അവര്‍ ചരിത്രത്തിലേക്ക് വാഹനമോടിച്ചു; സൗദിയിലെ പെണ്‍ചിരി

lk-saudi-driving-t
SHARE

ചരിത്രത്തിലേക്ക് വാഹനമോടിച്ചു കയറി സൗദി വനിതകള്‍. സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ അനുവാദം നല്‍കുന്ന നിയമം യാഥാര്‍ഥ്യമായി. വനിതാവിമോചന പ്രവര്‍ത്തകരുടെ വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ജയം കണ്ടത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ വിഷന്‍ 200ന്‍റെ ഭാഗമാണ് പുതിയ നിയമനിര്‍മാണം.

പെണ്‍കൈകളിലെ അവസാന വിലക്കും അഴിഞ്ഞു വീണു. ലോകത്തില്‍ ഒരു രാജ്യത്തും ഇനി സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കില്ല. റിയാദിലെയും ജിദ്ദയിലെയും നിരത്തുകളില്‍ അവര്‍ സ്വാതന്ത്ര്യം ആഘോഷിച്ചു. ആത്മവിശ്വാസത്തോടെ കാറോടിച്ച സ്ത്രീകളെ നോക്കി പുരുഷന്‍മാരും കയ്യടിച്ചു. സമൂഹമാധ്യമങ്ങള്‍ വനിതകള്‍ കാറോടിക്കുന്നതിന്‍റെ ചിത്രങ്ങള്‍കൊണ്ടു നിറഞ്ഞു. പെണ്‍മക്കളും ഭാര്യയുമൊക്കെ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച പുരുഷന്‍മാരും ആ അഭിമാന മുഹൂര്‍ത്തത്തില്‍ പങ്കാളികളായി.പത്തു സ്ത്രീകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലൈസന്‍സ് നല്‍കിയത്. വിദേശത്തുനിന്ന് ലൈസന്‍സ് എടുത്തവര്‍ക്കാണ്  സൗദി ലൈസന്‍സ് നല്‍കിയത്. 2000 പേര്‍ക്കുകൂടി ഉടന്‍ ലൈസന്‍സ് നല്‍കും. 

മതശാസനകളുടെ ഇരുമ്പുമറയ്ക്കുള്ളില്‍ സ്ത്രീകളെ തളച്ചിടുന്ന രാജ്യത്ത് 2005ല്‍ അബ്ദുല്ല രാജാവ് അധികാരമേറ്റശേഷമാണ് ചെറിയ മാറ്റങ്ങള്‍ വന്നു തുടങ്ങിയത്. രാജ്യത്തിന്റെ പരമോന്നത ഉപദേശക സമിതിയായ ശൂറയില്‍ 30 ശതമാനം സ്ത്രീകളെ ഉള്‍പ്പെടുത്തിയതായിരുന്നു തുടക്കം.2009ൽ  നൂറ ബിൻത് അബ്‌ദുല്ല അൽ നാസറിനെ വിദ്യാഭ്യാസ ഉപമന്ത്രിയായി നിയമിച്ചു. സമസ്‌തമേഖലകളിലും സ്്ത്രീ പാതിനിധ്യം ഉറപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു.  വനിതാ വോട്ടവകാശം അനുവദിച്ചതും 2015 മുതൽ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുമതി നൽകിയതും സ്ത്രീകളുടെ അവകാശങ്ങളോടുള്ള മാറുന്ന സമീപനത്തിന്‍റെ തെളിവായിരുന്നു. സൗദിയുടെ സാമൂഹിക അന്തരീക്ഷത്തിൽ വരുന്ന നിർണായക മാറ്റമാണു ഇത് സൂചിപ്പിച്ചത്.

