കുടിയേറ്റനയം: ട്രംപിനെ കല്ലെറിഞ്ഞ് അമേരിക്ക, ഭിന്നനിലപാടില്‍ യൂറോപ്പും

trump
SHARE

അഭയാര്‍ഥി പ്രവാഹവും അനധികൃത കുടിയേറ്റവും പാശാചാത്യലോകത്ത് ചൂടേറിയ ചര്‍ച്ചയായ വാരമാണ് കടന്നുപോകുന്നത്. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നയത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളിക്കത്തി. മെക്സിക്കോ അതിര്‍ത്തിയില്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ കുഞ്ഞുങ്ങളെ അടിയന്തരമായി കുടംുബത്തിന് വിട്ടുനല്‍കണം എന്നാവശ്യപ്പെട്ട് നിരത്തിലിറങ്ങിയവരില്‍ ട്രംപിന്‍റെ അനുയായികളായ ക്രിസ്ത്യന്‍ പുരോഹിതന്‍മാരും ഉള്‍പ്പെടുന്നു. എന്നാല്‍ കുടിയേറ്റവിരോധത്തിന് കയ്യടിയുമായി സുപ്രീംകോടതി ഉത്തരവെത്തിയത് പ്രസിഡന്‍റിന് ആശ്വാസമായി.

നാണക്കേട്, ഇത് അമേരിക്കയല്ല, മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന എന്‍റെ രാജ്യത്തിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു. വാഷിങ്ടണ്‍, ന്യൂയോര്‍ക്ക് ,ഷിക്കാഗോ,രാജ്യത്തെ പ്രധാനനഗരവീഥികളെല്ലാം പ്രതിഷേധക്കാര്‍ കയ്യടക്കി. വെള്ള വസ്ത്രമണിഞ്ഞവര്‍   വൈറ്റ് ഹൗസിനു മുന്നിലും കാപ്പിറ്റോളിലും പ്രതിഷേധത്തിര ഉയര്‍ത്തി. മെയ്ക്ക് അമേരിക്ക ഹ്യൂമന്‍ എഗൈന്‍ എന്നെഴുതിയ പ്ലക്കാര്‍ഡ്ുകളുമായി പതിനായിരങ്ങള്‍ ബ്രൂക്്ലിന്‍ പാലത്തില്‍ നിറഞ്ഞു.ലൊസ് ഏഞ്ചല്‍സിലെത്തിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിനെ കാത്തിരുന്നത് ഇവാഞ്ചലിക്കന്‍ പുരോഹിതന്‍മാരടക്കമുള്ളവരുടെ പ്രതിഷേധങ്ങളായിരുന്നു. പ്രസിഡന്‍റിന്റെ ഉപദേശകനും കുടിയേറ്റവിരോധിയുമായ  സ്റ്റീഫന്‍ മില്ലരുടെ വീടിനുമുന്നിലും പ്രതിഷേധമുദ്രാവാക്യങ്ങളുയര്‍ന്നു.   മാതാപിതാക്കളില്‌ നിന്ന് വേര്‍പെട്ടുകഴിയുന്ന രണ്ടായിരത്തിലധികം കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്ത് പലരും വികാരാധീനരായി. ട്രംപ് വിരോധികളായ ഹോളിവുഡും പ്രതിഷേധത്തില്‍ കൈകോര്‍ത്തു. കുഞ്ഞുങ്ങളെ കൂട്ടിലയട്ക്കുന്ന രീതി  അമേരിക്കയ്ക്ക് ആവശ്യമില്ലെന്ന് ചലച്ചിത്രലോകം വിളിച്ചുപറഞ്ഞു. 

സെനറ്റ് ഒാഫീസ് കെട്ടിടം വളഞ്ഞ പ്രമീള ജയപാല്‍ എം.പിയും അഞ്ഞൂറിലധികം സ്ത്രീകളും അറസ്റ്റിലായി. ഒരു മനുഷ്യനും അനുഭവിക്കാന്‍ പാടില്ലാത്ത ദുരിതത്തിലൂടെയാണ് മെക്സിക്കന്‍ അതിര്‍ത്തിയിലെ താല്‍ക്കാലിക എഷെല്‍ട്ടറുകളില്‍ പാര്‍പ്പിച്ചിട്ടുള്ള കുഞ്ഞുങ്ങള്‍ കടന്നുപോകുന്നതെന്ന് പ്രമീള കുറ്റപ്പെടുത്തി. .പ്രസിഡന്‍റിനോട് വിയോജിപ്പുള്ള പ്രഥമവനിത മെലാനിയ ട്രംപ് അതിര്‍ത്തി സംസ്ഥാനത്തെത്തി കുട്ടികളുടെ ക്ഷേമം ഉറപ്പുവരുത്തി.  പിടിച്ചെടുത്ത കുഞ്ഞുങ്ങളെ മുപ്പതുദിവസത്തിനുള്ളില്‍ മാതാപിതാക്കളെ തിരികെ ഏല്‍പ്പിക്കണമെന്ന് ഫെഡറല്‍ ജഡ്ജ്  സാന്‍ ഡിയേഗോ ഉത്തരവിട്ടു. പക്ഷെ 2,300 കുഞ്ഞുങ്ങളെ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ മാതാപിതാക്കളെ ഏല്‍പ്പിക്കല്‍ അപ്രായോഗികമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.  കുട്ടികളെ പിടിച്ചെടുത്ത ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സി  അഥവാ ICE പിരിച്ചുവിടണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവശ്യം. 

