ചോദ്യങ്ങളുയർത്തി മെലാനിയ ട്രംപിന്റെ കോട്ട്; വൈറ്റ് ഹൗസിന്‍റെ അശ്രദ്ധയോ?

melania
SHARE

ടെക്സസിൽ കുടിയേറ്റക്കാരുടെ കുട്ടികളെ സന്ദർശിക്കാനെത്തിയ മെലാനിയ ട്രംപ് ധരിച്ച കോട്ടില്‍ എഴുതിയ വാചകത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം കത്തുന്നു. പച്ച നീളൻ കോട്ടിന് പിന്നിൽ 'ഞാനിതൊന്നും കാര്യമാക്കുന്നില്ല; നിങ്ങളോ?' എന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ പല കോണുകളിൽ നിന്നും ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയരുകയാണ്. ഇതിന്റെ അർത്ഥം എന്താണ്? ഇത്തരമൊരു അബദ്ധം എങ്ങനെ ഉണ്ടായി? വൈറ്റ് ഹൗസിൽ നിന്നും എത്രപേരെ പുറത്താക്കും? മെലാനിയയെ അനുഗമിച്ചവർ ഈ കോട്ട് ധരിച്ച് അവരെ യാത്രചെയ്യാൻ അനുവദിച്ചത് എന്തിന്? അമേരിക്കൻ ഹാസ്യനടൻ സ്റ്റീഫൻ കോൾബർട്ടിന്റെ ചോദ്യങ്ങളാണിത്. 

മനുഷ്യത്വപരമായ ഒരു പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച മെലാനിയയുടെ കോട്ടിലെ വാചകങ്ങൾ അനൗചിത്യപരമാണെന്നാണ് സാമൂഹിക മാധ്യമങ്ങൃളിൽ നിന്നും ഉയരുന്ന ആരോപണം. സ്വകാര്യതയ്ക്ക് വളരെയധികം വില കൽപ്പിക്കുന്ന പ്രഥമ വനിതയാണ് മെലാനിയയെന്ന് പലപ്പോഴും അവരുടെ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാക്കാര്യങ്ങളും സ്വന്തമായി നോക്കുന്ന അവര്‍ ധരിക്കുന്ന വസ്ത്രങ്ങളും സ്വയം തീരുമാനിക്കുന്നതാണ്. മുന്‍ പ്രഥമ വനിതകളിൽ നിന്നും വ്യത്യസ്തയായി സ്റ്റൈലിസ്റ്റുകളോ വസ്ത്ര ഡിസൈനർമാരോ മെലാനിയയ്ക്കില്ല. അതിനാൽ തന്നെ മെലാനിയ ധരിച്ച കോട്ടിൽ മറ്റാരെയും കുറ്റപ്പെടുത്തനാകില്ല എന്നാണ് അമേരിക്കൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അവര്‍ അത് മനപൂർവ്വം ധരിച്ചതാണെന്നും അതിൽ അവർ ബോധവതിയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ. 

അതേസമയം കോട്ടിലെ വാചകങ്ങൾക്കു പിന്നിൽ ദുരുദ്ദേശ്യമൊന്നുമില്ലെന്ന് മെലാനിയ ട്രംപിന്റെ വക്താവ് പറഞ്ഞു. ടെക്സസിൽ സംരക്ഷണ കേന്ദ്രത്തിൽ എത്തിയ മെലാനിയ കുട്ടികളോടും ജീവനക്കാരോടും സംസാരിച്ചിരുന്നു. തന്‍റെ ഭാര്യയുടെ കോട്ടിലെ വാചകങ്ങള്‍ വ്യാജ വാർത്ത സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. മാധ്യമങ്ങൾ സത്യസന്ധതയില്ലാത്തവരാണെന്ന് മെലാനിയക്ക് മനസ്സിലായെന്നും ട്രംപ് ട്വീറ്റിൽ പറയുന്നു.

യുഎസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച് പിടിയിലാകുന്നവരുടെ കുട്ടികളെ പിടിച്ചെടുത്തു മാറ്റിപ്പാർപ്പിക്കുന്ന ട്രംപിന്റെ സീറോ ടോളറൻസ് നയത്തിനെതിരെ ലോകമെമ്പാടും നിന്ന് കനത്ത പ്രതിഷേധമാണ് ഉയർന്നത്. മെലാനിയയും ട്രംപിന്റെ മകൾ ഇവാൻകയുമടക്കം, ഉത്തരവ് പിൻ‌വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്മർദത്തെത്തുടർന്ന് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവ് പിൻവലിച്ചിരുന്നു

MORE IN WORLD
SHOW MORE