പട്ടാളം പീഡിപ്പിച്ചത് മരത്തില്‍ കെട്ടിയിട്ട്; ഉള്ളുപൊള്ളിച്ച് ഈ റോഹിന്‍ഗ്യന്‍ സ്ത്രീയുടെ കഥ: വിഡിയോ

rohingya
SHARE

''ഓടി രക്ഷപെടാനാകും മുൻപ് പട്ടാളക്കാര്‍ എന്നെ പിടികൂടി. ദിവസങ്ങളോളം തടവിലായിരുന്നു. അവർ ആവർത്തിച്ച് എന്നെ ബലാത്സംഗം ചെയ്തു. മരത്തിൽ കെട്ടിയിട്ട ശേഷമാണ് പോയത്. കരഞ്ഞുതളർന്ന എന്നെ രക്ഷിച്ചത് റോഹിന്‍ഗ്യന്‍ അഭയാർത്ഥി സംഘമാണ്'', പറയുന്നത് മ്യാന്‍മർ പട്ടാളത്തിൻറെ ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയാണ്. റോഹിന്‍ഗ്യന്‍  അഭയാർഥി സ്ത്രീകളെക്കുറിച്ച് ബിബിസി പുറത്തിറക്കിയ വിഡിയോയിലാണ് അകം പൊള്ളിക്കുന്ന കഥ. 

അഭയാർത്ഥികൾ പെൺകുട്ടിയെ ബംഗ്ലാദേശിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചാണ് ഗർഭിണിയാണെന്ന് അറിയുന്നത്. ഗർഭം അലസിപ്പിക്കാൻ പലരും നിര്‍ബന്ധിച്ചു, എന്നാൽ പെൺകുട്ടി തയ്യാറായില്ല. അത് പാപമാണെന്നാണ് അവൾ കരുതുന്നത്. ഇപ്പോൾ കുഞ്ഞിന് ഒരാഴ്ച പ്രായം. പ്രായമായ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് ഇവർക്ക് കൂട്ട്. മാതാപിതാക്കളെക്കുറിച്ച് വിവരമൊന്നുമില്ല. 

''കു‍ഞ്ഞിനെ ഉപേക്ഷിക്കണമെന്ന് പലരും പറഞ്ഞു. എന്നാൽ എൻറെ കുട്ടി അല്ലാഹുവിൻറെ നിശ്ചയമാണ്'', കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പെൺകുട്ടി പറയുന്നു.  

അഭയാർത്ഥി സംഘത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വരെ സൈന്യത്തിൻറെ ക്രൂരപീഡനത്തിന് ഇരകളാകുകയാണ്, അതിൽ പലരും ഗര്‍ഭിണികളാകുന്നു. മ‍ൃഗീയ പീഡനത്തിൻറെ പല കഥകളും പുറംലോകം അറിയുന്നില്ല. സംഘര്‍ഷഭൂമിയിലെ അവരുടെ ദുരന്തകഥയാണ് ബിബിസി തയ്യാറാക്കിയ വിഡിയോയിൽ. ഡാന്‍ ജോണ്‍സണ്‍, സഞ്ജയ് ഗാംഗുലി, പ്രതീക്ഷ ചില്‍ദിയാല്‍ എന്നിവര്‍ ചേർന്നാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

MORE IN WORLD
SHOW MORE