പക്ഷെ ഈ പ്രതിഷേധങ്ങള്‍ക്കൊന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്‍റിനെ ഇളക്കാനായില്ല. രാജ്യസുരക്ഷയെ കരുതിയാണ് തന്‍റെ നിലപടാുകളെന്ന് ആവര്‍ത്തിച്ച അദ്ദേഹം പ്രതിഷേധങ്ങള്‍ ഡമോക്രാറ്റുകളുടെ രാഷ്ട്രീയ അജന്‍ഡയുടെ ഫലമായാണെന്ന് കുറ്റപ്പെടുത്തി. ആഭ്യന്തരസുരക്ഷയെ തര്‍ക്കും വിധം ഐസിഇ പിരിച്ചുവിടണമെന്നാവശ്യപ്പെടുന്ന ഡെമോക്രാറ്റുകള്‍ക്ക് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കട്ടെയെന്ന് പ്രസിഡന്‍റ് പറഞ്ഞു. എന്നാല്‍   അമേരിക്കയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ ഉത്തരവാദികള്‍  ഭൂരിഭാഗവും  കുടിയേറ്റക്കാരാണെന്ന പ്രസിഡന്‍റിന്‍റെ വാദം പച്ചക്കള്ളമാണന്ന് കണക്കുകള്‍ ഉദ്ധരിച്ച് സാമൂഹ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുന്നു എന്നാണെങ്കില്‍, സ്വദേശികള്‍ ചെയ്യാന്‍ മടിക്കുന്ന ജോലികളാണ് നല്ല ശതമാനം കുടിയേറ്റക്കാരും സ്വീകരിക്കുന്നത്

ഉത്തരവ് തിരുത്തിയെങ്കിലും കുട്ടികളെ വേര്‍പിരിക്കുന്നതില്‍ തെറ്റില്ലെന്നു തന്നെയാണ് അമേരിക്കന്‍ ഭരണകൂടം ഇപ്പോഴും കരുതുന്നത്. MIKE PENCE അനധികൃത കുടിയേറ്റം നിയന്ത്രിക്കണമെന്ന സര്‍ക്കാര്‍വാദം ശരിയാണ്. മധ്യ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ചിലര്‍ അമേരിക്കയില്‍ അഭയം കിട്ടാന്‍മാത്രം അകന്ന ബന്ധത്തില്‍ പെട്ട് കുഞ്ഞുങ്ങളെപ്പോലും കൊണ്ടുവരാറുമുണ്ട്. പക്ഷേ ആട്ടിയോടിക്കുന്ന കുഞ്ഞുങ്ങള്‍ ചെന്നുപെടുന്ന അപകടങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്നത് ബാലാവകാശ നിഷേധമാണ്. ഇങ്ങനെ മടങ്ങിപ്പോവാന്‍ ശ്രമിച്ച നിരവധി കുട്ടികള്‍ മയക്കുമരുന്നു മാഫിയയുടെ കയ്യില്‍പ്പെട്ടു, ക്രൂരമായ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയായി. മനുഷ്യജീവന് അമേരിക്ക പുല്ലുവില കല്‍പിക്കുന്നു എന്നതിന്‍റെ തെളിവാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് വര്‍ഷാവര്‍ഷം   മരിച്ചുവീഴുന്ന ആയിരക്കണക്കിന് മനുഷ്യര്‍. മൃഗങ്ങളെയെന്നപോലെ ചാക്കില്‍ക്കെട്ടി അതിര്‍ത്തിയില്‍ കുഴിച്ചിടപ്പെടുന്നവര്‍.   രാജ്യസ്നേഹം , അതാണ് ഡോണള്‍ഡ്   ട്രംപിന്‍റെ തുറുപ്പു ചീട്ട്. 

