ഗുഹയിലെത്തിച്ചത് കോച്ച്; അവര്‍ ജീവിച്ചിരിക്കുന്നതിന് കാരണവും ഈ കോച്ച്; ആ കഥ

cave-rescue
SHARE

ലോകത്തിന്റെ പ്രാര്‍ഥന അങ്ങനെയങ്ങ് വെറുതെയാവില്ല. തായ്​ലാന്‍ഡില്‍ നിന്നും ആശ്വാസവാര്‍ത്തകള്‍ക്ക് തുടക്കം. ഗുഹയില്‍ കുടുങ്ങിയ നാലുകുട്ടികളെ പുറത്തെത്തിച്ചു. ബാക്കി കുട്ടികളെയും ഉടന്‍ പുറത്തെത്തിക്കും.  രക്ഷാപ്രവര്‍ത്തനത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി വീണ്ടും മഴ എത്തിയിത് ആശങ്കയേറ്റിയിരുന്നു. ഗുഹയുടെ ഇരുട്ടില്‍ നിന്നും ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കുട്ടികള്‍  കൈപിടിക്കുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് ആ പരിശീലകനെ കൂടിയാണ്. ഏകാപോള്‍ ചാന്ദാവോങ് എന്ന സന്ന്യാസജീവിതം നയിച്ചിരുന്ന ആ പരിശീലകനെ.  

ചെളിയും വെള്ളവും നിറഞ്ഞ് ഇരുളടഞ്ഞ ഗുഹയില്‍ തായ്‍ലന്‍ഡിലെ 12 കുട്ടി ഫുട്ബോള്‍ താരങ്ങള്‍ക്ക് ഇത്രയും ദിവസം പിടിച്ച് നില്‍ക്കാന്‍ സഹായകരമായത് കൂടെയുളള പരിശീലകന്റെ കരുത്താണ്. കളിയില്‍ മാത്രമല്ല ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനുള്ള പരിശീലനം കൂടി അയാള്‍ പങ്കുവയ്ക്കേണ്ടി വന്നത് നിമിത്തമാകാം. സന്ന്യാസ ജീവിതം നയിച്ചിരുന്ന 25 വയസുകാരനായ ഏകാപോള്‍ ചാന്ദാവോങ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഴുവന്‍ സമയ സന്ന്യാസജീവിതം ഉപേക്ഷിച്ച് ഫുട്ബോള്‍ പരിശീലനത്തിലേക്ക് തിരിഞ്ഞത്. പത്തുവയസില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഏകാപോള്‍ ഒരു ആശ്രമത്തിലാണ് വളര്‍ന്നതും പഠിച്ചതും. സന്ന്യാസ ജീവിതം നയിച്ചിരുന്ന ഏകാപോള്‍ പ്രായമായ മുത്തശ്ശിയെ സഹായിക്കാനാണ് മുഴുവന്‍ സമയ സന്ന്യാസ ജീവിതം ഉപേക്ഷിച്ചത്. 

thailand-rescue-1

കുട്ടികളുമായി ഗുഹയില്‍ കുടുങ്ങിയപ്പോള്‍ അദ്ദേഹം സ്വീകരിച്ച രീതികളാണ് ഇൗ ദിവസങ്ങളിെലല്ലാം കുട്ടികളെ ആത്മബലത്തോടെ  പിടിച്ചുനിര്‍ത്തുന്നത്.  വളരെ കുറഞ്ഞ രീതിയില്‍ ഊര്‍ജ്ജം ചെലവിട്ട് കഴിയാനും ഉള്ള ഭക്ഷണവും ജലവും ടീമിലെ എല്ലാര്‍ക്കും പങ്കിട്ട് കഴിയാനും ആശങ്കപ്പെടാതിരിക്കാനും കുട്ടികളെ സഹായിച്ചത് ഏകാപോളിന്റെ സാന്നിധ്യമാണ്. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ കുട്ടിഫുട്ബോള്‍ പരിശീലകര്‍ ഭയപ്പെടാതിരിക്കാനും ആത്മസംയമനം പുലര്‍ത്താനും സന്ന്യാസി കൂടിയായ ഏകാപോളിന്റെ സാന്നിധ്യം സഹായിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരും വിശദമാക്കുന്നു. 

thailand-cave-rescue

ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറച്ച് ഉപയോഗിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഏകാപോളിന്റെ ധ്യാന രീതികള്‍ ഉതകുന്നുണ്ട്. കഴിഞ്ഞ ദിവസം കുട്ടികള്‍ അപകടത്തിലായതില്‍ ഏകാപോള്‍ ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഏകാപോളിന് ശക്തമായ പിന്തുണയാണ് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കുന്നത്. അദ്ദേഹം അവര്‍ക്കൊപ്പം ഇല്ലായിരുന്നെങ്കില്‍ തങ്ങളുടെ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ കഴിയുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞത്. 

MORE IN WORLD
SHOW MORE