മഴ ശക്തം; ഓക്സിജൻ അളവും താഴേക്ക്; ഗുഹക്കുള്ളിലെ രക്ഷാശ്രമത്തിന് തിരിച്ചടി, ആശങ്ക

thai-cave-search-new
SHARE

തായ്‌ലാൻഡിൽ ഗുഹക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബോൾ പരിശീലകനെയും പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടി. കാലാവസ്ഥ പ്രതികൂലമായതും ഗുഹക്കുള്ളിൽ ഓക്സിജൻ അളവ് താഴ്ന്നതും രക്ഷാപ്രവർത്തനം ദുർഘടമാക്കുന്നു. വളരെ കുറച്ച് സമയം മാത്രമെ മുന്നിലുള്ളൂവെന്ന് രക്ഷാപ്രവർത്തകസംഘം അറിയിച്ചു. 

പ്രദേശത്ത് അപ്രതീക്ഷിതമായി മഴ കനത്തതാണ് തിരിച്ചടിയായത്. രക്ഷാപ്രവർത്തനത്തിലേർപ്പട്ട ഡൈവർ ശ്വാസം മുട്ടി മരിച്ചതും ഞെട്ടലുണ്ടാക്കി. ''എല്ലാ സാഹചര്യങ്ങളും അനുകൂലമാകുന്നതുവരെ കാത്തിരിക്കാനാകില്ല. 13 പേര്‍ക്കും ഗുഹക്കുള്ളിൽ സുരക്ഷിതമായി കുറച്ചുനാൾ കൂടി കഴിയാനാകുമെന്നാണ് കരുതിയത്. എന്നാൽ സാഹചര്യങ്ങള്‍ അപ്രതീക്ഷിതമായി മാറിയിരിക്കുന്നു. വളരെ കുറച്ച് സമയം മാത്രമാണ് മുന്നിലുള്ളത്'', രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സംഘത്തിലൊരാൾ പറഞ്ഞു. 

thai-cave

ഗുഹക്കുള്ളിലെ ഓക്സിജൻ അളവ് ഓരോ നിമിഷവും കുറയുകയാണ്. ഗുഹക്കുള്ളിൽ കുട്ടികളിരിക്കുന്ന സ്ഥലം വരെ നീളുന്ന തരത്തിൽ ഓക്സിജൻ ലൈൻ സ്ഥാപിക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിലവിൽ കുട്ടികൾക്കൊപ്പം നാല് ഡൈവർമാരും ഒരു ഡോക്ടറുമാണുള്ളത്. ഓക്സിജൻ ലൈനിനൊപ്പം കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിന് ടെലിഫോൺ ലൈന്‍ ഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. 

മഴ ശക്തമായതോടെ ഗുഹക്കുള്ളിൽ നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഈ ശ്രമം വിജയിച്ചാൽപ്പോലും ഡൈവ് ചെയ്തല്ലാതെ കുട്ടികൾക്ക് കുത്തനെയുള്ള ഗർത്തങ്ങളും ഇടുങ്ങിയ പാറക്കെട്ടുകളുമുള്ള ഗുഹയിൽ നിന്ന് പുറത്തുകടക്കാനാകില്ല. കുട്ടികളിൽ കുറച്ചുപേർക്കേ നീന്തൽ അറിയൂ. ബാക്കിയുള്ളവരെ നീന്തൽ പഠിപ്പിച്ചാലും അപകടസാധ്യതയെപ്പറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡൈവറുടെ മരണം ഒരു മുന്നറിയിപ്പാണെന്നും ഇവർ പറയുന്നു. 

thailand-students

നിലവിൽ കുട്ടികളുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ഡൈവിങ് മാസ്കുകൾ ധരിക്കാനും ശ്വസിക്കാനും ഇവർ പരിശീലിക്കുന്നുണ്ട്. ശനിയാഴ്ചയോടെ മഴ കൂടുതൽ കനക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഗുഹക്കുള്ളിൽ വീണ്ടും വെള്ളം നിറയും. പിന്നെ കുട്ടികളെ പുറത്തെത്തിക്കുക അസാധ്യമാകും. 

ജൂൺ 23നാണ് പതിമൂന്നംഗസംഘം ഉത്തരതായ്‌ലാൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയത്. സംഘം അകത്തുകയറിയതോടെ മഴ പെയ്ത് ഗുഹക്കുള്ളിൽ വെള്ളം കയറുകയായിരുന്നു. ഒൻപതാം ദിവസം മാത്രമാണ് ഇവരെ കണ്ടെത്താനായത്. 

MORE IN WORLD
SHOW MORE