രാജ്യമെന്നാല്‍  വെളുത്തവര്‍ഗക്കാരായ  അമേരിക്കന്‍ പൗരന്‍മാര്‍ മാത്രമുള്ള രാജ്യം. കറുത്തവരും  മുസ്ലിങ്ങളുമെല്ലാം കൊള്ളക്കാരും തീവ്രവാദികളും . ഇതാണ് ലോകത്തിലെ ഏറ്റവും കരുത്തുറ്റ ജനാധിപത്യ രാജ്യത്തിന്‍റെ തലവന്‍റെ നിലപാട്. ഇതേ ദേശസ്നേഹവും സംരക്ഷണവാദവുമുയര്‍ത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പില്‍ ജയിച്ചതും. പക്ഷേ അനധികൃത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങളെ പിടിച്ചെടുത്ത നടപടി പ്രസിഡന്‍റിന് തിരിച്ചടി നല്‍കും എന്നാണ് ആ രാജ്യത്തെ പ്രതിഷേധങ്ങള്‍ സൂചിപ്പിക്കുന്നത്. കുടിയേറ്റത്തോട് മുഖംതിരിച്ചുനിന്ന സാധാരണ്കകാര്‍ പോലും മനുഷ്യത്വരഹിതമായ പുതിയ നയത്തിന് എതിരായി. പ്യൂ  റിസര്‍ച്ച് സര്‍വെ പ്രകാരം കുടിയേറ്റത്തെ അനുകൂലിക്കുന്ന സാധാരണക്കാരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിച്ചു. ഇവരാരും തന്നെ അതിര്‍ത്തി അനിയന്ത്രിതമായി തുറന്നിടണമെന്ന് ആഗ്രഹിക്കുന്നവരല്ല. പക്ഷെ മനുഷ്യാവകാശങ്ങളെ മാനിക്കണമെന്ന പക്ഷക്കാരാണ്. എന്നാല്‍ ട്രംപിന്‍റെ മുസ്ലീം വിരോധത്തിന് കുടപിടിക്കുന്നതായി  പുതിയസുപ്രീംകോടതി ഉത്തരവ്.  5 മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയാണ് സുപ്രീംകോടതി ശരിവച്ചത്. രാജ്യസുരക്ഷയെന്ന സര്‍ക്കാരിന്‍റെ ആശങ്കയില്‍ കഴമ്പുണ്ടെന്ന്  അ‍ഞ്ചംഗ ബഞ്ച് വിലയിരുത്തി. ഏതായാലും റിപ്പബ്ലിക്കന്‍ പ്രസിഡന്‍റിന്‍റെ നയങ്ങളുടെ ശരിയായ വിലയിരുത്തല്‍ നടക്കാന്‍ പോകുന്നത് നവംബറിലാണ്. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ജനം പറയും ട്രംപ് ശരിയോ തെറ്റോ എന്ന്. 

കുടിയേറ്റം തന്നെയായിരുന്നു യൂറോപ്പിലും ചര്‍ച്ചാവിഷയം. മധ്യപൂര്‍വേദേശത്തെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് മെഡിറ്ററേനിയന്‍ കടന്നെട്ടുന്ന അഭയാര്‍ഥികളെച്ചൊല്ലി ഇയു അംഗരാജ്യങ്ങളില്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നത പരിഹരിക്കാനായിരുന്നു ശ്രമം. ബ്രസല്‍സില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ ധാരണയിലെത്തിയെങ്കിലും പല കാര്യങ്ങളിലും അവ്യക്തത അവശേഷിക്കുകയാണ്.

2015ല്‍ ശക്തമായ അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ പിടിച്ചുകുലുക്കിയപ്പോള്‍ അവര്‍ക്കായി വാതില്‍ തുറക്കൂ എന്ന് ആദ്യം പറഞ്ഞത് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ്. പക്ഷേ വേലിയില്‍ കിടന്ന പാമ്പിനെ തോളില്‍ വച്ചതുപോലെയായി മെര്‍ക്കലിന് പിന്നീടാ തീരുമാനം. പത്തു ലക്ഷം കുടിയേറ്റക്കാർക്ക് ജർമനി അഭയം പ്രഖ്യാപിച്ചതോടെ  രാജ്യത്ത് മെര്‍ക്കലിന്‍റെ ജനപ്രീതി ഇടിഞ്ഞു. സ്വദേശികളുടെ ആശങ്കകളും അമർഷവും  കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍‌ ജര്‍മനിയുടെ ഉരുക്കുവനിതയെ മുള്‍മുനയില്‍ നിര്‍ത്തി. കുടിയേറ്റ നയത്തില്‍ പൊളിച്ചെഴുത്തിന് അവര്‍ നിര്‍ബന്ധിതരായി. അഭയാര്‍ഥികളുടെ ആദ്യ കവാടമായ ഇറ്റലിയില്‍ തീവ്രവലുതപക്ഷം അധികാരത്തിലേറിയതോടെ അഭയാര്‍ഥി നിയന്ത്രണത്തിനായുള്ള മുറവിളിക്ക് ആക്കമേറി. കടല്‍ കടന്നെത്തുന്നവരെയെല്ലാം തനിച്ച് ചുമക്കാനാവില്ലെന്നതായിരുന്നു ഇറ്റലിയുടെ വാദം. ബ്രസല്‍സ് ചര്‍ച്ചയൊക്കാടുവില്‍ സംയുക്ത അഭയാര്‍ഥി കേന്ദങ്ങള്‍ തുറക്കാമെന്ന് അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി. പക്ഷേ ഏതെല്ലാം രാജ്യങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ പണിയുക എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. 