സദാചാര സമിതിയായ ഹയയിലും, മക്കയിലെയും മദീനയിലെയും സുരക്ഷാ സേനയിലും വനിതകളെ ഉൾപ്പെടുത്തിയതും ശ്രദ്ധേയ മുന്നേറ്റങ്ങൾ. വനിതകൾക്കു കോടതിയിൽ സ്വതന്ത്രമായി കേസ് വാദിക്കാനും അനുവാദം കൊടുത്തത് സ്ത്രീ മുന്നേറ്റത്തിലെ മറ്റൊരു തിളക്കമേറിയ അധ്യായമായിരുന്നു.  ലണ്ടന്‍ ഒളിംപിക്സിലേക്കുള്ള സൗദി വനിതാ അത്്ലീറ്റുകളുടെ വരവിനെ ലോകം കയ്യടിയോടെ സ്വീകരിച്ചു. HOLD പക്ഷേ ഡ്രൈവിങ് മാത്രം അപ്പോഴും സ്ത്രീകള്‍ക്ക് കിട്ടാകനിയായി തുടര്‍ന്നു. സ്വന്തമായി ബിസിനസ് ചെയ്യാന്‍ അനുമതി ലഭിച്ചിട്ടും സ്വകാര്യമേഖലയിലടക്കം തൊഴിലിടങ്ങളിലെ പങ്കാളിത്തം വര്‍ധിച്ചിട്ടും യാത്ര ചെയ്യാന്‍ പുരുഷന്‍റെ സഹായം കാത്തിരിക്കേണ്ടി വന്നു സൗദിവനിതകള്‍ക്ക്. പലതവണ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തെങ്കിലും വോട്ടിനിട്ട് തള്ളി. സഹികെട്ട വനിതാവിമോചന പ്രവര്‍ത്തകര്‍ പ്രതിഷേധം കടുപ്പിച്ചു. 

മനാല്‍ അല്‍ ഷറീഫ് ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ നാളുകള്‍ നീണ്ട അധ്വാനത്തിന്‍റെ ഫലമാണ് പുതിയ അവകാശനേട്ടം. 2011ല്‍ വാഹനമോടിക്കുന്ന ദൃശ്യം യുട്യൂബിലിട്ട മനാലിന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പലര്‍ക്കും തൊഴില്‍ നഷ്ടമായി. ചിലരെങ്കിലും വീടിനു പുറത്തായി. സ്ത്രീകളെ വാഹമോടിക്കാന്‍ അനുവദിച്ചാല്‍ പീഡനങ്ങളും അനുഭവിക്കേണ്ടി വരുമെന്ന് തീവ്രനിലപാടുകാര്‍ വെല്ലുവിളിച്ചു.മനാല്‍ മാത്രമല്ല 2014ല്‍ ലൗജാന്‍ ഹത്തൂല്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ വാഹനമോടിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. എന്തുകൊണ്ട് സ്ത്രീകള്‍ വാഹനമോടിച്ചു കൂട? സൗദി മത പണ്ഡിതരുടെ വാദങ്ങള്‍ ഇങ്ങനെ. വാഹനമോടിക്കുന്നത് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ രോഗങ്ങള്‍ ഉണ്ടാക്കുകയും പ്രത്യുത്പ്പാദനശേഷിയെ ബാധിക്കുകയും ചെയ്യും. മറ്റൊരാള്‍ ഒാടിക്കുന്ന വാഹനത്തില്‍ യാത്ര ചെയ്താല്‍ ഗര്‍ഭാശയം സുരക്ഷിതമാണോ എന്ന ചോദ്യത്തിന് മത പുരോഹിതരുടെ മുന്നില്‍ പ്രസക്തിയില്ലായിരുന്നു.

പാശ്ചാത്യ ചിന്തകള്‍ അടിച്ചേല്‍പ്പിച്ച് സൗദി സംസ്കാരത്തെ തകര്‍ക്കാനുള്ള നീക്കമായാണ് മറ്റു ചിലര്‍ വാഹമോടിക്കാനുള്ള അവകാശപോരാട്ടത്തെ കണ്ടത്. പക്ഷേ കാലഹരണപ്പെട്ട ഈ വാദങ്ങള്‍ക്കെതിരെ രാജ്യത്ത് വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറി. സമൂഹ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതോടെ സദാചാര പൊലീസിന്‍റെ പത്തി മടങ്ങി. വിദേശവിദ്യാഭ്യാസം നേടിയ ചെറുപ്പക്കാര്‍ പെണ്‍വിലക്കിനെ കണക്കറ്റ്  പരിഹസിച്ചു. സ്ത്രീകളെ വാഹനമോടിക്കാൻ അനുവദിക്കുന്നതിൽ അനുകൂല നിലപാടാണെന്ന സൂചന നൽകി സൗദി ഉപകിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ വാക്കുകൾ പരിഷ്കരണവാദികള്‍ക്ക് പ്രതീക്ഷയേകി. ഒടുവില്‍  കഴിഞ്ഞസെപ്റ്റംബര്‍ 26 ന് സല്‍മാന്‍ രാജാവ് ആ സുപ്രധാന ഉത്തരവില്‍ ഒപ്പുവച്ചു.  

