികളെ മുഴുവൻ നീന്തൽ പഠിപ്പിച്ച് പുറത്തെത്തിക്കുക എന്നത് പ്രായോഗികമല്ലാത്തതുകൊണ്ടാണ് ഈ മാർഗം പരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്നാണ് വിവരം. 

ജൂൺ 23നാണ് ഫുട്ബോൾ പരിശീലകനുൾപ്പെടെ 13 പേർ ഗുഹക്കുള്ളിൽ കുടുങ്ങിയത്. പത്താം ദിവസം കണ്ടെത്തിയിട്ടും ഇനിയും ഇവരെ പുറത്തെത്തിക്കാൻ കഴിയാത്തതിൽ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ പതിമൂന്ന് പേരെയും ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകസംഘം.

MORE IN WORLD
SHOW MORE