ഫ്രാന്‍സില്‍ അല്ല കുടിയേറ്റക്കാര്‍ ആദ്യമെത്തുന്നത് എന്നതുകൊണ്ട് തന്‍റെ രാജ്യത്ത് അഭയാര്‍ഥി കേന്ദ്രങ്ങവ്‍ പറ്റില്ലെന്ന് ഇമ്മാനുവല്‍ മക്രോ ആദ്യമേ പറഞ്ഞൊഴിഞ്ഞു. എന്നാല്‍ യൂറോപ്പിന്‍റെ ഐക്യം മാനിക്കുന്നെങ്കില്‍ എല്ലാ രാജ്യങ്ങളും അഭയാര്‍ഥി കേന്ദ്രങ്ങള്‍ പണിയാന്‍ തയാറായേ മതിയാവൂ എന്ന് ഇറ്റലി ശക്തിയുക്തം വാദിച്ചു. രജിസ്ടര്‍ ചെയ്യുന്ന രാജ്യത്തു നിന്ന് മറ്റ് രാജ്യങ്ങളിലേക്കുള്ള അഭയാര്‍ഥികളുടെ പോക്ക് തടയണമെന്നതായിരുന്നു ജര്‍മനിയുടെ ആവശ്യം. അക്കാര്യത്തില്‍ ആഭ്യന്തര നിയമനിര്‍മാണം എന്ന തന്‍റെ ആശയം അംഗരാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ മെര്‍ക്കലിനായി.  എന്നാല്‍ ജര്‍മനിയിലെ അവരുടെ സഖ്യകക്ഷികള്‍ ഇതുകൊണ്ടൊന്നും തൃപ്തരല്ല. അതിനിടെ,  തങ്ങളുടെ രാജ്യത്ത് രജിസ്ടര്‍ ചെയ്ത ശേഷം ജര്‍മനിയിലേക്ക് പോയ അഭയാര്‍ഥികളെ തിരിച്ചെടുക്കാാന്‍ തയാറാണെന്ന  സ്പെയിനിന്‍റെയും ഗ്രീസിന്‍റെയും നിലപാടിന്  ഇറ്റലി  തുരങ്കംവയ്ക്കുകയും ചെയ്തു. 

തിങ്ങിനിറഞ്ഞ ഗ്രീസിലെ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരെ തുല്യമായി വീതിച്ചെടുക്കാമെന്ന നിര്‍ദേശത്തോടും നല്ല ശതമാനം അംഗരാജ്യങ്ങളും വിയോജിച്ചു. ഈ വര്‍ഷം ജൂണ്‍ വരെ 56,000 അഭയാര്‍ഥികളാണ് യൂറോപ്പിലെത്തിയത്. നൂറുകണക്കിന് അഭയാര്‍ഥികല്‍ ഇപ്പോഴും മെഡിറ്ററേനിയനില്‍ മുങ്ങിമരിക്കുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപെടുത്തുന്ന മനുഷ്യരെ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ തയാറാവാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അഭയാര്‍ഥി കപ്പലുകളെ തിരിച്ചയക്കാന്‍ തുറമുഖങ്ങള്‍ അടച്ചിടുെന്നു പോലും ഇറ്റലി ഭീഷണിപ്പെടുത്തുന്നു. ബ്രസല്‍സ് ചര്‍ച്ചകളില്‍ തര്‍ക്ക പരിഹാരമല്ല , മറിച്ച് വലിയ തര്‍ക്കങ്ങളുടെ തുടക്കമാണുണ്ടായതെന്ന് വ്യക്തം. അംഗരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന സംരക്ഷണവാദവും ബ്രെക്സിറ്റ് നല്‍കിയ പാഠവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ അഭയാര്‍ഥിപ്രശ്നം യൂറോപ്പിന് ഏറെക്കാലം തലവേദനായാവുമെന്നാണ് സൂചന. 

MORE IN WORLD
SHOW MORE