ഇനി മറ്റൊന്നുകൂടി അറിയുക, വാസ്തവത്തില്‍ സൗദി അറേബ്യയിലെ ഒരു ലിഖില നിയമവും സ്ത്രീയെ വാഹനമോടിക്കുന്നതില്‍ നിന്ന്  വിലക്കുന്നില്ല. ശരിയ നിയമത്തിന്‍റെ മറവില്‍ പുരുഷകേന്ദ്രീകൃത സമൂഹം സ്വയം തീരുമാനിച്ച് നടപ്പാക്കിയ കാടന്‍ രീതി മാത്രം.  

വാഹനമോടിക്കാനുള്ള അനുമതി സൗദി അറേബ്യയിലെ സ്ത്രീകള്‍ കൈവരിച്ച വലിയ നേട്ടം തന്നെയാണ്. പക്ഷേ ആധുനിക ലോകത്തിന്‍റെ ഭാഗമാകാന്‍ സ്ത്രീ സമത്വവിഷയത്തില്‍ ഇനിയുമേറെ മുന്നേറേണ്ടിയിരിക്കുന്നു സൗദി. സ്ത്രീകളുടെ തലച്ചോറ് പുരുഷന്‍മാരുേടതിനെക്കാള്‍ ചെറുതെന്ന് സര്‍ക്കാര്‍ സ്കൂളുകള്‍ പോലും പഠിപ്പിച്ച രാജ്യത്തിന് സ്ത്രീകള്‍ തുല്യരാണ് എന്ന നിലയിലേക്ക് പൊതുസമൂഹത്തിന്‍റെ ബൗദ്ധിക നിലവാരമുയര്‍ത്തല്‍ ഏറെ ശ്രമകരം തന്നെയാണ്. രാജകുടുംബത്തിലെ ഇളമുറക്കാര്‍ സാമൂഹ്യപരിഷ്ക്കരണത്തിനുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തുമെന്ന് കരുതാം.

സ്ത്രീകള്‍ മുഖ്യധാരയിലേക്ക് വരേണ്ടത് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് കിരീടാവകാശി തിരിച്ചറിയുന്നു. പക്ഷെ ഈ ചിന്ത ആ രാജ്യത്തെ എത്ര ശതമാനം ജനങ്ങള്‍ക്കുണ്ട് ? പെണ്‍ശബ്ദം പുരയ്ക്ക് പുറത്ത് കേള്‍ക്കുന്നത് അപമാനമെന്ന് കരുതുന്ന പാരമ്പര്യവാദികള്‍ എന്നാണ് രാജകുമാരന്‍റെ ചിന്തകള്‍ക്കൊപ്പം നില്‍ക്കുക ? ജനിച്ചുവീണപ്പോള്‍ മുതല്‍ തങ്ങള്‍ രണ്ടാംകിട പൗരന്‍മാരാണെന്ന വിശ്വാസത്തില്‍ ജീവിച്ച സ്ത്രീകള്‍ക്ക് വളരെ പെട്ടന്ന് ഈ അംഗീകാരം ഉള്‍ക്കൊള്ളാനാവുമോ ? ബുദ്ധിമുട്ടാണെന്ന് തെളിയിക്കുന്നതാണ് വാഹനമൊടിക്കാനുള്ള അനുവാദം ലഭിച്ച ശേഷവും മടിച്ചു നില്‍ക്കുന്ന സ്ത്രീകളും അനുമതി നല്‍കാത്ത കുടുംബങ്ങളും. പെണ്ണായി പിറന്നാല്‍ മിഠായി പോലെ പൊതിഞ്ഞുവച്ച് സൂക്ഷിക്കണെമെന്നാണ് പൊതുവിദ്യാലയങ്ങള്‍ പോലും പഠിപ്പിക്കുന്നത്. പുരുഷസംരക്ഷണത്തിലന്‍റെ വലയത്തിലല്ലാതെ ജീവിതം പാടില്ല. 

