മഴയെത്തും മുൻപേ പുറത്തെത്തിക്കണം, ഇനിയുള്ള അഞ്ച് മണിക്കൂര്‍ നിര്‍ണ്ണായകം

thailand
SHARE

ഉത്തര തായ്‌ലാന്‍ഡിലെ താം ലുവാങ്ങ് ഗുഹയെ ലോകം സശ്രദ്ധം വീക്ഷിക്കുകയാണ്. ഇനിയുള്ളതാകട്ടെ, നിർണായക മണിക്കൂറുകളും. ഇനിയുള്ള അഞ്ച് മണിക്കൂറുകൾ ഏറെ പ്രധാനപ്പെട്ടതായിരിക്കുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. കാലവർഷം കനക്കും മുൻപേ ഗുഹയിലകപ്പെട്ട കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കേണ്ടതുണ്ട്. കുട്ടികള്‍ക്കും കോച്ചിനും നീന്തല്‍ പരിശീലനവും നൽകാൻ നീന്തൽ വിദഗ്ധരും സൈനികരും ഗുഹാവിദഗ്ധരുമടങ്ങുന്ന സംഘം പുറപ്പെട്ടു കഴിഞ്ഞു. ഗുഹയിലകപ്പെട്ടവർക്ക് ഭക്ഷണവുമായാണ് നേരത്തെ ഒരു സംഘം രക്ഷാപ്രവര്‍ത്തകർ എത്തിയിരുന്നു. 

രക്ഷാപ്രവർത്തക സംഘത്തിന് ഇവരുടെ അടുത്തെത്താൻ വേണ്ടത് ആറ് മണിക്കൂറാണ്, തിരിച്ചു പുറത്തുകടക്കാൻ അഞ്ചു മണിക്കൂർ വേണ്ടിവരുമെന്നും കരുതപ്പെടുന്നു. എന്നാൽ ഇനിയുള്ള മണിക്കൂറുകളിൽ മഴ കനിയേണ്ടതുമുണ്ട്. മഴ പെയ്ത് ജലനിരപ്പ് ഉയരുന്നതിനു മുൻപ് ഇവരെ പുറത്തെത്തിക്കാനാണ് രക്ഷാപ്രവർത്തകർ ശ്രമിക്കുന്നത്. ഈയാഴ്ച മഴ ശക്തിപ്പെട്ടേക്കുമെന്ന കാലാവസ്ഥാ പ്രവചനം ഇവരെ സമ്മർദ്ദത്തിലാക്കുന്നുമുണ്ട്. 

പമ്പുകളുപയോഗിച്ചാണ് ഇപ്പോൾ ഗുഹയിലെ ജലം വറ്റിക്കുന്നത്. മഴ ഇനിയും പെയ്യാനുള്ള സാധ്യത നിലനിൽക്കെ വെള്ളം പൂർണമായി വറ്റിക്കുക എന്ന മാർഗ്ഗവും പ്രായോഗികമല്ല.  വെള്ളം പൂർണ്ണമായും താഴുന്നത് കാത്തിരിക്കുന്നത് അപകടരമാണ്. ഇതിന് മൂന്നു മുതൽ നാലു മാസം വരെ സമയം വേണ്ടിവന്നേക്കും. എന്നാൽ ഇവർ ആരോഗ്യമുള്ളവരായി നീന്തൽ പഠിച്ചാൽ അതിനു മുൻപേ പുറത്തെത്തിക്കാൻ സാധിച്ചേക്കും. കുട്ടികളിൽ ചിലർക്ക് നീന്തലറിയാം. അവരെയാകും ആദ്യം പുറത്തെത്തിക്കുക. 

പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ലോകം. തങ്ങളുടെ കുട്ടികൾ ഉടൻ പുറത്തെത്തുമെന്ന പ്രതീക്ഷയിൽ ആശ്വാസം കണ്ടെത്തുകയാണ് കുടുംബാംഗങ്ങളും. 

MORE IN WORLD
SHOW MORE