അപരിചതനോട് സംസാരിച്ചാല്‍ കുടുംബത്തിനാകെ അപമാനം. വാഹനമോടിക്കുന്ന ഒരു സ്ത്രീയെ കാത്ത് വലിയ അപടകങ്ങള്‍ പതിയിരിക്കുന്നെന്നാണ് സമ്പന്ന കുടുംബങ്ങള്‍ പോലും കരുതുന്നത്. ഏതെങ്കിലും സാഹചര്യത്തില്‌ പൊലീസ് പിടിച്ചാല്‍ മാനഭംഗം ചെയ്തുകളയും എന്നുവരെ പറയുന്നവരുണ്ട് ഇപ്പോഴും. സ്ത്രീയുടെ അധികാരിയാണ് പുരുഷനെന്നും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവന് ദൈവികമായി ലഭിച്ചതാണെന്നും പഠിപ്പിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ആശങ്കകള്‍ സ്വാഭാവികമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോഴം ഡ്രൈവിങ് എന്നത് അപ്രാപ്യമായ സ്വപ്നമാണ്.  നിത്യവൃത്തിക്ക് പാടുപെടുന്ന  ഒരു സാധാരണ കുടുംബത്തിന് ലൈസന്‍സ് കിട്ടുന്നതിനുള്ള 3000 റിയാല്‍ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ഡ്രൈവിങ് ലൈസന്‍സിനുമപ്പുറം സൗദി സ്ത്രീയുടെ സ്വപ്നങ്ങള്‍ക്ക് നിറംപകരുന്ന മറ്റനവധിങ്ങള്‍ ആ രാജ്യത്ത് വരേണ്ടിയിരിക്കുന്നു. 

1979ലെ ഇറാൻ വിപ്ലവത്തിനു മുൻപു സൗദി, മിതവാദ ഇസ്‍ലാമിന്റെ പാതയിലായിരുന്നു. സ്ത്രീകൾക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. തിയറ്ററുകൾ അടക്കമുള്ള വിനോദോപാധികളും സജീവമായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് പിടിമുറുക്കിയ വഹാബിസം പെണ്‍സ്വപ്നങ്ങളെ ഇരുമ്പുമറയിലടച്ചു. ഇതു തന്നെയാണ് മറ്റ് ഇസ്്ലാമിക രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയെ വ്യത്യസ്തമാക്കുന്നതും. മറ്റ് രാജ്യങ്ങളില്‍ രാഷ്ട്രീയം ബിസിനസ്, സാമൂഹ്യപ്രവര്‍ത്തനം എന്നിങ്ങനെ രാഷ്ട്രനിര്‍മാണത്തിന്‍റെ വ്യത്യസ്തമേഖലകളില്‍‌ സ്ത്രീകള്‍ സജീവസാന്നിധ്യമാണെങ്കിലംു ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സൗദി അറേബ്യ പെണ്‍വിലക്കുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. ഭരണാധികാരിയോട് സമ്പൂര്‍ണ വിധേയത്വമാണ് സൗദി പൗരത്വത്തിന്‍റെ അടിസ്ഥാനം. അവിടെയാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ നിലപാടുകള്‍ പ്രതീക്ഷയേകുന്നത്.  

സൗദി വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന നീളന്‍ കുപ്പായമായ അബായ ധരിക്കണമെന്നു നിര്‍ബന്ധമില്ലെന്നും രാജകുമാര്‍ പറഞ്ഞത് ലോകമെമ്പാടുമുള്ള വനിതാവിമോചന പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് കേട്ടത്. ഇസ്്ലാമിക പാരമ്പര്യങ്ങളിലൂന്നി തന്നെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്‍റെ നിലപാടുകള്‍ വിശദീകരിക്കുന്നതും.

മാന്യവും സഭ്യവുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ശരീഅത്ത് നിയമം അനുശാസിക്കുന്നത്. അത് അബായ ആകണമെന്ന് ഒരിടത്തും നിർദേശിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നത് ഉദാഹരണം. രാജ്യ പുരോഗമനത്തെ തടസ്സപ്പെടുത്തുന്ന, സ്ത്രീ–പുരുഷ വിവേചനം  അവസാനിപ്പിക്കുമെന്ന് കിരീടാവകാശി പറയുന്നു. ലോകത്തെ ദർശനരേഖ 2030 അടിസ്ഥാനമാക്കിയുള്ള സാമൂഹിക, സാമ്പത്തിക പരിഷ്കാരങ്ങളില്‍ സ്ത്രീകള്‍ക്കും മുഖ്യപങ്ക് വഹിക്കാനുണ്ടെന്ന് കരുതുന്നയാളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇസ്്ലാമിക തത്വങ്ങളില്‍ നിന്ന വ്യതിചലിക്കാതെ തന്നെ ഈ സമത്വനീക്കം സാധ്യമാവുമെന്ന് സൗദി ചരിത്രത്തിലെ ഏറ്റവും ചെറുപ്പക്കാരനായ കിരീടാവകാശി പറയുമ്പോള്‍ അത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നു തന്നെ കരുതാം. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.